സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അബൂബക്കറും സഹായികളും കഞ്ചാവ് ഒളിപ്പിച്ചത് കണ്ടെത്തിയത്
വ്യക്തി വൈരാഗ്യം തീർക്കാൻ മകൻ്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ച പിതാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അബൂബക്കറും സഹായികളും കഞ്ചാവ് ഒളിപ്പിച്ചത് കണ്ടെത്തിയത്.
മാനന്തവാടി ടൗണിലെ പി എ ബനാന എന്ന കടയുടെ ഉടമയും അബൂബക്കറിൻ്റെ മകനുമായ നൗഫല്‍ പള്ളിയില്‍ പോയ സമയം നോക്കിയാണ് കൂട്ടുപ്രതികളുടെ സഹായത്തോടെ കഞ്ചാവ് ഒളിപ്പിച്ചത്. സംഭവത്തിൽ കടയുടമയായ നൗഫലിനെതിരെ അന്ന് എക്സൈസ് കേസ് എടുത്തിരുന്നു. നൗഫൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി അബൂബക്കറാണെന്ന് മനസിലായത്. മകനോടുള്ള വൈരാഗ്യം കാരണമാണ് കഞ്ചാവ് കേസില്‍ കുടുക്കിയതെന്ന് വ്യക്തമായതോടെയാണ് മാസങ്ങൾക്ക് ശേഷം അറസ്റ്റ് ഉണ്ടായത്.
ALSO READ: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: വിചാരണ കോടതി വെറുതെവിട്ട അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി
സംഭവത്തിനു ശേഷം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു അബൂബക്കർ. കര്‍ണാടകത്തില്‍ നിന്നും എത്തിച്ച 2.095 കിലോഗ്രാം കഞ്ചാവാണ് കടയിൽ ഒളിപ്പിച്ചത്. അബൂബക്കറിൻ്റെ സഹായികളായ ജിൻസ് വർഗീസ്, ഔത എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കര്‍ണാടക സ്വദേശിയായ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്.