സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു
എം.വി. ഗോവിന്ദന്‍
വിമർശനങ്ങളെ മനസിലാക്കി പാർട്ടി തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നവീകരണത്തിനുള്ള പ്രക്രിയയാണ് നടക്കുന്നത്. അതിന്റെ ഭാഗമായി വിമർശനങ്ങളെ കാണുന്നു. പാർട്ടി ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ പോളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടും മറുപടി നൽകി.
സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കേണ്ടത് സംസ്ഥാന സെക്രട്ടറി ആണെന്നായിരുന്നു പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചത്. പൊതു ചർച്ചയിലായിരുന്നു സംസ്ഥാന സെക്രട്ടറിക്ക് എതിരെ ഇത്തരമൊരു വിമർശനം ഉയർന്നത്. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളിൽ പലപ്പോഴും വ്യക്തതയില്ലെന്നും, രാവിലെ ഒന്നും വൈകിട്ട് മറ്റൊന്നും പറയുന്നുണ്ടെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിലപാടുകളിലെ വ്യക്തതക്കുറവിൽ അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നും പ്രതിനിധികൾ വിമർശിച്ചു.
Also Read: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം; സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ എം. വി. ഗോവിന്ദന് രൂക്ഷ വിമർശനം
അതേസമയം, വ്യക്തിപരമായ ഒരു വിമർശനവും സമ്മേളന പ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളെ കണ്ട എം.വി. ഗോവിന്ദൻ പറഞ്ഞത്. ഒന്നാം പിണറായി സർക്കാരിനെക്കാളും മികച്ച സർക്കാരാണിത്. പാർട്ടി സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നോ എന്ന ചോദ്യത്തിന് എല്ലാത്തരം ചർച്ചയും നടക്കുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ നിർണായക ദിനമായ ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനായുള്ള വികസന നയരേഖയിൽ വിശദമായ ചർച്ച നടന്നു. മുഖ്യമന്ത്രിയുടെ നവകേരള രേഖയെ പ്രതിനിധികൾ പിന്തുണച്ചു. മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ നിർദേശങ്ങളെ ആരും എതിർത്തില്ല. സെസും യൂസർ ഫീസും പാർട്ടി ലൈൻ ആണോ എന്ന് പരിശോധിക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ നീക്കി മുന്നോട്ട് പോകണമെന്നായിരുന്നു പ്രതിനിധികളുടെ നിലപാട്.