ആശ വർക്കർമാരുടെ ഓണറേറിയം 10,000 രൂപയിൽ നിന്ന് 18,000 രൂപയാക്കുമെന്നാണ് പ്രഖ്യാപനം
ഓണറേറിയം വർധിപ്പിച്ച് പുതുച്ചേരി. ആശ വർക്കർമാരുടെ ഓണറേറിയം 10,000 രൂപയിൽ നിന്ന് 18,000 രൂപയാക്കുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി എൻ. രംഗസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. അസംബ്ലിയിൽ ബഡ്ജറ്റ് ചർച്ചകൾക്കിടയിലാണ് പ്രഖ്യാപനം.
അതേസമയം, സംസ്ഥാനത്ത് സമരത്തിന്റെ ഭാഗമായി നിരാഹാരമിരുന്ന ആശാ പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി. വട്ടിയൂർക്കാവ് യുപിഎച്ച്സിയിലെ ആശാ വർക്കർ ശോഭയെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് നടപടി. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോഗ്യം മോശമായതിനെ തുടർന്നാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്.
ശോഭയ്ക്ക് പകരം മറ്റൊരു ആശാ വർക്കർ സമരമേറ്റെടുത്തു. കുളത്തൂർ എഫ്എച്ച്സിയിലെ ആശാ വർക്കർ ഷൈലജ എസ് ആണ് നിരഹാര സമരം ഏറ്റെടുത്തത്. എം.എ. ബിന്ദു, കെ.പി. തങ്കമണി എന്നിവർ ആറാം ദിവസവും നിരാഹാര സമരം തുടരുകയാണ്.
അതേസമയം, ഈ നിമിഷം വരെ സമരം ഒത്ത് തീർപ്പാക്കണം എന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ ഒരു കത്ത് പോലും നൽകിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വലിയ തുകയാണ് ചോദിക്കുന്നതെന്നും അതെങ്ങനെ കൊടുക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. നയപരമായ തീരുമാനവും സാമ്പത്തിക പ്രതിസന്ധിയും അതിനു കാരണമാണ്. കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം. ആശമാർ തൊഴിൽ മന്ത്രിയായ തനിക്ക് ഒരു കത്ത് പോലും നൽകിയിട്ടില്ല. പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അപ്പോൾ തന്നെ ദുഷ്ടലാക്ക് മനസിലാകുമെന്നും എസ്‌യുസിഐയെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയ സമരമാണ് നടത്തുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.