മിഹിറിനോട് വൈസ് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയത് മാനേജ്‌മെന്റിന്റെ അറിവോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
എറണാകുളം തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടര്‍ന്ന് ജീവനൊടുക്കിയ മിഹിര്‍ അഹമ്മദ് നേരത്തെ പഠിച്ചിരുന്ന കാക്കനാട്ടെ ജംസ് സ്‌കൂളിലെ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയത്. വൈസ് പ്രിന്‍സിപ്പാളിനെ വീണ്ടും ചോദ്യം ചെയ്യും. വൈസ് പ്രിന്‍സിപ്പാളിനെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മിഹിറിനെ സ്‌കൂളില്‍ നിന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ മിഹിറിനോട് വൈസ് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയത് മാനേജ്‌മെന്റിന്റെ അറിവോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മിഹിറിനെ ബാസ്‌കറ്റ് ബോള്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതും സകൂള്‍ മാറേണ്ടി വന്നതും കുട്ടിയെ തളര്‍ത്തിയെന്നും കുടുംബം പറയുന്നു.
ജനുവരി 15 നാണ് 26 നിലകളുള്ള ചോയ്‌സ് പാരഡൈസിന്റെ മുകൡ ചാടി 15 വയസുകാരന്‍ മിഹിര്‍ അഹമ്മദ് മരിച്ചത്. സലീം റജീന ദമ്പതികളുടെ മകനാണ് മിഹിര്‍. മിഹിര്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ബസില്‍ വച്ചും സ്‌കൂളിലെ ടോയ്ലറ്റില്‍ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പറഞ്ഞുകൊണ്ട് കുടുംബം പരാതി നല്‍കിയിരുന്നു.
ടോയ്ലറ്റിലെ ക്ലോസറ്റില്‍ മുഖം പൂഴ്ത്തി ഫ്‌ളഷ് ചെയ്തുവെന്നും തറയില്‍ നക്കിക്കുകയും ക്രൂരമായി മര്‍ദിച്ചുവെന്നും കുടുംബം പറയുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. ജീവനൊടുക്കിയ ദിവസവും ക്രൂരമായ റാഗിങ്ങിന് മിഹിര്‍ വിധേയനായെന്ന് കുടുംബം പരാതിയില്‍ പറയുന്നു.
പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. മരിച്ചതിന് ശേഷവും റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളില്‍ മിഹിറിനെ അവഹേളിക്കുന്ന സ്‌കീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് ബന്ധുക്കള്‍ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിയിരുന്നു.