fbwpx
എലപ്പുള്ളി മദ്യക്കമ്പനി വിവാദം: 'മന്ത്രിയുടെ അവകാശവാദം തെറ്റ്'; മദ്യനയം മാറുന്നതിന് മുമ്പ് ഡീൽ ഉറപ്പിച്ചെന്ന് വി.ഡി. സതീശന്‍
logo

ന്യൂസ് ഡെസ്ക്

Posted : 03 Feb, 2025 11:47 AM

ഉന്നതകുലജാതൻ പ്രസ്താവന നടത്തിയ സുരേഷ് ഗോപി ഏത് കാലത്താണ് ജീവിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു

KERALA

വി.‍ഡി. സതീശൻ


എലപ്പുള്ളി മദ്യ നിർമാണ പ്ലാൻ്റിൽ മന്ത്രിയുടെ അവകാശവാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശൻ. സർക്കാരിൻ്റെ ക്ഷണപ്രകാരമാണ് കമ്പനി ആരംഭിക്കുന്നതെന്ന് 2023ൽ കമ്പനി വാട്ടർ അതോറിറ്റിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.

കേന്ദ്ര ഗവൺമെൻ്റിൻ്റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് സർക്കാർ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. 2023 ലാണ് കമ്പനി വാട്ടർ അതോറിറ്റിക്ക് കത്ത് നൽകിയത്. അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി മറുപടി നൽകി. മദ്യനയം മാറുന്നതിന് മുമ്പ് കമ്പനിയുമായി ഡീൽ ഉറപ്പിച്ചുവെന്നും സതീശൻ ആരോപിച്ചു. 2023ൽ കേരളത്തിൽ മദ്യ നിർമാണശാല തുടങ്ങാൻ കമ്പനി ഐഒസിയിലും അപേക്ഷ നൽകിയിരുന്നു. കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. ഡീലിൻ്റെ ഭാഗമായാണ് ഈ നടപടി. മുഖ്യമന്ത്രിയുടെ അനുമതിയോടെ എക്സൈസ് മന്ത്രിയുമായാണ് കമ്പനി ഡീൽ ഉണ്ടാക്കിയതെന്നും വി.‍ഡി. സതീശൻ ആരോപിച്ചു.


Also Read: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ KPCC നേതൃത്വത്തിന് വീഴ്ച; ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂർണ പരാജയമെന്ന് അന്വേഷണ സമിതി റിപ്പോർട്ട്


എലപ്പുള്ളിയിൽ മദ്യനിർമാണശാല ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയത് മദ്യനയ പ്രകാരമാണെന്നായിരുന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വിശദീകരണം. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ നിർമിക്കാൻ അനുമതി നൽകുമെന്നത് മദ്യനയത്തിൽ തന്നെ ഉള്ളതാണ്. അത് അറിഞ്ഞില്ലെങ്കിൽ പ്രതിപക്ഷത്തിന്റെ വീഴ്ചയാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. 2023 നവംബറിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ ലഭിച്ചതെന്നും മന്ത്രി അറിയിച്ചിരുന്നു. 10 ഘട്ട പരിശോധന നടത്തി. മദ്യ നിർമാണശാലയ്ക്ക് ഭൂഗർഭ ജലത്തിന്റെ ആവശ്യം വരുന്നില്ല. തുടക്കത്തിൽ ഫാക്ടറിക്ക് 0.05 ദശലക്ഷം ലിറ്റർ വെള്ളം മാത്രം മതി. 0.5 ദശലക്ഷം ലിറ്റർ വെള്ളമാണ് പൂർണ അർത്ഥത്തിൽ കമ്പനി വന്നാൽ വേണ്ടിവരിക. പാലക്കാട് നഗരത്തിന് ആകെ നൽകുന്നതിൽ 1.1 ശതമാനം മാത്രമാണ് പ്ലാന്റിന് വേണ്ടിവരികയെന്നും മന്ത്രി വ്യക്തമാക്കി.


Also Read: സുരേഷ് ഗോപി രാജവാഴ്ചക്കാലത്ത് മന്ത്രിയാകേണ്ട വ്യക്തി, വെളിപ്പെട്ടത് ചാതുർവർണ്യ മനസ്: മന്ത്രി വി. ശിവൻകുട്ടി


കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ജോർജ് കുര്യൻ്റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകൾ അപക്വമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്നായിരുന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന. 'ഉന്നതകുലജാതൻ' പ്രസ്താവന നടത്തിയ സുരേഷ് ഗോപി ഏത് കാലത്താണ് ജീവിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു. ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുല ജാതർ വഹിക്കണമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയുടെ വിവാദ പ്രസ്താവന. ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതർ മന്ത്രിയാകണം. മുന്നോക്ക വകുപ്പുകളുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരനും മന്ത്രിയാകണമെന്നുമാണ് സുരേഷ് ​ഗോപി പറഞ്ഞത്.

തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ച സംഭവിച്ചെന്ന കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട് പുറത്തുവന്നതിലും വി.ഡി. സതീശൻ പ്രതികരിച്ചു. തൃശൂരിലെ തോൽവിയെ സംബന്ധിച്ച പാർട്ടി റിപ്പോർട്ടല്ല മാധ്യമങ്ങളിൽ വന്നത്. യുഡിഎഫിൽ ഒരു അപസ്വരം പോലും ഇല്ലെന്നും സതീശൻ പറഞ്ഞു. തൃശൂർ ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂർണ പരാജയമാണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, എം.പി. വിൻസന്റ്, അനിൽ അക്കര എന്നിവരുടെ ഭാ​ഗത്ത് നിന്ന് മനപൂർവമായ വാഴ്ചയുണ്ടായതായി തെളിവുകൾ ലഭിച്ചതായും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്.


Also Read: "കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെക്കില്ല"; നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് കലാ രാജു


നടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ മുകേഷ് എംഎൽഎക്കെതിരെ പ്രത്യേക അന്വേഷ സംഘം കുറ്റപത്രം സമർപ്പിച്ചതിൽ നടപടി സിപിഎം സ്വീകരിക്കട്ടേയെന്നായിരുന്നു സതീശന്റെ പ്രതികരണം. കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം. പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. അതേസമയം, പി.വി. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.

KERALA
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ തുടരും; 50 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ
Also Read
user
Share This

Popular

KERALA
KERALA
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ തുടരും; 50 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ