ഓതിക്കൊണ്ട് കഴുത്തറുക്കുക എന്നതാണ് അവരുടെ നയം, ആത്യന്തികമായി ആർഎസ്എസ് നയം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും തൃശൂർ ഭദ്രാസനാധിപൻ പറഞ്ഞു
പാലക്കാട് പുൽക്കൂട് തകർത്ത സംഭവം ആർഎസ്‌എസിന്റെ അജണ്ടയെന്ന് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യുഹാനോൻ മാർ മിലിത്യോസ്. ഓതിക്കൊണ്ട് കഴുത്തറുക്കുക എന്നതാണ് അവരുടെ നയം. ഒരേസമയം പ്രീതിപ്പെടുത്താനായി അഭിനയിക്കുകയും മറുവശത്ത് ഇല്ലാതാക്കുകയും ചെയ്യുകയാണ് ആർഎസ്‌എസ്. ആത്യന്തികമായി ആർഎസ്എസ് നയം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും തൃശൂർ ഭദ്രാസനാധിപൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പ്രാദേശിക തലത്തിൽ ന്യൂനപക്ഷങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് ആർഎസ്‌എസ് സ്വീകരിച്ചിരിക്കുന്നത്. സവർണ ഹൈന്ദവത്വത്തിന്റെ ഭരണവും താത്പര്യവും നടപ്പാക്കാനാണ് അവർ നീക്കങ്ങൾ നടത്തുന്നത്. മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ പറയുന്ന പ്രധാനമന്ത്രി മണിപ്പൂരിൻ്റെ കാര്യം മാത്രം മിണ്ടുന്നില്ല. പള്ളിയിൽ പോയി പ്രാർഥിക്കുന്നതും മാലയിടുന്നതുമായ നടനം കാര്യസാധ്യത്തിന് വേണ്ടിയുള്ളതാണെന്നും യുഹാനോൻ മാർ മിലിത്യോസ് വിമർശിച്ചു.
ALSO READ: തത്തമംഗലം സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ്
പാലക്കാട് സ്കൂളുകൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ പ്രധാന ആർഎസ്‌എസ് നേതാക്കളുടെ മൗനസമ്മതമുണ്ട്. അതുകൊണ്ടാണ് ആരും സംഭവത്തെ തള്ളിപ്പറയാതിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി പോലും ഇതേക്കുറിച്ച് കാര്യമായി പ്രതികരിച്ചിട്ടില്ല. ക്രിയാത്മകമായ ഒരു പ്രവർത്തനവും നടന്നിട്ടില്ല. ഇത് ആദ്യം കാട്ടേണ്ടിയിരുന്നത് മണിപ്പൂരിൻ്റെ കാര്യത്തിലായിരുന്നുവെന്നും ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് തത്തമംഗലം ജിബിയുപി സ്ക്കൂളിലെ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി നിർമിച്ച പുൽക്കൂട് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.