മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രി കോഴിക്കോട് നിന്നും സന്തോഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ട് ഏരിയയിൽ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി കോഴിക്കോട് നിന്നും അറസ്റ്റിൽ. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചു താമസിച്ച പ്രതിയെ 700 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ ജാഗ്വർ ഷോറൂമിലെ ഡ്രൈവറായ സന്തോഷ് എന്നയാളാണ് പിടിയിലായത്.
ഏപ്രിൽ മൂന്ന് വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് യുവതികളിൽ ഒരാളെ പ്രതി കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടികൾ അക്രമിയെ ചെറുക്കാൻ ശ്രമിക്കുന്നതും അയാൾ വന്ന വഴിയെ ഓടി മറയുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പരാതി ലഭിച്ചില്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്തു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ സന്തോഷ് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് കടന്നു. അവിടെ നിന്നാണ് കോഴിക്കോട്ടേയ്ക്ക് എത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രി കോഴിക്കോട് നിന്നും സന്തോഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബെംഗളൂരു പോലെ വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് സാധാരണയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം.