സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി 29-ാം ഐഎഫ്എഫ്കെ ആദരിക്കുമ്പോള്‍, തന്‍റെ സിനിമാ യാത്ര, ആശയങ്ങള്‍, പ്രചോദനങ്ങള്‍ എന്നിവ ന്യൂസ് മലയാളത്തോട് പങ്കുവയ്ക്കുകയാണ് പായല്‍ കപാഡിയ
പായല്‍ കപാഡിയ എന്ന പേര് ഇന്ന് ഇന്ത്യന്‍ സിനിമയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയാണ്. വലിയ വേദികളെ നമ്മുടെ രാജ്യത്തേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു പായലിന്‍റെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായി നിനച്ചതെല്ലാം). 2024 കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ ഗ്രാന്‍ പ്രീ നേട്ടം ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ത്തന്നെ ആദ്യമായിരുന്നു . അതിന്‍റെ തുടര്‍ച്ചയെന്നോണം 82-ാം ഗോള്‍ഡന്‍ ഗ്ലോബിലും പായലിന്‍റെ പ്രഭയെത്തി. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയായി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ സിനിമയ്ക്ക് നാമനിര്‍ദേശവും ലഭിച്ചു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി 29-ാം ഐഎഫ്എഫ്കെ ആദരിക്കുമ്പോള്‍, തന്‍റെ സിനിമാ യാത്ര, ആശയങ്ങള്‍, പ്രചോദനങ്ങള്‍ എന്നിവ ന്യൂസ് മലയാളത്തോട് പങ്കുവയ്ക്കുകയാണ് പായല്‍ കപാഡിയ.
ആദ്യ ഫീച്ചര്‍ ഡോക്യുമെന്ററി 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങിലെ വ്യത്യസ്തമായ ആഖ്യാന ശൈലിയെക്കുറിച്ച്…
ഫിക്ഷനും നോണ്‍ഫിഷനും ഇടകലര്‍ത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം ഞങ്ങള്‍, എന്റെ എഡിറ്റര്‍ രണ്‍ബീര്‍ ദാസിനൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്ത് എന്റെ കയ്യില്‍ വര്‍ഷങ്ങളായി ശേഖരിച്ച ധാരാളം മെറ്റീരിയലുകള്‍ ഉണ്ടായിരുന്നു. അത്രയും അധികം ആര്‍ക്കൈവല്‍ ഫൂട്ടേജുകള്‍ നാവിഗേറ്റ് ചെയ്യാന്‍ വളരെ അധികം ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഈ വ്യത്യസ്ത സമയങ്ങളെല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ ഞങ്ങള്‍ ഒരു ആഖ്യാന രീതിയുമായി മുന്നോട്ട് വരികയായിരുന്നു.
ഇന്ത്യന്‍ സ്വതന്ത്ര സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത
അത് വളരെ നല്ല കാര്യമായാണ് ഞാന്‍ കരുതുന്നത്. അത്തരം സിനിമകള്‍ കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട്. ചില നഗരങ്ങളിലും സ്ഥലങ്ങളിലും മാത്രമല്ല മറിച്ച് രാജ്യത്തുടനീളം അത്തരം സിനിമകള്‍ എത്തണം. കാരണം നമുക്ക് സിനിമയില്‍ വൈവിധ്യങ്ങള്‍ ഉണ്ടായിരിക്കണം. വ്യത്യസ്ത തരം സിനിമകള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇന്ത്യയിലെ പ്രേക്ഷകര്‍ വ്യത്യസ്തമായ സിനിമളോട് വളരെ തുറന്ന മനോഭാവമുള്ളവരാണ്. അത് വലിയൊരു കാര്യമായാണ് ഞാന്‍ കരുതുന്നത്.
സ്വതന്ത്ര സംവിധായകര്‍ നേരിടുന്ന വെല്ലുവിളികള്‍
ഫണ്ടിങ് തന്നെയാണ് പ്രധാന വെല്ലുവിളിയായി ഞാന്‍ കരുതുന്നത്. എങ്ങനെയാണ് ഒരു സിനിമ നിര്‍മിക്കാനുള്ള ഫണ്ട് കണ്ടെത്തുക? കേരളത്തില്‍ സ്വതന്ത്ര സിനിമ സംവിധായകര്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അത് നല്ലൊരു ചുവടുവെയ്പ്പാണ്. അത്തരത്തിലുള്ള ഫണ്ടിങ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകണം. ഇനി സിനിമ നിര്‍മിച്ച് കഴിഞ്ഞാല്‍ ഡിസ്ട്രിബ്യൂട്ടേഴ്സിനെയും എക്സിബിറ്റേഴ്സിനെയും കണ്ടെത്താന്‍ പാടാണ്. ഈ കാരണങ്ങളെല്ലാം തന്നെ ബുദ്ധിമുട്ടുകളാണ്. പക്ഷെ ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കിങ്ങിന്റെ വെല്ലുവിളികളും യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ്.
ഇന്ത്യയിലെ സിനിമ ആസ്വാദന സംസ്‌കാരം മാറിയിട്ടുണ്ടോ?
തീര്‍ച്ചയായും. വ്യത്യസ്തമായ സിനിമകള്‍ കണുന്നവരാണ് പ്രത്യേകിച്ച് യുവതലമുറയിലുള്ളവര്‍. പിന്നെ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉള്ളതു കാരണം ലോകമെമ്പാടുമുള്ള സിനിമകളിലേക്ക് വലിയ എക്സ്പോഷര്‍ തന്നെയുണ്ട്. ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന സമയത്ത് സിനിമകള്‍ കാണണമെങ്കില്‍ ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രമെ സാധിക്കൂ. അതല്ലെങ്കില്‍ അത്തരം സിനിമകള്‍ കാണാന്‍ ഫിലിം ഫെസ്റ്റിവല്‍ വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് എല്ലാത്തരം സിനിമകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. മാത്രമല്ല, വളരെ അപൂര്‍വമായ സിനിമകളാണ് ആളുകള്‍ അന്വേഷിക്കുന്നത്.
പായലിന്റെ ആദ്യ ഡോക്യുമെന്ററിയുടെ പേര് ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്നായിരുന്നു. ആദ്യ ഫീച്ചര്‍ ഫിലിമിന്റെ പേര് ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ എന്നും. ഈ ടൈറ്റിലുകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രാത്രി ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന തരത്തില്‍ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും രൂപകങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നോ?
വൗ, നിങ്ങള്‍ അതിനെ സമീപിച്ച രീതി, അത് വളരെ നല്ലതാണെന്ന് ഞാന്‍ കരുതുന്നു! ഒരു വിദ്യാര്‍ഥിയെന്ന നിലയിലുണ്ടായിരുന്ന നഷ്ടബോധവും കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള ശ്രമവുമായിരുന്നു ആദ്യ സിനിമയില്‍. പക്ഷെ ഈ സിനിമയില്‍, വഴി കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും എന്നാല്‍ ഒരു ഘട്ടത്തില്‍ അത്തരത്തില്‍ ഒരു സാധ്യത തുറക്കുകയുമാണ്. അതുകൊണ്ട് തന്നെ, അതെ, ഈ ടൈറ്റിലുകളും വെളിച്ചവും ഇരുട്ടും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. കാരണം ഇരുട്ടില്ലാതെ നിങ്ങള്‍ക്ക് വെളിച്ചം കാണാന്‍ കഴിയില്ല, വെളിച്ചമില്ലാതെ നിങ്ങള്‍ക്ക് ഇരുട്ടും അനുഭവപ്പെടില്ല. അതിനാല്‍ അവ ബന്ധപ്പെട്ടിരിക്കാം. പക്ഷേ ഇരുട്ടിലാണ് ഞാന്‍ വളരെയധികം ധൈര്യം കണ്ടെത്തുന്നത്.
എന്താണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്?
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സംസാരിക്കുന്നത് രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അതുപോലെ തന്നെ അവരുടെ ആഗ്രഹങ്ങളും അവര്‍ ജീവിക്കുന്ന ലോകത്തിന്റെ ധാര്‍മികതയെയും കുറിച്ചുമുള്ള അവരുടെ വ്യത്യസ്ത വീക്ഷണത്തെ കുറിച്ചുമാണ് ചിത്രം പറഞ്ഞു വെയ്ക്കുന്നത്. ഒരാള്‍ ഭര്‍ത്താവ് എന്ന ആശയവുമായി വളരെ ബന്ധപ്പെട്ടിരിക്കുമ്പോഴും അവള്‍ക്ക് അതിനോട് യഥാര്‍ഥത്തില്‍ സ്നേഹമോ വാത്സല്യമോ തോന്നുന്നില്ല. എന്നാല്‍ അവള്‍ക്ക് അത് ഉപേക്ഷിച്ച് മുന്നോട്ട് പോകാനും സാധിക്കുന്നില്ല. അതേസമയം, രണ്ടാമത്തെ ആള്‍ അവളുടെ പുതിയ പ്രണയ ബന്ധത്തെയും ആഗ്രഹങ്ങളെയും എല്ലാം അടുത്ത് അറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ പ്രചോദനം
എനിക്ക് മുംബൈയെ കുറിച്ചും പ്രത്യേകിച്ച് അത്തരമൊരു വലിയ നഗരത്തില്‍ സംഭവിക്കുന്ന സുഹൃത്ത് ബന്ധങ്ങളെ കുറിച്ചും ഒരു സിനിമയാണ് ഉണ്ടാക്കേണ്ടിയിരുന്നത്. മുംബൈയില്‍ നിങ്ങള്‍ രാജ്യത്തെ പല ഭാഗത്ത് നിന്നുള്ള ആളുകളെയും കാണാന്‍ സാധിക്കും. വ്യത്യസ്ത തലമുറകളിലെ ആളുകള്‍ തമ്മില്‍ സൗഹൃദം ഉണ്ടാകുന്ന ഒരിടമാണ് മുംബൈ. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ തമ്മില്‍ സുഹൃത്തുക്കളാകും. അതായിരുന്നു ഈ സിനിമ നിര്‍മിക്കാനുള്ള പ്രധാന കാരണം. പിന്നെ യാഥാര്‍ത്ഥ്യത്തിന്റെ വ്യത്യസ്തമായ ആശയങ്ങളോട് എനിക്ക് വളരെ അധികം താത്പര്യമുണ്ട്. അത് നമ്മള്‍ കാണുന്ന സ്വപ്നങ്ങളുടെ യാഥാര്‍ഥ്യമായിരിക്കാം. അതല്ലെങ്കില്‍ നമ്മളെ സ്വാധീനിക്കുന്ന ഒന്നായിരിക്കാം. നമ്മള്‍ ആരെങ്കിലുമായി ചെയ്യുന്ന ചര്‍ച്ചയും നമ്മുടെ യാഥാര്‍ഥ്യമാകാം. അല്ലെങ്കില്‍ ഒരു സിനിമ കാണുന്നതോ, നമ്മുടെ അനുഭവങ്ങളുമെല്ലാം യാഥാര്‍ഥ്യമാകാം. അതുകൊണ്ട് എനിക്ക് അതില്‍ വളരെ താത്പര്യമുണ്ടായിരുന്നു. പിന്നെ സംവിധായകരായ അപിചത്പോങ് വീരസേതകു, അരവിന്ദന്‍, അല്ലെങ്കില്‍ മിഗ്വേല്‍ ഗോമസ് തുടങ്ങിയവര്‍ യാഥാര്‍ത്ഥ്യത്തിന്റെ വ്യത്യസ്ത വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരാണ്. അങ്ങനെ ഒരുപാട് സംവിധായകര്‍ ചെയ്യാറുണ്ട്. അത് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്.
സിനിമാ നിര്‍മാണ രീതിയും ഉള്‍ക്കാഴ്ചകളും
പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എന്റെ എല്ലാ അണിയറ പ്രവര്‍ത്തകരും ഈ സിനിമയ്ക്ക് വേണ്ടി 150 ശതമാനം നല്‍കിയവരാണ്. എല്ലാവരും അവരുടെ പരമാവധി പരിശ്രമിച്ചു. അതിപ്പോള്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ടീം ആണെങ്കിലും കോസ്റ്റ്യൂം ഡിസൈന്‍ ടീമായാലും ക്യാമറ ടീമാണെങ്കിലും. ദൃശ്യ ഭാഷയെക്കുറിച്ചും അത് കഥയിലും കഥാപാത്രങ്ങളിലും എങ്ങനെ പ്രതിഫലിക്കുന്നുവെന്നും എല്ലാവരും ശരിക്കും ചിന്തിച്ചിരുന്നു. അത്തരത്തില്‍ ആഴത്തില്‍ സിനിമയുമായി ഇടപെടുന്ന വ്യക്തികളുമായി പ്രവര്‍ത്തിക്കുന്നത് ശരിക്കും നല്ല അനുഭവമായിരുന്നു.
പിന്നെ എന്റെ സിനിമയില്‍ അഭിനയിച്ച മൂന്ന് നടിമാരെയും മറ്റ് അഭിനേതാക്കളെയും കുറിച്ച് എടുത്ത് പറയേണ്ടതുണ്ട്. പ്രത്യേകിച്ച് അവര്‍ മൂന്ന് പേര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് വളരെ മനോഹരമായിരുന്നു. ഞങ്ങള്‍ ഒരുപാട് റിഹേഴ്‌സലുകള്‍ നടത്തിയിരുന്നു. ഒരു നാടകത്തിന് പരിശീലിക്കും പോലെ ഞങ്ങള്‍ മൂന്ന് ആഴ്ച്ച മുന്നെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിലെല്ലാം തന്നെ അവരുടെ ഇടപെടല്‍ ഉണ്ടായിരുന്നു. പിന്നെ പ്രത്യേകിച്ച് എനിക്ക് മലയാളം അറിയാത്തതുകൊണ്ട് തന്നെ ഒരുപാട് സീനുകളും സംസാര രീതിയുമെല്ലാം തന്നെ നേരത്തെ, അതായത് ഷൂട്ടിങ്ങിന് മുമ്പ് തന്നെ ചെയ്തു നോക്കിയിരുന്നു. അതുകൊണ്ട് തന്നെ ആ പ്രൊസസ് വളരെ രസകരമായിരുന്നു. എന്നെ സംബന്ധിച്ച് അത് വളരെ നല്ല നിമിഷങ്ങളായിരുന്നു. കാരണം ഞാന്‍ ഒരുപാട് പഠിച്ചു.
ഫെസ്റ്റിവലുകളില്‍ സംവിധായകരായ മിഗ്വേല്‍ ഗോമസിനെ പോലുള്ളവരുടെ സിനിമയുടെ കൂടെയാണ് നിങ്ങളുടെ സിനിമയും പ്രദര്‍ശിപ്പിച്ചത്. ആ അനുഭവം എങ്ങനെയുണ്ടായിരുന്നു?
അത് ശരിക്കും സ്വപ്‌നതുല്യമായിരുന്നു. കാരണം എനിക്ക് മിഗ്വേല്‍ ഗോമസിന്റെ സിനിമകള്‍ വളരെ ഇഷ്ടമാണ്. രണ്ട് സിനിമകളും ഇത്തവണത്തെ ഐഎഫ്എഫ്‌കെയിലുണ്ട്. അതുകൊണ്ട് എല്ലാവരും അത് കാണാന്‍ ശ്രമിക്കണം. പിന്നെ വിദ്യാര്‍ഥിയായിരിക്കെ ഞാന്‍ ഈ സംവിധായകരെ എല്ലാം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് പേടിയും ആകാംഷയും ഉണ്ടായിരുന്നു.
ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടുന്ന സംവിധായികയും സിനിമയും
എന്നെ സംബന്ധിച്ച് ഇത് അവിശ്വസനീയമാണ്. എനിക്ക് വളരെ അധികം സന്തോഷമുണ്ട്. കാരണം നിരവധി ആളുകള്‍ ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രീ പ്രൊഡക്ഷന്‍ മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വരെയുള്ള രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിനുള്ള അംഗീകാരമാണിത്. പിന്നെ ഇതിനെല്ലാം മുന്‍പ് ഈ സിനിമയ്ക്ക് വേണ്ടി മൂന്ന് വര്‍ഷം ചിലവഴിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ നോമിനേഷന്‍ ഞങ്ങളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്.
കേരളത്തിന്റെ സിനിമാ ആസ്വാദന സംസ്‌കാരവും ഐഎഫ്എഫ്‌കെയും
ഐഎഫ്എഫ്‌കെ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ മുന്‍പത്തെ സിനിമകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എനിക്കിവിടെ വരുന്നത് വലിയ സന്തോഷമാണ്. കാരണം നിറയെ ആളുകള്‍ ഇവിടെ സിനിമ കാണാനായി എത്തുന്നു. ഇത്തരത്തിലുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് യുവ തലമുറയിലുള്ളവര്‍ക്കായി. കാരണം ഒരുപാട് കാര്യങ്ങള്‍ കാണാനുണ്ട്. പക്ഷെ, എന്ത് കാണണം എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ സാധിക്കും? ഈ സിനിമകളും ഫിലിം ഫെസ്റ്റിവലുകളും ചര്‍ച്ചകളും സംവാദങ്ങളും എഴുതപ്പെടുന്ന കാര്യങ്ങളുമെല്ലാം സിനിമകളിലൂടെയുള്ള കടന്നുപോകലിനെ മനസിനെ സ്വാധീനിക്കുന്ന ഒരു അനുഭവമാക്കുന്നു. തീര്‍ച്ചയായും ഇത് രാജ്യത്തെ മികച്ച ഫെസ്റ്റിവലുകളില്‍ ഒന്നാണ്.
പ്രചോദിപ്പിക്കുന്ന സംവിധായകര്‍
ഇന്ത്യയില്‍ നിന്ന് എന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിക്കുന്നത് അനാമിക ഹക്‌സറാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ മികവുറ്റ ഒരു സിനിമ ഉണ്ടാക്കി. റിമ ദാസും മഹേഷ് നാരായണനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകരാണ്. പാ രഞ്ജിത്തിന്റെ സിനിമകളും എനിക്ക് ഇഷ്ടമാണ്. നമ്മുടെ കാലത്തെ ഏറ്റവും മികവുറ്റ ചലച്ചിത്രകാരരില്‍ ചിലരാണ് ഇവര്‍. ഇതോടൊപ്പം ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്നുള്ള സിനിമകളും ഞാന്‍ കാണും. ഏഷ്യന്‍ സംവിധായകരായ എഡ്വേര്‍ഡ് യാങ്, സായ് മിങ്-ലിയാങ്, നവോമി കവാസെ എന്നിവരെയും ഇറ്റാലിയന്‍ സംവിധായിക ആലീസ് റോർവാച്ചർ, ക്ലെയർ ഡാനി എന്നിവരെയും എനിക്ക് ഇഷ്ടമാണ്. ഒരുപാട് പേരുകള്‍ പറയാന്‍ കഴിയും.. കാരണം എനിക്ക് ഒരുപാട് സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്.
(വിവർത്തനം: പ്രിയങ്ക മീര രവീന്ദ്രൻ)