ഒരു കോടിയോളം യാത്രക്കാര്‍ക്ക് ഇതിന്‍റെ ഫലം ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍
ഉത്സവ സീസണിലെ തിരക്കൊഴിവാക്കാന്‍ അധിക കോച്ചുകളും സ്പെഷ്യല്‍ ട്രെയിനുകളും അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ചാഠ് പൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളില്‍ ഉണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് മുന്നില്‍ കണ്ടുകൊണ്ടാണ് തീരുമാനം. 108 ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കും. സ്പെഷ്യല്‍ ട്രെയിനുകള്‍ക്കായി 12500 കോച്ചുകളും അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഒരു കോടിയോളം യാത്രക്കാര്‍ക്ക് ഇതിന്‍റെ ഫലം ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. 2023-24 സീസണില്‍ 4429 ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. ഇത്തവണ ഈ ദിവസം വരെ 5975 ട്രെയിനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് 4.0 സംവിധാനം ആദ്യമായി രാജസ്ഥാനിലെ സവായ് മധോപൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ പതിനായിരത്തോളം ലോക്കോമോട്ടീവുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കും. ലോക്കോ പൈലറ്റ് പരാജയപ്പെടുന്ന ഘട്ടത്തില്‍ നിര്‍ദിഷ്ട വേഗപരിധിക്കുള്ളില്‍ ഓടുന്ന ട്രെയിനുകളെ ഓട്ടോമാറ്റിക് ബ്രേക്കുകള്‍ ഉപയോഗിച്ച് നിര്‍ത്തുന്ന സംവിധാനമാണിത്.