കോന്നിയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നും ചിറ്റാറിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്നും പ്രദേശവാസികൾ പറയുന്നു
സംസ്ഥാനത്ത് വന്യമൃഗശല്യവും, ആക്രമണവും വർധിച്ച് കൊണ്ടിരിക്കുകയാണ്. ദിനംപ്രതി നിരവധി ആക്രമണങ്ങളോ, വന്യജീവി സാന്നിധ്യമോ ആണ് വിവിധയിടങ്ങളിലായി രേഖപ്പെടുത്തുന്നത്. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലും സമാനമായ അവസ്ഥയാണ് ഉള്ളത്.
ആനയ്ക്കും പുലിക്കും പിന്നാലെ കടുവയുടെ സാന്നിധ്യമാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. കോന്നിയിൽ കടുവയുടെയും, ഉണ്ടെന്നും ചിറ്റാറിൽ പുലിയുടെയും സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പുലർച്ചെ രണ്ടു മണിയോടെ പശുത്തൊഴുത്തിലെ ശബ്ദം കേട്ടാണ് പ്രദേശവാസികൾ ഉണർന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പശുക്കിടാവിനെ കൊന്ന നിലയിൽ തൊഴുത്തിന് സമീപം കണ്ടെത്തുകയായിരുന്നു. പശുക്കിടാവിനെ കൊന്നത് കടുവ തന്നെയെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ നേരത്തേ തന്നെ ആരോപിച്ചിരുന്നു.
പ്രദേശവാസികൾക്ക് ഇരുട്ട് വീണാൽ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.ആന, പുലി തുടങ്ങിയവയുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശത്ത് കടുവ കൂടി എത്തിയതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഫെൻസിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങൾ വന്യമൃഗ ശല്യം പരിഹരിക്കാനായി ചെയ്യുന്നുണ്ട്. എന്നാൽ ഇവയൊന്നും പര്യാപ്തമല്ലെന്നും, അടിയന്തര നടപടിയാണ് ആവശ്യമെന്നും നാട്ടുകാർ അറിയിച്ചു.
നിരന്തരം വന്യമൃഗ ശല്യം ഉള്ള പ്രദേശമാണിത്. ആന, പുലി, കുരങ്ങ്, പന്നി, മ്ലാവ് തുടങ്ങിയവയുടെ സാന്നിധ്യം എപ്പോഴുമുണ്ട്. ആന കൃഷി നശിപ്പിക്കുന്നത് ഇവിടെ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കോന്നിക്ക് പുറമേ ജില്ലയിലെ മലയോര മേഖലയാകെ വന്യമൃഗ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ചിറ്റാറിൽ പുലി കന്നുകാലികളെ കടിച്ചുകൊന്നിരുന്നു. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് നാട്ടുകാർ അറിയിച്ചു.