സൂപ്പർ ജയന്റ്സിനായി അർധ സെഞ്ചുറിയുമായി മിച്ചൽ മാർഷും ഐഡൻ മാർക്രവും തിളങ്ങിയപ്പോൾ റൺസ് വഴങ്ങാതെ ദിഗ്വേഷ് രതി മുംബൈയെ വലച്ചു
അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് വിജയം. 12 റൺസിനാണ് ലഖ്നൗവിന്റെ ജയം. സൂപ്പർ ജയന്റ്സിനായി അർധ സെഞ്ചുറിയുമായി മിച്ചൽ മാർഷും ഐഡൻ മാർക്രവും തിളങ്ങിയപ്പോൾ റൺ വഴങ്ങാതെ ദിഗ്വേഷ് രതി മുബൈയെ വലച്ചു. 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ മാർഷിന്റെ ബാറ്റിങ് വെടിക്കെട്ട് മുബൈയെ പ്രതിസന്ധിയിലാക്കി. രണ്ട് സിക്സും ഒൻപത് ഫോറുമായി 60 (31) റൺസാണ് മാർഷൽ അടിച്ചുകൂട്ടിയത്. വിഘ്നേഷ് പുത്തൂരാണ് മിച്ചൽ മാർഷിനെ പുറത്താക്കിയത്. എന്നാൽ ആ നഷ്ടം ഐഡൻ മാർക്രം നികത്തി. 38 പന്തിൽ 53 റൺസുമായാണ് താരം മടങ്ങിയത്. കഴിഞ്ഞ കളികളിൽ മികച്ച കളി പുറത്തെടുത്ത നിക്കോളാസ് പൂരന് (12) കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ക്യാപ്റ്റൻ റിഷഭ് പന്ത് നാലാം കളിയിലും ഫോം കണ്ടെത്തിയില്ല. രണ്ട് റൺസാണ് ലഖ്നൗ നായകന്‍ നേടിയത്.
മുംബൈയ്ക്ക് വേണ്ടി ഹർദിക് പാണ്ഡ്യ 36 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. നിക്കോളാസ് പൂരൻ, റിഷഭ് പന്ത്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, അകാശ് ദീപ് എന്നിവരുടെ വിക്കറ്റാണ് ഹർദിക് വീഴ്ത്തിയത്. ടി20യിലെ ഹർദിക് പാണ്ഡ്യയുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ വിൽ ജാക്സിനും (5), റയാൻ റിക്കെൽടണിനും (10) നല്ല തുടക്കം നൽകാൻ സാധിച്ചില്ല. നമാൻ ധീറും പിന്നാലെ എത്തിയ സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന തോന്നലുണ്ടാക്കിയെങ്കിലും 9-ാം ഓവറിൽ നമൻ പുറത്തായി. 46 റൺസാണ് നമൻ നേടിയത്. ഒരു സിക്സും ഒൻപത് ഫോറുമായി അർധ സെഞ്ചുറി നേടിയ സൂര്യകുമാറാണ് (67) മുംബൈയുടെ ടോപ് സ്കോറർ. നാല് ഓവറിൽ 21 റൺസ് മാത്രം വിട്ട് കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ദിഗ്വേഷ് രതിയാണ് മുംബൈയെ പിടിച്ചുകെട്ടിയത്.