സീരിയലുകൾ കുടുംബ സദസ്സുകളിലേക്ക് എത്തുന്നവയാണ്. ഇത്തരം കാഴ്ചകളിലൂടെ വളരുന്ന കുട്ടികൾ ഇതാണ് ജീവിതവും ബന്ധങ്ങളുമെന്ന് കരുതും
മലയാള ടിവി സീരിയലുകൾക്കെതിരായ എൻഡോസൾഫാൻ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ചില സീരിയലുകളെ കുറിച്ചാണ് താൻ പറഞ്ഞത്. അവ മാരകമായ വിഷം തന്നെയാണ് എന്നും അദ്ദേഹം ആവർത്തിച്ചു. സീരിയലുകൾ കുടുംബ സദസ്സുകളിലേക്ക് എത്തുന്നവയാണ്. ഇത്തരം കാഴ്ചകളിലൂടെ വളരുന്ന കുട്ടികൾ ഇതാണ് ജീവിതവും ബന്ധങ്ങളുമെന്ന് കരുതും. അതിന്റെ അടിസ്ഥാനത്തിലാകും അവരുടെ ജീവിത വീക്ഷണം രൂപപ്പെടുകയെന്നും പ്രേംകുമാർ പറഞ്ഞു. തന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ അത് ക്രൂശിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള സീരിയലുകള്‍ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാകുന്നുവെന്നായിരുന്നു പ്രേംകുമാറിന്റെ പരാമർശം. സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണ്. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞിരുന്നു.
പ്രേംകുമാറിന്റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്തെത്തിയിരുന്നു. എന്തെങ്കിലും കുറവുകള്‍ സീരിയലുകള്‍ക്കുണ്ടെങ്കില്‍ അതിന് മാതൃകാപരമായ ഇടപെടലുകള്‍ നടത്തേണ്ട ചുമതലയിലാണ് പ്രേംകുമാര്‍ ഇരിക്കുന്നത്. എന്നാൽ അതിനുള്ള ശ്രമങ്ങൾ നടത്താതെ കയ്യടിക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവകൾ നടത്തുന്നത് എന്നും ആത്മ വിമർശിച്ചിരുന്നു.