പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്
എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയതില്‍ പ്രതികരണവുമായി പി.വി. അന്‍വര്‍ എംഎല്‍എ. "അജിത് കുമാറിന്റെ തലയിൽ നിന്ന് തൊപ്പി ഊരിക്കുമെന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ"എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ALSO READ : ഒടുവില്‍ ഔട്ട് ! എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി
അന്‍വറിന്‍റെ രാഷ്ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയപ്രഖ്യാപന സമ്മേളനം നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് അജിത് കുമാറിനെ പുറത്താക്കാനുള്ള യോഗം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു. ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും. ഈ കച്ചവടത്തിന് പിന്നിലും എഡിജിപിയാണ്. ഈ രാഷ്ട്രീയ കൂട്ടുകെട്ടിൽ ജനങ്ങൾക്ക് നീതി ഉണ്ടാകില്ല. ജനങ്ങൾ പ്രതീക്ഷിക്കുന്നതിലും വലുതാണ് ഈ രാഷ്ട്രീയ കൂട്ടുകെട്ടെന്നും അന്‍വര്‍ നയപ്രഖ്യാപന യോഗത്തില്‍ പറഞ്ഞിരുന്നു.
ALSO READ : ഉചിതമായ, ശരിയായ നടപടി; ഇത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ വിജയം: ADGPയുടെ ചുമതല മാറ്റത്തില്‍ ബിനോയ് വിശ്വം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ഉറ്റുനോക്കിയ അജിത് കുമാറിനെതിരായ സര്‍ക്കാര്‍ നടപടി ന്യൂസ് മലയാളം ചാനലാണ് ആദ്യം ജനങ്ങളെ അറിയിച്ചത്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഞായറാഴ്ച രാത്രി മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തിയത് ന്യൂസ് മലയാളം ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇനി ബറ്റാലിയന്‍റെ ചുമതല മാത്രമാകും അജിത് കുമാറിന് ഉണ്ടാവുക. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.