ജയിൽ ഉപദേശക സമിതി അംഗം കൂടിയായ പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിലെത്തി മടങ്ങിയിരുന്നു
പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കുറ്റവാളികളെ മാറ്റിയത്. രഞ്ജിത്ത് , സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിലിലേക്ക് മാറ്റിയത്. ഒൻപത് പേർക്കും സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് ജയിൽ മാറ്റം. അതേസമയം, ജയിൽ ഉപദേശക സമിതി അംഗം കൂടിയായ പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിലെത്തി മടങ്ങിയിരുന്നു.
ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും, പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ പ്രതികളുടെ ജാമ്യവും കോടതി റദ്ദാക്കി. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.