അനാവശ്യമായി കേസ് ഉണ്ടാക്കുക, പെറ്റി കേസിൻ്റെ എണ്ണം കൂട്ടുക എന്നിങ്ങനെ മലപ്പുറം ജില്ലയെ മോശമാക്കാൻ സുജിത് ദാസ് എസ് പി ശ്രമിച്ചിരുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത് ഗുരുതരമായ ആരോപണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരിൻ്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വാക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. മുസ്ലിം ലീഗ് മലപ്പുറം എസ് പി ക്കെതിരെ നേരത്തെ പറഞ്ഞ കാര്യം ശരിയായി വന്നു. അനാവശ്യമായി കേസ് ഉണ്ടാക്കുക, പെറ്റി കേസിൻ്റെ എണ്ണം കൂട്ടുക എന്നിങ്ങനെ മലപ്പുറം ജില്ലയെ മോശമാക്കാൻ സുജിത് ദാസ് എസ് പി ശ്രമിച്ചിരുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നതുമായി പി.വി അൻവർ എംഎൽഎ വെളിപ്പെടുത്തിയിരുന്നു. എഡിജിപി അജിത് കുമാർ കൊലപാതകങ്ങൾ ചെയ്യിപ്പിച്ചതായും എഡിജിപിക്കും എസ്‌പി സുജിത് ദാസിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഡാൻസാഫ് സംഘം പക്കാ ക്രിമിനലുകളാണ്. പൊലീസിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
ALSO READ: ആരോപണം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയുടേത് ഗുണ്ടാസംഘങ്ങൾ പോലും നാണിക്കുന്ന ഓഫീസ്: വി.ഡി. സതീശൻ
പി.വി അൻവർ എംഎഎയുടെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേരുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു. ഓൺലൈനായാണ് യോഗം ചേരുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം. എഡിജിപി എം.ആർ അജിത് കുമാറും യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.