കേസിൽ അഭിജിത്തിൻ്റെ കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപെടുത്തും
തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. മർദിക്കാനയി ഇന്ദുജയെ കൊണ്ടു പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അഭിജിത്തിൻ്റെ കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപെടുത്തും.
ഇന്ദുജയ്‌ക്ക് മർദനമേറ്റ ശംഖുംമുഖത്ത് ഇവരെത്തിയോ എന്ന് തെളിയിക്കാനുള്ള ടവർ ലൊക്കേഷനും അജാസ് കാറിൽ പോയെന്ന് പറയുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അജാസ് ഇന്ദുജയെ കാറിൽ കയറ്റിക്കൊണ്ടുപോയി ശംഖുംമുഖത്തുവച്ച് മർദിച്ചത്. ഇവർ ശംഖുംമുഖത്ത് പോയതും ആത്മഹത്യ ചെയ്തപ്പോൾ ഇന്ദുജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഒരേ കാറിലാണെന്ന് കണ്ടെത്തി. ഈ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ദുജയുടെ ഫോണിന്‍റെ പാസ്‌വേഡ് ഉൾപ്പടെ അജാസിന്‍റെ നിയന്ത്രണത്തിലായിരുന്നു. അജാസ് എടുത്ത് കൊടുത്ത സിം കാർഡ് ആണ് ഇന്ദുജ മരിക്കും വരെ ഉപയോഗിച്ചിരുന്നത് എന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിട്ടുണ്ട്. ഇരുവരും ബോധപൂർവം പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഭർതൃ വീട്ടിൽ ജനൽ കമ്പിയിൽ ഇന്ദുജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭർത്താവിൻ്റെയും സുഹൃത്തിൻ്റെയും പീഡനം സഹിക്കവയ്യാതെയാണ് ഇന്ദുജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.