ഉടമയെ അറസ്റ്റ് ചെയ്യാത്തതിൽ ഉന്നത ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് ആരോപണം
എറണാകുളം ബ്രോഡ്‌വേയിലെ തുണി വ്യാപാര സ്ഥാപനമായ രാജധാനിയിൽ നിന്ന് കണക്കിൽപ്പെടാത്ത ആറ് കോടിയിലധികം രൂപ പിടിച്ചെടുത്തിട്ടും ഉടമയെ അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപം. ഉടമയെ അറസ്റ്റ് ചെയ്യാത്തതിൽ ഉന്നത ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് ആരോപണം. രാജധാനിയിൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പണത്തിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.
സ്റ്റേറ്റ് ജിഎസ്ടി ഇൻ്റലിജൻസ് & എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം കഴിഞ്ഞ 11-ാം തിയതി എറണാകുളം ബ്രോഡ് വേയിലെ രാജധാനി ടെക്സ്റ്റയിൽസിൽ നടത്തിയ പരിശോധനയിലാണ് ആറ് കോടി 75 ലക്ഷം രൂപ പിടികൂടിയത്. സ്ഥാപനത്തിൻ്റെ മൂന്ന് കടയിലും ഉടമയുടെ വീടുകളിലും നടത്തിയ പരിശോധനയിൽ 6.75 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ഇൻ്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കൃത്യമായ ബില്ലുകൾ ഇല്ലാതെയും കണക്കിൽ രേഖപ്പെടുത്താതെയും വൻതോതിൽ വിൽപ്പന നടത്തിയാണ് നികുതി വെട്ടിപ്പ് നടത്തിയിരുന്നത് എന്ന് വ്യക്തമായി.
ബില്ലില്ലാതെ കൈമാറിയ വസ്ത്രങ്ങൾ, കണക്കുകളിൽ രജിസ്റ്റർ ചെയ്യാതെ നടത്തിയ ഇടപാടുകൾ എന്നിവയും റെയ്ഡിൽ കണ്ടെത്തി.സ്ഥാപനത്തിൻറെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ലഭിച്ച വിവരത്തെ തുടർന്ന് ആണ് പരിശോധന നടന്നിട്ടുള്ളത്. വൻ തോതിൽ കള്ളപ്പണം തിരിമറി നടത്തിയതിന്റെ രേഖകൾ കണ്ടെത്തിയിട്ടും ഉടമയെ പിടികൂടാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അഞ്ച് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ ഉടമയെ അറസ്റ്റ് ചെയ്യണമെന്ന നിയമം നിൽനിൽക്കെ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതിന് പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടെന്നാണ് ആക്ഷേപം.