മരുമകന് വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണമെന്നും ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുകയാണെന്നും പി.വി. അൻവർ ആരോപിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി.വി. അൻവർ എംഎൽഎ . മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ അർഹതയില്ലെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമെന്നും അൻവർ ആരോപിച്ചു. മരുമകന് വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണമെന്നും ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുകയാണെന്നും എംഎൽഎ പറയുന്നു.
മൂക്കിന് താഴെ നടക്കുന്ന ക്രമക്കേടുകൾ പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. അതിനാൽ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നായിരുന്നു പി.വി. അൻവറിൻ്റെ പ്രസ്താവന. ഒരു മുഹമ്മദ് റിയാസിന് വേണ്ടി മാത്രമാണോ പാർട്ടിയെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയാൽ ഇങ്ങനെ പോകുമെന്ന് കരുതേണ്ടെന്നും ഒരു കൊമ്പനും കുത്താൻ വരേണ്ടെന്നും എംഎൽഎ പറഞ്ഞു.
ALSO READ: "കണ്ടത് പിതാവിൻ്റെ സ്ഥാനത്തായിരുന്നു, മുഖ്യമന്ത്രി ചതിച്ചു!"
സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അര്‍ഹതയില്ല. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ലൈൻ. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണെന്നും ഗോവിന്ദന്‍ മാഷിന്‍റെ കാര്യം ഇതാണെങ്കില്‍ മറ്റു സഖാക്കളുടെ കാര്യം എന്തായിരിക്കുമെന്നും അൻവർ ചോദിച്ചു.
പി. ശശിയെക്കുറിച്ച് നല്ല വാക്ക് പറയാൻ പിണറായി വിജയന് മാത്രമെ കഴിയൂ. ഈ നിലയിലാണ് പോക്ക് എങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും എംഎൽഎ ആഞ്ഞടിച്ചു. അഴിമതി നടത്താത്ത നല്ല സഖാവാണെന്ന് വിശ്വസിച്ചാണ് മുഖ്യമന്ത്രിയെ എട്ട് വർഷം സ്നേഹിച്ചതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായെന്നും മുഖ്യമന്ത്രിയിലെ സൂര്യൻ കെട്ടുപോയെന്നും അദ്ദേഹത്തോട് തന്നെ തുറന്നു പറഞ്ഞിരുന്നു. 30 ശതമാനം ജനങ്ങൾക്കും മുഖ്യമന്ത്രിയോട് വെറുപ്പാണെന്നും അദ്ദേഹത്തിന്‍റെ ഗ്രാഫ് 100ൽ നിന്ന് പൂജ്യത്തിലേക്കെത്തിയെന്നും തുറന്നു പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു.
ALSO READ: മുഖ്യമന്ത്രി പറയുന്നത് എഡിജിപി എഴുതിക്കൊടുത്ത തിരക്കഥ: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ
അതേസമയം എംഎൽഎ സ്ഥാനം രാജി വെക്കില്ലെന്ന് പി.വി. അൻവർ വ്യക്തമാക്കി. ജനങ്ങളാണ് ഈ എം.എൽ.എ സ്ഥാനം നൽകിയത്. തൻ്റെ രാജിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ടെന്നും ജീവിച്ചിരുപ്പുണ്ടെങ്കിൽ ഒന്നര വർഷം സ്ഥാനത്തിരിക്കുമെന്നും അൻവർ എംഎൽഎ പറഞ്ഞു.