കോഴിക്കോട് മെഡിക്കൽ കോളേജ് നടത്തിയ പഠനത്തിലും ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ഒരു ദിവസം ചികിത്സയ്‌ക്കെത്തുന്ന നൂറിൽ മുപ്പത് സ്ത്രീകൾക്കും പെരിനാറ്റൽ ഡിപ്രഷൻ ഉണ്ടെന്ന് കണ്ടെത്തല്‍
പെരിനാറ്റൽ ഡിപ്രഷൻ, സൈക്കോസിസ് എന്നീ ഗുരുതരാവസ്ഥകൾ നേരിടുന്ന സ്ത്രീകൾക്ക് ഇന്നും യഥാസമയം ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാത്തതിൻ്റെ തെളിവാണ്, ഗർഭകാലത്തും പ്രസവാനന്തരവും മക്കളെ കൊല്ലേണ്ടി വന്ന് നൂറിലധികം അമ്മമാർക്ക് ഇപ്പോഴും ജയിലിൽ കഴിയേണ്ടി വരുന്നത്.
സ്വന്തം കുഞ്ഞിൻ്റെ ജീവനെടുത്ത ആ നശിക്കപ്പെട്ട ആ നിമിഷങ്ങളിൽ... തങ്ങൾ മനോവിഭ്രാന്തിയിൽ ആയിരുന്നുവെന്ന് തെളിയിക്കാൻ കഴിയാതെ നിസ്സഹായരാണ് ഈ സ്ത്രീകളെല്ലാം. കുഞ്ഞുങ്ങളെ കൊന്ന ഈ അമ്മമാർക്ക് മാനസിക വിഭ്രാന്തിയുടെ നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നത് ദുഃഖകരമായ യാഥാർഥ്യമാണ്. പകരം കൊലക്കുറ്റം ചുമത്തി സർക്കാരും പൊലീസും ജൂഡീഷ്യറിയും അവരെ ജയിലിൽ അയക്കുന്നത് തുടരുകയാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 1000 പ്രസവങ്ങൾ നടക്കുന്നതിൽ 100 മുതൽ 150 ഓളം സ്ത്രീകളിൽ മാനസികനനില തകരാറിലാകുന്നുവെന്നാണ് കണ്ടെത്തൽ. അതിൽ തന്നെ പെരിനാറ്റൽ സൈക്കോസിസ് എന്ന് വിശേഷിപ്പിക്കുന്ന ഗുരുതര മാനസികരോഗം 0.89 ശതമാനം മുതൽ 2.6 ശതമാനം വരെയുള്ള സ്ത്രീകളെ ബാധിക്കുന്നു.
ഗർഭാനന്തര, പ്രസവാനന്തര സൈക്കോസിസ് എന്നീ രണ്ട് വിഭാഗം ഉണ്ട്. അതിൽ ബ്ലൂസ്, ഡിപ്രെഷൻ, സൈക്കോസിസ് എന്നീ മൂന്ന് അവസ്ഥാന്തരങ്ങൾ.
ശാരീരിക, വൈകാരിക, പാരമ്പര്യ, സാമ്പത്തിക, സാമൂഹിക, കുടുംബജീവിത മാറ്റങ്ങൾ,ഗാർഹികപീഡനം,ദാമ്പത്യകലഹം, അമ്മയുടെ പ്രായം, ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീമനസ്സുകളിലും ശരീരങ്ങളിലും ഉണ്ടാക്കാവുന്ന ആഘാതങ്ങൾ വിഷാദത്തിലേക്കും തുടർന്ന് ഉൻമാദത്തിലേക്കും കൊണ്ടെത്തിക്കുന്നതാണ് കാരണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഉറപ്പായും മാറുന്ന അസുഖം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്നറിയുക.
ജനസംഖ്യ ഏറെയുള്ള വികസ്വര രാജ്യങ്ങളിൽ ഇക്കണക്ക് വീണ്ടുമുയർന്ന് 167 മുതൽ 200 വരെയാണ്. യഥാർഥ കണക്കുകൾ ഇതിനപ്പുറമെന്നാണ് റിപ്പോട്ട്. എന്നിട്ടും നമ്മുടെ രാജ്യം ഇന്നേ വരെ ഗർഭാനന്തര, പ്രസവാനന്തര മാനസിക രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന ദിശയിലുള്ള യാതൊരു ശ്രമവും ഈ മേഖലയിൽ നടത്തിയിട്ടില്ല. മാത്രമല്ല ദേശീയ മാനസികാരോഗ്യ പോളിസിയിൽ പോലും ഇത്തരം മാതൃ മാനസികാരോഗ്യ പ്രശ്നങ്ങളെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യുകയോ അവയെ ആരോഗ്യപ്രശ്നങ്ങളായി അംഗീകരിക്കുകയോ ചെയ്യുന്നില്ല. എന്തിനധികം തെക്ക് കിഴക്കേ ഏഷ്യയിൽ തന്നെ ഇത്തരം കേസുകൾ ചികിത്സിച്ചു ഭേദമാക്കാൻ വേണ്ടിയുള്ള ഏക സ്ഥാപനം ബാംഗ്ലൂരു നിംഹാൻസ് മാത്രമാണ്. ആരോഗ്യസൂചികയിൽ ലോകനിലവാരത്തിലുള്ള കേരളത്തിലെ സ്ഥിതിയും ഏറെ ദയനീയമാണ്.
ഒരു വർഷം 45,0000 ത്തിനും 50,0000 ത്തിനും ഇടയിൽ പ്രസവങ്ങൾ നടക്കുന്ന കേരളത്തിൽ വെറും ആറ് ഡോക്ർമാർ മാത്രമാണ് പെരിനാറ്റൽ സൈക്യാട്രിയിൽ പ്രത്യേക പരിശീലനം നേടിയവർ. അതായത് 10,000 ഗർഭിണികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും കൂടി ആകെ ഒരു ഡോക്ടർ എന്നതാണ് ഞെട്ടിക്കുന്ന വസ്തുതയെന്ന് ഡോക്ടർമാർ തന്നെ സമ്മതിക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ദിവസം ചികിത്സയ്‌ക്ക് എത്തുന്ന ശരാശരി 100 ഗർഭിണികളിൽ നടത്തുന്ന സ്ക്രീനിങ്ങിൽ 30 പേർക്കും വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ ഒന്നോ രണ്ടോ പേർക്ക് ഗുരുതര മാനസികപ്രശ്നങ്ങൾ കണ്ടെത്താറുണ്ടെന്ന് ഡോക്ടർമാർ അടിവരയിടുന്നു.
വികസിത രാജ്യങ്ങളിൽ പെരിനാറ്റൽ സൈക്കോസിസ് കേസുകളിലകപ്പെടുന്ന സ്ത്രീകൾക്ക് അറസ്റ്റ്, റിമാന്റ്, വിചാരണ, ജയിൽ എന്നതിന് പകരം മെച്ചപ്പെട്ട ചികിത്സയും നിയമപരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തു ഇത്തരം മാനസികരോഗത്തിന് അടിപ്പെട്ട് കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ കൊലപാതകക്കുറ്റം ചുമത്തി വിചാരണ ചെയ്തു തുറങ്കിലടക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ അനീതികളിലേക്കാണ് ന്യൂസ്‌മലയാളം 24×7ന്റെ ക്യാമറ തുറന്ന് വെക്കുന്നത്.
കാലാനുസൃത നിയമ നിർമാണവും ദേശീയ മാനസികാരോഗ്യങ്ങളിലെ പുരോഗമന നയങ്ങളുമാണ് ഈ അന്വേഷണ പരമ്പരയിലൂടെ ന്യൂസ് മലയാളം 24X7 ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ അമ്മമാരാൽ കൊല്ലപ്പെട്ട 112 കുട്ടികളുടെ കേസുകളാണ് അന്വേഷണവിധേയമാക്കിയത്. ഇതിൽ ഭൂരിഭാഗവും പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസിക രോഗാവസ്ഥയിലാണ് സംഭവിച്ചതെന്ന് ഈ അന്വേഷണത്തിൽ വ്യക്തമാകുന്നു. സംസ്ഥാന സർക്കാരും പൊലീസും ആരോഗ്യവകുപ്പും കോടതികൾ പോലും സ്വാഭാവിക കൊലപാതകം ആയിക്കാണുന്ന ഈ കേസുകളുടെ മേൽ പുനർവിചിന്തനം അനിവാര്യമാകുന്ന തെളിവുകളാണ് ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങൾ പുറത്തുവിടുന്നത്.
ALSO READ: ചികിത്സ നിഷേധിച്ച് ഡോക്ടർ; 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവനെടുത്തു, അനീസ ഇന്നും ട്രോമയിൽ!