നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളിയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാരെ താക്കീത് ചെയ്യാന്‍ അവതരിപ്പിച്ച പ്രമേയവും സഭ അംഗീകരിച്ചു
പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനു സഭയുടെ അനുമതി. 12 മണിക്കാണ് അടിയന്തര പ്രമേയ ചർച്ച. രണ്ട് മണിക്കൂറാണ് അടിയന്തര പ്രമേയ ചർച്ചയ്ക്ക് സ്പീക്കർ അനുവദിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ എട്ടാമത്തെ അടിയന്തര പ്രമേയ ചർച്ചയാണിത്. എഡിജിപി- ആർഎസ്എസ് ബന്ധവും മുഖ്യമന്ത്രിയുടേതെന്ന രീതിയില്‍ ദേശീയ പത്രത്തില്‍ വന്ന മലപ്പുറം പരാമർശവും ചർച്ചയാവും
നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളിയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാരെ താക്കീത് ചെയ്യാന്‍ അവതരിപ്പിച്ച പ്രമേയവും സഭ അംഗീകരിച്ചു. ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജി ജോസഫ്, മാത്യു കുഴൽനാടൻ എന്നിവർക്ക് താക്കീത് നല്‍കണമെന്നായിരുന്നു പ്രമേയം. പാർലമെന്‍ററി കാര്യ മന്ത്രി എം.ബി. രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
സ്പീക്കറിന്‍റെ മുഖം മറച്ചു പ്രതിപക്ഷ എംഎല്‍എമാർ ബാനർ ഉയർത്തി. നടപടി പാർലമെന്‍ററി മര്യാദയുടെ ലംഘനമാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല. നടത്തിയ അക്രമ സംഭവത്തില്‍ അപലപിക്കുന്നുവെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു. ഇന്നെങ്കിലും പ്രതിപക്ഷം ഇന്നലെ നടന്ന സംഭവത്തെ അപലപിക്കുമെന്ന് തോന്നിയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ 'താക്കീത് പ്രമേയത്തെ' പ്രതിപക്ഷം ശക്തമായി എതിർത്തു. ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തിനു മറുപടിയെന്നോണം പറഞ്ഞത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ആളെ വിളിക്കാതെയാണ് സ്പീക്കർ സഭാ നടപടി നിർത്തിവച്ചത്. ആരാണ് ഒളിച്ചോടിയത്? സ്പീക്കർ നിഷ്പക്ഷത പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കറേ അധിക്ഷേപിക്കുന്ന മുദ്രാവാക്യം സഭയിൽ ആദ്യമായി അല്ല. സ്പീക്കർക്കെതിരെ മുമ്പും മുദ്രാവാക്യം മുഴങ്ങിയിട്ടുണ്ട്
സതീശൻ സഭയെ ഒർമിപ്പിച്ചു.
പ്രമേയത്തെ അനുകൂലിച്ച് മുഖ്യമന്ത്രി പണറായി വിജയനും സംസാരിച്ചു. സ്പീക്കറെ അധിക്ഷേപിക്കലും ക്രമവിരുദ്ധ പ്രവർത്തനങ്ങളും തങ്ങളുടെ അവകാശമാണെന്നാണ് പ്രതിപക്ഷ നേതാവ് വാദിക്കുന്നത്.പ്രമേയത്തിൽ വലിയ നിർദ്ദേശങ്ങളിലേക്ക് പോയിട്ടില്ല. സാമാജികരായ ജെയിംസ് മാത്യുവിനെയും ടി.വി. രാജേഷിനെയും സസ്പെൻഡ് ചെയ്ത നടപടി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇന്നലെ കണ്ടത് എല്ലാ സീമകളും ലംഘിച്ച നടപടി.
ഡയസിൽ കയറിയ നടപടി തള്ളിപ്പറയാൻ പോലും പ്രതിപക്ഷ നേതാവ് തയ്യാറായില്ല. പ്രതിപക്ഷ നേതാവിന്റെ നടപടി പാർലമെൻററി രീതിക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്പീക്കർ സ്വീകരിച്ചത് പാർലമെന്ററി രീതിക്കുള്ള നടപടിയാണ്. ചർച്ച ഒഴിവാക്കുക എന്ന ഗൂഢ ഉദ്ദേശ്യത്തിൻ്റെ ഭാഗമായാണ് ഇന്നലത്തെ ബഹളം.ആ ഘട്ടത്തിലാണ് സഭ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സഭാ നടപടിക്രമങ്ങൾക്ക് അനുസരിച്ചുള്ള നടപടിയാണ് സ്പീക്കർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.