15 വർഷമായി ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി എന്നാരോപിച്ചാണ് യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്
കൂത്താട്ടുകുളത്ത് ആളുമാറി കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ രാത്രിയിൽ നടുറോഡിൽ ഇറക്കി വിട്ടതായി പരാതി. സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയായ ഇവരെ ശനിയാഴ്ച വൈകിട്ടാണ് വളപ്പട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ ആള് മാറി കസ്റ്റഡിയിൽ എടുത്തതാണെന്ന് അറിയിച്ച് 100 രൂപ തന്ന് ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നെന്ന് ഇവർ പരാതിപ്പെട്ടു.
15 വർഷമായി ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി എന്നാരോപിച്ചാണ് അധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ കൂത്താട്ടുകുളം സ്റ്റേഷനിലെത്തിച്ച സ്ത്രീയെ രാത്രി 8.00 മണി വരെ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിർത്തി. തുടർന്ന് ആള് മാറിയെന്ന് മനസിലായ പൊലീസ് 100 രൂപ കൊടുത്ത് ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നെന്ന് യുവതി പറയുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് മാനസിക പീഡനത്തിന് ഇരയായതായാണ് യുവതിയുടെ മൊഴി. താൻ തെറ്റ് ചെയ്തില്ലെന്ന് പല തവണയായി വ്യക്തമാക്കിയിട്ടും പൊലീസ് നിങ്ങൾ തന്നെയാണ് പ്രതിയെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതായി ഇവർ വ്യക്തമാക്കി. അതേസമയം അഡ്രസ്സിലെ പിഴവ് മനസിലാക്കി വിട്ടയക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.