ഗോരക്ഷാ നേതാവായ ബിട്ടു ബജ്രംഗി എന്ന രാജ്‌കുമാർ പഞ്ചലാണ് ഫരീദാബാദ് മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥി
ബിട്ടു ബജ്‌റംഗി
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫരീദാബാദ് മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥി നൂഹ് കലാപക്കേസിലെ മുഖ്യപ്രതി. ഗോരക്ഷാ നേതാവായ ബിട്ടു ബജ്രംഗി എന്ന രാജ്‌കുമാർ പഞ്ചൽ, ഏഴ് പേർ കൊല്ലപ്പെട്ട നൂഹ് കലാപത്തിലെ പ്രതിയാണ്. ഇന്നലെ നടന്ന ബിജെപി റാലിയിൽ യോഗി ആദിത്യനാഥിനൊപ്പം ബിട്ടു ബജ്രംഗിയും വേദിയിലെത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി.
ഹരിയാനയിലെ നൂഹ് വർഗീയ കലാപത്തിൽ അറസ്റ്റിലായി ജയിൽവാസത്തിലായിരുന്നു ബിട്ടു ബംജ്രഗി. ജാമ്യത്തിലിറങ്ങിയതോടെ ഇയാൾ ഫരീദാബാദ് എൻഐടി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ചു. ബിട്ടു ബിജെപിയുടെ കഴിഞ്ഞദിവസത്തെ തെരഞ്ഞെടുപ്പ് റാലിയിൽ വേദിയിലുമെത്തി. യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് ബിട്ടു ബജ്രംഗി വേദി പങ്കിട്ടത്. ഇതേ മണ്ഡലത്തിലെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി സതീഷ് കുമാർ ഫഗ്നയും വേദിയിലുണ്ടായിരുന്നു.
ഈ പരിപാടിക്ക് ശേഷം തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ബിജെപി പരിപാടികൾ നടന്നു. അതിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ബിട്ടു ബജ്രംഗിയും പങ്കെടുത്തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാക്കൾ നടത്തിയത്. യോഗി അടക്കമുള്ള നേതാക്കൾക്ക് ഗോരക്ഷയുടെ പേരിൽ തീവ്രവാദം നടത്തുന്നവരുമായി ബന്ധമുണ്ടെന്നും അതിനുള്ള തെളിവാണ് ഇതെന്നും ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.
2003 ജൂലൈയിൽ ഹരിയാനയിലെ നൂഹ് ജില്ലയിലുണ്ടായ വർഗീയ കലാപത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് വീടുകളും വാഹനങ്ങളും തീ വെച്ചാണ് കലാപകാരികൾ രോഷമടക്കിയത്. വാളുകളുയർത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി വിശ്വ ഹിന്ദു പരിഷത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് നൂഹിൽ സംഘർഷത്തിലേക്കും പിന്നീടുണ്ടായ വലിയ വർഗീയ കലാപത്തിലേക്കും നയിച്ചത്. പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ മോനു മനേസർ എന്ന വിഎച്ച്പിക്കാരന് വേണ്ടി ഒരു വിഭാഗം മുസ്ലീംകള്‍ റാലി തടഞ്ഞതാണ് സംഘർഷത്തിന്റെ തുടക്കം. കലാപത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും വീടുകളും വാഹനങ്ങളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
ALSO READ: ദാദാസാഹെബ് ഫാൽക്കെ അവാർഡ് നടന്‍ മിഥുൻ ചക്രബർത്തിക്ക്
ഈ കേസിലെ മുഖ്യപ്രതിയാണ് ഗോരക്ഷാ നേതാവായ ബിട്ടു ബംജ്രംഗി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിട്ടു, ഏറെനാൾ ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി വീണ്ടും ഗോരക്ഷാ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്. ബിജെപി ബിട്ടുവിനെ തള്ളിപ്പറഞ്ഞെങ്കിലും താൻ വിഎച്ച്പി, ബജ്രംഗദൾ, ആർഎസ്എസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നാണ് ബിട്ടുവിന്റെ വാദം.