തൃശൂർ ചാലക്കുടിയിലെ ഏജൻ്റ് സുമേഷ് ആൻ്റണിയും റഷ്യൻ മലയാളി സന്ദീപ് തോമസും ഏജൻസിയുടെ ഭാഗമാണെന്ന് കൂലിപ്പട്ടാളത്തിൽ നിന്നും മടങ്ങിയെത്തിയ റെനിൽ തോമസ്
റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിൽ മലയാളി ഏജൻ്റുമാർക്കും പങ്കുള്ളതായി വെളിപ്പെടുത്തൽ. കൂലിപ്പട്ടാളത്തിൽ നിന്നും മടങ്ങിയെത്തിയ റെനിൽ തോമസാണ് താൻ നേരിട്ട ക്രൂരത തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞത്. തൊഴിൽ തട്ടിപ്പുകളുടെ ഏറ്റവും ക്രൂരമായ മുഖമാണ് താൻ നേരിട്ടത്. ഇത്തരം തൊഴിൽ തട്ടിപ്പുകൾ ഇല്ലാതാക്കാൻ ശക്തമായ നടപടി വേണമെന്നും റെനിൽ പറഞ്ഞു.
ഇന്നും ഭയപ്പാടോടെയാണ് റഷ്യയിലെ ദിനങ്ങളെ റെനിൽ ഓർത്തെടുക്കുന്നത്. ഷെഫ് എന്ന പോസ്റ്റിലേക്ക് നിയമിക്കുമെന്ന് വാഗ്ദാനം ചെയ്താണ് റെനിലിനെ റഷ്യയിൽ എത്തിക്കുന്നത്. രണ്ടര ലക്ഷം വരെയായിരുന്നു പറഞ്ഞിരുന്ന ശമ്പളം. വിവിധ തസ്തികകൾ പറഞ്ഞായിരുന്നു റിക്രൂട്ട്മെന്റെന്നും റെനിൽ വെളിപ്പെടുത്തി.
അനധികൃത മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ സർക്കാർ ഏജൻസിയായ സിബിഐ അന്വേഷണം നടത്തുകയാണ്. കേരള പൊലീസ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ അന്വേഷണവും തുടരുന്നുണ്ട്. ഡൽഹി വിമാനത്താവളത്തിൽ വച്ച് സിബിഐ സംഘത്തിന് റഷ്യയിൽ നിന്നും മടങ്ങിയെത്തിയവർ മൊഴി നൽകിയിരുന്നു. ഉടൻ തന്നെ കേരള പൊലീസിനും തങ്ങൾ പരാതി നൽകുമെന്ന് ചതിക്കപ്പെട്ട യുവാക്കൾ പറയുന്നു.