അന്നയുടെ വേർപാടിൻ്റെ ദുഖത്തിലും കോർപ്പറേറ്റ് ജീവനക്കാരിയെന്ന നിലയിൽ മകൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്നു പറയാൻ കാണിച്ച മാതാപിതാക്കളുടെ ധൈര്യത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു
ചാറ്റേര്‍ഡ് അക്കൗണ്ടൻ്റെ അന്ന സെബാസ്റ്റ്യൻ്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അന്നയുടെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച അദ്ദേഹം ജീവനക്കാർക്ക് ആരോഗ്യകരമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനായി പോരാടുമെന്ന് ഉറപ്പ് നൽകി.
കൊച്ചിയിലെ അന്നയുടെ വീട് സന്ദർശിച്ച എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തിയാണ് രാഹുൽ ഗാന്ധിക്ക് വീഡിയോ കോൾ വഴി മാതാപിതാക്കളുമായി സംസാരിക്കാൻ അവസരമൊരുക്കിയത്. അന്നയുടെ വേർപാടിൻ്റെ ദുഖത്തിലും കോർപ്പറേറ്റ് ജീവനക്കാരിയെന്ന നിലയിൽ മകൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്നു പറയാൻ കാണിച്ച മാതാപിതാക്കളുടെ ധൈര്യത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
കോർപ്പറേറ്റ് മേഖലയിൽ ജീവനക്കാരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൂടിയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി പോരാടുമെന്നും കുടുംബത്തിന് അദ്ദേഹം ഉറപ്പ് നൽകി. അന്നയുടെ ഓർമക്കായി ഇന്ത്യയിലെ എല്ലാ പ്രൊഫഷണലുകൾക്കും വേണ്ടി ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും എഐപിസി ചെയർമാന് രാഹുൽ ഗാന്ധി നിർദേശം നൽകി.
രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കോർപ്പറേറ്റ് ജീവനക്കാരനുഭവിക്കുന്ന ജോലി സമ്മർദം, ടോക്സിക്കായ തൊഴിൽ സംസ്കാരം തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉടൻ ഹെൽപ്പ് ലൈൻ പ്രഖ്യാപിക്കും. ശേഷം മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി കരട് മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും എഐപിസി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.