പീഡനപരാതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആരായാലും നടപടി ഉണ്ടാകുമെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു
നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ ധാർമികമായി രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. നിയമപരമായി രാജിയുടെ ആവശ്യമില്ല. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ മാത്രം രാജിവെച്ചാൽ മതിയെന്നും പി. സതീദേവി പ്രതികരിച്ചു.
മുകേഷ് എംഎൽഎക്ക് എതിരായ പീഡനപരാതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആരായാലും നടപടി ഉണ്ടാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ. അന്വേഷണം നടക്കട്ടെ വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതി പ്രതികരിച്ചു.
മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ലെന്ന് ആലുവ സ്വദേശിയായ നടിയും പ്രതികരിച്ചിരുന്നു. പ്രത്യേക അന്വേഷണം സംഘം കൃത്യമായി ഇടപെട്ടു. ഡിജിറ്റൽ തെളിവുകൾ നിർണായകമായി. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ഭീഷണികൾ നേരിട്ടുവെന്നും ആലുവ സ്വദേശിയായ നടി പ്രതികരിച്ചിരുന്നു.
കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.
താര സംഘടനയായ എ.എം.എം.എയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. മരട് പൊലീസാണ് ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്. 2011ൽ 'നാടകമേ ഉലകം' എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്ഐടിക്ക് മൊഴി നൽകിയത്.