fbwpx
'കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രം സമുദായ ചിന്ത'; മുന്നണികളിൽ ഈഴവർക്കുള്ള അവഗണന പരസ്യമാക്കി വെള്ളാപ്പള്ളി
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Feb, 2025 10:39 AM

എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോ​ഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം

KERALA


മുന്നണികളിൽ ഈഴവർക്കുള്ള അവഗണന പരസ്യമാക്കി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണന. കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് സമുദായ ചിന്തയെന്നുമാണ് വെള്ളാപ്പള്ളിയുടെ വിമർശനം. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോ​ഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം.

സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അവ​ഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കില്‍ അത് ഈഴവരാണ് എന്ന് പറഞ്ഞുകൊണ്ടാണ് യോ​ഗനാദത്തിലെ 'ഈഴവന്‍ കറിവേപ്പിലയോ' എന്ന എഡിറ്റോറിയൽ ആരംഭിക്കുന്നത്. കേരള കൗമുദിക്ക് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ നൽകിയ അഭിമുഖത്തിൽ ഈഴവർ നേരിടുന്ന അവ​ഗണനയെക്കുറിച്ച് നടത്തിയ വിശകലനമാണ് വീണ്ടും ഈ ചർച്ചയിലേക്ക് എത്താൻ കാരണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വിവരവും വിദ്യാഭ്യാസവും യാഥാർഥ്യബോധവുമുള്ള നേതാവാണ് സി.പി. ജോൺ എന്നും കോൺ​ഗ്രസിലെയും കമ്യൂണിസ്റ്റ് പാർട്ടിയിലെയും ബിജെപിയിലെയും ഈഴവ നേതാക്കൾ തുറന്നു പറയാൻ മടിച്ച കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.


Also Read: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ KPCC നേതൃത്വത്തിന് വീഴ്ച; ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂർണ പരാജയമെന്ന് അന്വേഷണ സമിതി റിപ്പോർട്ട്


കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് ഈഴവ സമുദായത്തിൽ നിന്നുള്ള നേതാക്കൾക്ക് സമുദായ ചിന്ത ഉണരുക എന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. എൻഎസ്എസിനും പരോക്ഷ വിമർശനമുണ്ട്. താക്കോൽസ്ഥാനങ്ങളിൽ ഈഴവ പ്രതിനിധികൾ ഇല്ല. മറ്റ് സമുദായകാരുടെ അവസ്ഥ അതല്ല. സ്വന്തക്കാരെ തിരുകിക്കയറ്റി ഇതര സമുദായ അംഗങ്ങളെ വലിച്ചു താഴെ ഇടുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുന്നുവെന്നും യോ​ഗനാദം എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നു. നിലവിൽ സമുദായത്തിന് ഉള്ളത് കെ. ബാബു എന്ന ഒരു എംഎൽഎ മാത്രമാണ്. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ബിജെപിയുടെ അവസ്ഥ അതിലും കഷ്ടമാണെന്നും തമ്മിൽ ഭേദം സിപിഎം ആണെന്നും പറഞ്ഞു.

സിപിഎമ്മിനെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിക്കുന്നുണ്ട്. പിണറായി ഭരിക്കുമ്പോഴും ഈഴവർക്ക് അവഗണനയാണെന്നും തമ്മിൽ ഭേദം സിപിഎം എന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി പറയുന്നു. ജില്ലാ സെക്രട്ടറി തുടങ്ങിയ സംഘടനാതലങ്ങളിൽ പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെങ്കിലും വൈസ് ചാൻസലർ, പിഎസ്‌സി അം​ഗത്വം, എംപിമാരുടെ നോമിനേഷൻ, സർക്കാർ സ്ഥാപനങ്ങളുടെ സാരഥ്യപദവികൾ തുടങ്ങിയ കാര്യങ്ങൾ വരുമ്പോൾ അവരുടെ പിന്നാക്ക അണികളെ മറക്കും എന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ഇടതുപക്ഷത്തിനും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യമാണുള്ളത്. അത് ഭൂരിപക്ഷത്തിനിടയിൽ വലിയ നിരാശയുണ്ടാക്കി. അതാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും വെള്ളാപ്പള്ളി നിരീക്ഷിച്ചു.


Also Read: 'എഡിഎമ്മിന്റെ മരണത്തില്‍ പി.പി. ദിവ്യക്ക് തെറ്റുപറ്റി'; കണ്ണൂര്‍ ജില്ലാ സമ്മേളന മറുപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി


അതേസമയം, എഡിറ്റോറിയലിന്റെ അവസാനത്തോട് അടുക്കുമ്പോൾ മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നേതൃസ്ഥാനത്ത് പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖം സിപിഎമ്മിന് ഇല്ല. കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗം നികത്താൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. കോടിയേരിയുടെ സൗമ്യഭാവവും പിണറായിയുടെ സംഘടനാമികവും പാർട്ടിക്ക് നൽകിയ കരുത്ത് അസാധാരണമായിരുന്നു. ഇന്ന് അത് വേണ്ടത്ര ഉണ്ടോയെന്ന് സംശയമാണ്. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളർത്തിയെടുക്കാൻപാർട്ടിക്ക് കഴിഞ്ഞില്ല. നിലവിലെ സാഹചര്യത്തിൽ പിണറായി അല്ലാതെ മറ്റൊരാളെ അധികാരം ഏൽപ്പിച്ചാൽ അത് ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

KERALA
കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം; ആൺസുഹൃത്ത് കബളിപ്പിച്ചെന്ന് പരാതി
Also Read
user
Share This

Popular

KERALA
KERALA
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ തുടരും; 50 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ