321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്തായി
ചാംപ്യന്‍സ് ട്രോഫി ആദ്യമത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. 60 റണ്‍സിനാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനെ തകര്‍ത്തത്. നിശ്ചിത അമ്പത് ഓവറില്‍ 320 എന്ന കൂറ്റന്‍ റണ്‍സാണ് ന്യൂസിലന്‍ഡ് പടുത്തുയര്‍ത്തിയത്.
ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങനയക്കുകയായിരുന്നു. ടോം ലാതമും വില്‍ യങ്ങും അടിച്ചുകൂട്ടിയ റണ്‍സാണ് ന്യൂസിലന്‍ഡിന് മുതല്‍ക്കൂട്ടായത്. 3 വിക്കറ്റില്‍ 73 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ടോം ലാതം-വില്‍ യങ് കൂട്ടുകെട്ട് രക്ഷകരായത്. 118 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. യങ് (107), ലാതം (118 നോട്ട് ഔട്ട്) റണ്‍സ് നേടി. പിന്നാലെയെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് 39 പന്തില്‍ 61 റണ്‍സ് നേടി സ്‌കോര്‍ 300 കടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ മന്ദഗതിയില്‍ തുടങ്ങിയതു തന്നെ മത്സരത്തില്‍ തിരിച്ചടിയായി. 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്തായി. 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 22 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. സൗദ് ഷക്കീല്‍ (19 പന്തില്‍ 6), മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ 3) എന്നിവരാണ് ആദ്യം മടങ്ങിയത്. നാലാമനായി ക്രീസിലെത്തിയ ഫഖര്‍ സമാന് 24 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ബാബര്‍ അസം 64 റണ്‍സ് നേടിയെങ്കിലും ഉപകാരപ്പെട്ടില്ല. 90 ബോളിലായിരുന്നു ഈ 64 റണ്‍സ് നേട്ടം. ഭേദപ്പെട്ട പ്രകടനം നടത്തിയത് ഖുല്‍ഷിദ് ഷായും സല്‍മാന്‍ അഗയും മാത്രമാണ്. ഇരുവരും 69, 42 റണ്‍സ് വീതം നേടി.
ALSO READ: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഗുജറാത്തിന്റെ അതിവേഗ മറുപടി; പ്രിയങ്ക് പഞ്ചലിന് സെഞ്ചുറി
ന്യൂസിലന്‍ഡിനു വേണ്ടി വില്യം ഒറൂര്‍ക്കും മിച്ചല്‍ സാന്റ്‌നറും മൂന്ന് വിക്കറ്റ് വീതം നേടി. പാകിസ്ഥാന് വേണ്ടി നസീം ഷാ രണ്ട് വിക്കറ്റ് നേടി. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.