കേസിലെ പ്രതി തേജസ് കൊല്ലത്തെ ഒരു എഎസ്‌ഐയുടെ മകനാണ്
കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നതിന് ശേഷം അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇരു കുടുംബവും തമ്മിൽ വർഷങ്ങളോളം പരിചയം ഉണ്ടെന്നും തേജസിൻ്റെയും ഫെബിൻ്റെ സഹോദരിയുടേയും വിവാഹം ഉറപ്പിച്ചിരുന്നു എന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇരുവരും പെരുമൺ എഞ്ചിനീയറിങ് കോളേജിൽ ഒരുമിച്ചായിരുന്നു പഠിച്ചത്. ഫെബിൻ്റെ സഹോദരി നിലവിൽ കോഴിക്കോട് ജോലി ചെയ്തുവരികയാണ്.
ഹെബിൻ്റെ സഹോദരിക്ക് ജോലി ലഭിക്കുകയും, തേജസിന് ജോലി ലഭിക്കാതെയും വന്നപ്പോഴാണ് ഇവർ വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇതിനെത്തുടർന്ന് ഇവർക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഫെബിൻ കൊണ്ടുവന്ന കാറിൽ നിന്നും ഒരു ലിറ്റർ പെട്രോൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതൊരു ഒരു ടിന്നിൽ സൂക്ഷിച്ച് വച്ച നിലയിലായിരുന്നു.
ALSO READ: കൊല്ലത്തെ കൊലപാതകത്തിനു പിന്നില്‍ പ്രണയപ്പക? ഫെബിന്‍ കുത്തേറ്റ് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സഹോദരി തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സഹോദരി വീട്ടിലില്ലാത്തതിനെ തുടർന്നാണ് പിതാവ് ഗോമസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. ഇത് തടയാനെത്തിയ ഫെബിനെ പ്രതി കുത്തിവീഴ്ത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ പിതാവ് ഗോമസിനും കുത്തേറ്റിറ്റുണ്ട്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയാണ് കേസിലെ മുഖ്യസാക്ഷി. ഇവർ ഇപ്പോൾ പിതാവിനൊപ്പം ആശുപത്രിയിലാണ്.ഫെബിൻ്റെ മൃതദേഹവും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രണ്ടുപേരുടേയും മൃതദേഹങ്ങൾ സംസ്കരിക്കും.
ALSO READ: കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കേസിലെ പ്രതി തേജസ് കൊല്ലത്തെ ഒരു എഎസ്‌ഐയുടെ മകനാണ്. കോൺസ്റ്റബിൾ ട്രെയിനിങ്ങിന് അടക്കം പങ്കെടുത്തിരുന്നുവെങ്കിലും, ഫിറ്റ്നസ് പൂർത്തിയാകാത്തതിനെ തുടർന്ന് അതിൽ നിന്നും ഫെയിലിയർ ആകുകയുമായിരുന്നു. ഇതേ തുടർന്ന് പ്രതി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും, കൗൺസിലിങ് ഉൾപ്പെടെ നൽകിയിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു കൊല്ലത്തെ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഫെബിൻ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ്. ഫെബിൻ ജോർജിനെ കൊലപ്പെടുത്തിയതിന് പിന്നാലെ തേജസ് രാജ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ട നിലയിൽ കാറും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.