നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ യുഡിഎഫ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു
കൂത്താട്ടുകുളം നഗരസഭയിൽ കൗൺസിൽ യോഗത്തിൽ ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ യുഡിഎഫ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചെയർപേഴ്സൺ തള്ളിയതിന് പിന്നാലെയാണ് യുഡിഎഫ് അംഗങ്ങൾ ബഹളം ആരംഭിച്ചത്. പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്സണിൻ്റേയും വൈസ് പേഴ്സണിൻ്റേയും രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പോർവിളികളും കൗൺസിൽ യോഗത്തിൽ അരങ്ങേറി.
യുഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം വിളിക്കുമ്പോൾ പ്രതിപക്ഷത്തിനൊപ്പം കുത്തിയിരുന്നു കലാ രാജു പ്രതിഷേധമറിയിച്ചു. യുഡിഎഫ് അംഗങ്ങൾക്കൊപ്പം കൗൺസിലിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ കൗൺസിലർ ബോബൻ വർഗീസ് തനിക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ ആരോപിച്ചു. കൗൺസിലിന്റെ മര്യാദയ്ക്ക് ചേർന്നതല്ല ഈ നടപടിയെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വിജയാ ശിവൻ വ്യക്തമാക്കി.