സംഘർഷത്തെ തുടർന്ന് നടപ്പാക്കിയ സായുധ സേനയുടെ പ്രത്യേകാധികാരം പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
മണിപ്പൂരിൽ അഫ്‌സ്‌പ പിൻവലിക്കാൻ ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. സംഘർഷത്തെ തുടർന്ന് നടപ്പാക്കിയ സായുധ സേനയുടെ പ്രത്യേകാധികാരം പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
സെംകായ്, ലംസാങ്, ലാംലായ്, ജിരിബാം, ലെയ്മാകോങ്, മൊറാങ് പൊലീസ് സ്റ്റേഷൻ അധികാരപരിധിയിലുള്ള പ്രദേശങ്ങൾക്കുള്ള അഫ്സ്പ പ്രഖ്യാപനം പുനഃപരിശോധിക്കാനും പിൻവലിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ജിരിബാമിൽ അക്രമത്തിൻ്റെ പുതിയ തരംഗത്തിന് ദിവസങ്ങൾക്ക്, ശേഷം വ്യാഴാഴ്ച (നവംബർ 14) ഈ പ്രദേശങ്ങളിൽ വീണ്ടും അഫ്സ്പ ഏർപ്പെടുത്തിയിരുന്നു. 2023 മെയ് മുതൽ മണിപ്പൂർ വലിയ തോതിൽ വംശീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.
ALSO READ: മണിപ്പൂരിൽ കാണാതായ മൂന്ന് മെയ്തികളുടെ മൃതദേഹം കണ്ടെത്തി; ഇംഫാലിൽ പ്രതിഷേധം രൂക്ഷം
മണിപ്പൂരിൽ ജിരിബാം ജില്ലയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ ആറ് മെയ്തെയ്‌കളിൽ മൂന്ന് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ജിരി നദിക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ കഴിഞ്ഞ നവംബർ 11നാണ് സായുധധാരികൾ ബോരാബക്രയിൽ പൊലീസ് സ്റ്റേഷനും സിആർപിഎഫ് പോസ്റ്റും ആക്രമിച്ചത്. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ ക്യാമ്പ് ആക്രമിച്ച് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തട്ടികൊണ്ട് പോവുകയായിരുന്നു.
ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് കാണാതായത്. കാണാതായവർക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മണിപ്പൂർ അസം അതിർത്തിയിൽ ജിരി നദിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം അസമിലെ കചർ ജില്ലയിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ALSO READ: അശാന്തി പടരുന്ന താഴ്‌വരകൾ; മണിപ്പൂർ സംഘർഷം അമർച്ച ചെയ്യാനാവാത്തത് എന്തുകൊണ്ട്?