തെറ്റുകൾ ഏറ്റു പറഞ്ഞ് മനസ്സുകളെ ശുദ്ധീകരിച്ച് റമദാൻ്റെ പുണ്യം തേടി അവസാന മണിക്കൂറുകളിലും പള്ളികൾ വിശ്വാസികളെ കൊണ്ട് സമ്പന്നമാണ്.
വിശുദ്ധ റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ പ്രതീക്ഷയുടെ പൊന്‍കിരണവുമായി ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍. ആകാശച്ചെരുവില്‍ പൊന്നമ്പിളി കല തെളിയുന്നതോടെ വിശ്വാസികള്‍ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് പ്രവേശിക്കും.
ശഅ്ബാന്റെ അവസാന സന്ധ്യയിൽ വിരുന്നുവന്ന് ശവ്വാൽ പുലരിയിലേക്ക് വെളിച്ചം വീശുന്ന ചന്ദ്രക്കല പിറവി വരെ നീണ്ടു നില്‍ക്കുന്ന വിശുദ്ധ യാത്രയാണ് ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാന്‍. തെറ്റുകൾ ഏറ്റു പറഞ്ഞ് മനസ്സുകളെ ശുദ്ധീകരിച്ച് റമദാൻ്റെ പുണ്യം തേടി അവസാന മണിക്കൂറുകളിലും പള്ളികൾ വിശ്വാസികളെ കൊണ്ട് സമ്പന്നമാണ്. പെരുന്നാൾ ദിനത്തെ വരവേൽക്കാനുള്ള പുത്തനുടുപ്പുകൾ വാങ്ങാൻ മാർക്കറ്റുകളിലും തിരക്ക് ദൃശ്യമാണ്.
കേരളത്തില്‍ മാര്‍ച്ച് രണ്ടിനാണ് റമദാൻ നോമ്പ് ആരംഭിച്ചതെന്നതിനാൽ ഇന്ന് മാസപ്പിറവി ദൃശ്യമായാൽ നാളെ വിശ്വാസികൾ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഇല്ലെങ്കില്‍ റമദാന്‍ 30 പൂർത്തിയാക്കി ഏപ്രില്‍ ഒന്നിനായിരിക്കും ചെറിയ പെരുന്നാള്‍. വ്രതശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് ചെറിയ പെരുന്നാള്‍ വിരുന്നെത്തുന്നതോടെ അത് ഒത്തുചേരലിന്‍റെയും ദാനധർമ്മങ്ങളുടെയും ആഘോഷമായി മാറും. തക്ബീര്‍ ധ്വനികളാല്‍ മസ്ജിദുകൾ മുഖരിതമാകും. പെരുന്നാൾ രാവ് പിറന്നാൽ വിശ്വാസികൾ ഫിത്വർ സകാത്ത് വിതരണം ചെയ്യുന്ന തിരക്കിലേക്ക് കടക്കും.
പെരുന്നാൾ ദിവസം വീട്ടിലുള്ളവർക്ക് ഭക്ഷണം കഴിക്കാനുള്ളത് കഴിഞ്ഞ് മിച്ചം പിടിക്കാൻ കഴിവുള്ള മുഴുവൻ വിശ്വാസികളും ഫിത്വർ സകാത്ത് നൽകണം. ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് അർഹതപ്പെട്ടവർക്ക് ഫിത്വർ സകാത്തായി നൽകേണ്ടത്. ഓരോ വീട്ടിലെയും കുട്ടികളടക്കം മുഴുവൻ അംഗങ്ങളും ഏകദേശം രണ്ടര കിലോഗ്രാം വീതം ഭക്ഷ്യ ധാന്യമാണ് ജാതി-മത വ്യത്യാസം നോക്കാതെ അർഹതപ്പെട്ടവർക്ക് നൽകേണ്ടത്. സന്തോഷത്തിന്റെ ഈദുൽ ഫിത്വർ സമാഗതമാവുമ്പോൾ ഒരു വീട്ടിൽ പോലും വിശന്ന് കഴിയുന്നവർ ഉണ്ടാകരുതെന്ന നിർബന്ധമാണ് ഫിത്വർ സക്കാത്ത് നൽകുന്നതിൻ്റെ വീക്ഷണം.
പെരുന്നാൾ ദിനം പുതുവസ്ത്രങ്ങളണിഞ്ഞും സൗഹൃദങ്ങള്‍ പുതുക്കിയും ഒത്തുചേരലിൻ്റെ ഇടങ്ങൾ കൂടിയാകും ഈദ് മുസല്ലകൾ. പള്ളികളിലും മൈതാനങ്ങളിലും ഈദ് പ്രാർഥനകൾ നടക്കും. ഇത്തവണത്തെ ഈദ് പ്രാർത്ഥനകളിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരായ സന്ദേശം നൽകും. മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമര്‍പ്പിച്ച ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് പെരുന്നാൾ ആഘോഷം. റമദാന്‍ മാസത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത ചൈതന്യം അടുത്ത പതിനൊന്ന് മാസവും നിലനിര്‍ത്തുകയാണ് ഓരോ വിശ്വാസിയുടെയും ഇനിയുള്ള ബാധ്യത.