നിലവിൽ അമേരിക്ക യുക്രെയ്നിൽ നിന്ന് അകലുന്ന സാഹചര്യവും എന്നാൽ യുക്രെയ്നെ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുടിൻ്റെ ഈ പ്രതികരണം
റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾക്കും പങ്കെടുക്കാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കാൻ ഈ രാജ്യങ്ങൾക്കും പങ്കു വഹിക്കാനാകുമെന്നും താൻ അതിലൊരു തെറ്റും കാണുന്നില്ലെന്നും പുടിൻ വ്യക്തമാക്കി. നിലവിൽ അമേരിക്ക യുക്രെയ്നിൽ നിന്ന് അകലുന്ന സാഹചര്യവും എന്നാൽ യുക്രെയ്നെ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുടിൻ്റെ ഈ പ്രതികരണം. യുക്രെയ്നെ അനുകൂലിക്കുന്ന യുഎൻ പൊതുസഭയിലെ പ്രമേയത്തിൽ യുഎസ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.
ALSO READ: ബംഗാൾ ഉൾക്കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
"ഞാൻ ഇതിൽ ഒരു തെറ്റും കാണുന്നില്ല. ഒരുപക്ഷേ ഇവിടെ ആർക്കും ഒന്നും ആവശ്യപ്പെടാൻ കഴിയില്ല. പ്രത്യേകിച്ച് റഷ്യയിൽ നിന്ന്. എന്നാൽ ചർച്ചയിൽ അവരുടെ പങ്കാളിത്തം ആവശ്യമാണ്. യുക്രെയിൻ വിജയിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചു എന്ന് അവകാശപ്പെടുന്നു. അവർക്ക് തിരികെ വരണമെങ്കിൽ, അവരെ സ്വാഗതം ചെയ്യുന്നു," പുടിൻ പറഞ്ഞു. സുഹൃത്തുക്കളായ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയവ) രാജ്യങ്ങളുടെ അഭിപ്രായങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു.
കഴിഞ്ഞ ദിവസമാണ് റഷ്യ- യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്നത്. ആക്രമണങ്ങളും പ്രതിരോധവും പ്രത്യാക്രമണങ്ങളുമായി യുദ്ധം ഇപ്പോഴും തുടരുന്നു. മൂന്നാം വാർഷികത്തലേന്ന് ഇത്രനാളും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് യുക്രെയ്ന് നേരെ റഷ്യ നടത്തിയത്. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. യുദ്ധം ആരംഭിക്കുമ്പോൾ യുക്രയിനെ അതിവേഗം കീഴ്പെടുത്താമെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ കരുതിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായി ഇത് മാറി.