അസദ് അനുകൂലികളുടെ വിമതനീക്കത്തെ തുടർന്നുണ്ടായ പ്രതികാരകൊലകള്‍ക്ക് ഇരയായാത് 800ലധികം സാധാരണക്കാരാണ്. അലവികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറിയയുടെ പുതിയ ഭരണാധികാരി അഹമ്മദ് ഷരാ പറഞ്ഞു.
അസദ് ഭരണം അട്ടിമറിക്കപ്പെട്ട് മൂന്നാംമാസം സിറിയ വീണ്ടും കൊലക്കളമാകുന്നു. അലവി ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരായ കൂട്ടക്കൊലകളില്‍ 72 മണിക്കൂറിനിടെ 1300 ഓളം പേരാണ് കൊല്ലപ്പെട്ടത്. അസദ് അനുകൂലികളുടെ വിമതനീക്കത്തെ തുടർന്നുണ്ടായ പ്രതികാരകൊലകള്‍ക്ക് ഇരയായാത് 800ലധികം സാധാരണക്കാരാണ്. അലവികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറിയയുടെ പുതിയ ഭരണാധികാരി അഹമ്മദ് ഷരാ പറഞ്ഞു.
ബഷാർ അല്‍ അസദിനുകീഴില്‍ നേരിട്ട അതിക്രമങ്ങളില്‍ നിന്ന് വിമോചനം പ്രഖ്യാപിച്ചാണ് 2024 ഡിസംബറില്‍ ഹയാത് തഹ്രീർ അല്‍ഷാം സിറിയയില്‍ ഭരണം അട്ടിമറിച്ചത്. ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള 13 വർഷക്കാലം, അസദ് ഭരണകൂടം നടത്തിയ കൂട്ടക്കൊലകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചവരില്‍ ഭൂരിഭാഗവും അസദിന്‍റെ അലവി വിഭാഗത്തില്‍പ്പെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ വിമത അട്ടിമറി രാജ്യത്തെ ഷിയാ-അലവി ഇതര ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കിയുന്നു.
എന്നാല്‍ പ്രതികാരനടപടികളുണ്ടാകില്ലെന്നും, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നുമാണ് താത്കാലിക പ്രസിഡന്‍റായി ചുമതലയേറ്റ വിമതനേതാവ് അല്‍ ഷരാ പ്രഖ്യാപിച്ചത്. വെറും 3 മാസം മാത്രമാണ് ഈ വാഗ്ദാനത്തിന് ആയുസുണ്ടായത്. മാർച്ച് 6ന് അസദിന്‍റെ ശക്തികേന്ദ്രങ്ങളായിരുന്ന ലറ്റാക്കിയ, ടാർട്ടസ് എന്നീ തീരദേശ പ്രവിശ്യകളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വിമതനീക്കം ആയിരക്കണക്കിനുപേരുടെ കൂട്ടക്കൊലയിലാണ് കലാശിച്ചു. വെറും 72 മണിക്കൂറിനുള്ളിലാണ് അതുണ്ടായതെന്നത് കൂട്ടക്കൊലയെ കൂടുതൽ ഭയാനകമാക്കുന്നു.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയൻ യുദ്ധ നിരീക്ഷണ ഏജൻസി ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അലവി ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട 830 ആളുകളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. സിറിയൻ സർക്കാരിനെതിരെ കലാപപ്രഖ്യാപനം നടത്തിക്കൊണ്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് അസദ് സൈന്യത്തിലെ മുൻ ബ്രിഗേഡിയർ ജനറല്‍ ഗിയാത്ത് ദല്ല സൈനിക കൗൺസിൽ രൂപീകരിച്ചത്. 231 സിറിയന്‍ സുരക്ഷാസേനാംഗങ്ങളും 250 അലവി സായുധസംഘാംഗങ്ങളും തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
കൊലചെയ്യപ്പെട്ടവരെ കൂട്ടമായി മറവുചെയ്യുന്നതിന്‍റെയും സ്ത്രീകളും കുട്ടികളുമടക്കം വേട്ടയാടപ്പെടുന്നതിന്‍റെയും സാക്ഷിമൊഴികളാണ് ഇന്ന് സിറിയയില്‍ നിന്ന് പുറത്തുവരുന്നത്. തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. സായുധസംഘങ്ങള്‍ വീടുകള്‍ കൊള്ളയടിക്കുന്നു. പ്രതികാരനടപടികള്‍ ഭയന്ന് മേഖലയിലെ ന്യൂനപക്ഷ ഷിയാവിഭാഗങ്ങള്‍ ലെബനനിലും, ലറ്റാക്ക ഹ്മൈമിമിലുള്ള റഷ്യൻ സൈനിക താവളത്തിലും അഭയം തേടുന്നതായാണ് റിപ്പോർട്ട്.
ALSO READ: ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ; മാർക്ക് കാർണി പുതിയ പ്രധാനമന്ത്രിയാകും
അതേസമയം, വീണ്ടും ഐക്യപ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഇടക്കാല പ്രസിഡന്‍റ് അഹമ്മദ് അല്‍ഷരാ അതിക്രമങ്ങളോട് പ്രതികരിച്ചത്. കൂട്ടക്കൊലനടത്തിയവരെ വിചാരണചെയ്യുമെന്നും ഷരാ പറയുന്നു. എന്നാല്‍ വിമതസഖ്യത്തില്‍ എച്ച്ടിഎസിന് നിയന്ത്രണമില്ലാത്ത തീവ്രഇസ്മാമിക- വിദേശ വിഭാഗങ്ങളുള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രതികാരകൊലകള്‍ ആവർത്തിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭരണഅട്ടിമറിക്കുപിന്നാലെ അലവി വിഭാഗത്തില്‍പ്പെട്ടവരെ പൊലീസ്, സൈനിക, സർക്കാർ വിഭാഗങ്ങളില്‍ നിന്ന് പിരിച്ചുവിട്ട നീക്കം ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അതൃപ്തി വളർത്തിയിട്ടുണ്ട്. ജനസംഖ്യയുടെ 90% വും ദരിദ്രരായി അവശേഷിക്കുന്ന സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ സിറിയ കലാപകങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി തുടരുമെന്നും അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു.