മരിച്ചവരുടെ ബന്ധുകൾക്ക്10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2.5ലക്ഷം രൂപയും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചത്
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. മരിച്ചവരുടെ ബന്ധുകൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 9.55ഓടെയാണ് അപകടം നടന്നത്. 13,14പ്ലാറ്റ് ഫോമുകളിലുണ്ടായ വൻ തിരക്കാണ് ദുരന്തത്തിന് കാരണം. ട്രെയിൻ പുറപ്പെടുന്നതിൽ കാലതാമസം നേരിട്ടതും, ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിറ്റതും തിരക്കിൻ്റെ ആഘാതം വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തെ പറ്റി റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഷനിൽ സ്വതന്ത്ര സേനാനി,ഭുവനേശ്വർ രാജധാനി എന്നീ രണ്ട് ട്രെയിനുകളിൽ കയറാൻ നിരവധി ആളുകൾ കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ് മഹാ കുംഭമേളയ്ക്കായി പ്രത്യേക ട്രെയിനായ പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാനുള്ള സമയമായിരുന്നു. ഈ സമയം കൂടുതൽ ആളുകൾ പ്ലാറ്റ്‌ഫോമിൽ തടിച്ച് കൂടാൻ തുടങ്ങി. കൂടാതെ, പ്രയാഗ്‌രാജ് എക്സ്പ്രസ് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്കാണ് എത്താൻ പോകുന്നതെന്നൊരു കിംവദന്തിയും ആളുകൾക്കിടയിൽ പരന്നു. ഇതുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു.
അപകടം നടന്ന റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇടുങ്ങിയ എസ്കലേറ്ററും അപകടകാരണമായി കണക്കാക്കിയിട്ടിട്ടുണ്ട്. മരിച്ചവരിൽ അധികവും ബിഹാർ സ്വദേശികളാണ്. ബിഹാറിൽ നിന്നുള്ള 9പേരാണ് മരിച്ചത്. 8 പേർ ഡൽഹിയിൽ നിന്നുള്ളവരും,ഒരാൾ ഹരിയാന സ്വദേശിയുമാണ്. അഞ്ച് സ്ത്രീകൾ വെൻ്റിലേറ്ററിൽ തുടരുകയാണ്. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും, ടോൾ ഫ്രീ നമ്പർ ആരംഭിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. ആളുകളുടെ പേര് വിവരങ്ങളും റെയിൽവേ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.സ്റ്റേഷനിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ഉയർന്നുവരുന്ന ആരോപണം.
ALSO READ: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; മരിച്ചവരില്‍ മൂന്ന് കുട്ടികളും
രാജ്യത്തെ നടുക്കിയ അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രി മോദിയും ദുഃഖം രേഖപ്പെടുത്തി. "ദുഃഖിതരായ കുടുംബങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു," രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. "ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ താൻ ദുഃഖിതനാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി. കെ. സക്‌സേന സംഭവത്തെ "നിർഭാഗ്യകരവും, "ദുരന്തകരവും" എന്ന് വിശേഷിപ്പിക്കുകയും ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു."ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ചീഫ് സെക്രട്ടറിയുമായും പൊലീസ് കമ്മീഷണറുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.