അന്താരാഷ്ട്ര നിലവാരമുള്ള സ്വതന്ത്ര ഏജൻസി ഡാം സുരക്ഷ സംബന്ധിച്ച് പഠനം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു
ആശങ്കയുണർത്തുന്ന മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ പരിശോധന നടത്താൻ കേരളത്തിന് അനുമതി ലഭിച്ച നടപടിയിൽ സന്തുഷ്ടരെന്ന് മുല്ലപ്പെരിയാർ സമരസമിതി. ഒപ്പം അന്താരാഷ്ട്ര നിലവാരമുള്ള സ്വതന്ത്ര ഏജൻസി ഡാം സുരക്ഷ സംബന്ധിച്ച് പഠനം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. 13 വർഷമായി കേരളം ആവശ്യപ്പെടുന്ന കാര്യമാണ് ഡാമിന്‍റെ സുരക്ഷാ പരിശോധന. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര ജല കമ്മീഷൻ നിർദേശം.
ഭ്രംശ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാമിൻ്റെ ഭൂകമ്പ, പ്രളയ പ്രതിരോധ സുരക്ഷ, ഘടനാപരമായ സുരക്ഷ എന്നിവയുടെ വിശദമായ പരിശോധനയാകും നടത്തുക. സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011ലാണ് മുമ്പ് ഇത്തരം ഒരു വിശദ പരിശോധന നടത്തിയത്. 2021ലെ ഡാം സേഫ്റ്റി ആക്ട് പ്രകാരം ഇത്തരം പരിശോധന 2026ൽ മാത്രം നടത്തിയാൽ മതിയെന്ന തമിഴ്നാടിൻ്റെ വാദം തള്ളിക്കൊണ്ടാണ് തീരുമാനം ഉണ്ടായത്. പരിശോധനയിൽ കേരളത്തിന്‍റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടായാൽ അത് സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കേരളത്തിന്‍റെ വാദങ്ങൾക്ക് ബലമേകും.
മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റക്കുറ്റപ്പണി നടത്തണമെന്നായിരുന്നു തമിഴ്നാടിൻ്റെ ആവശ്യം. സുപ്രീം കോടതിയുടെ 2014ലെ നിർദേശത്തിൻ്റെ ചുവടുപിടിച്ചാണ് മേൽനോട്ട സമിതിയുടെ അംഗീകാരത്തോടെ അറ്റക്കുറ്റപ്പണിക്കായി തമിഴ്നാട് ശ്രമിക്കുന്നത്. എന്നാൽ, കേരളത്തിൻ്റെ ആശങ്കകൾ കണക്കിലെടുത്ത് സമർപ്പിച്ച ഹർജിയിൽ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ശേഷവും ഡാമിൻ്റെ അറ്റകുറ്റപ്പണികൾ നടക്കട്ടെ എന്നായിരുന്നു തമിഴ്നാടിൻ്റെ സമീപനം. ഇതിനെതിരെയാണ് കേരളം രംഗത്തിയത്. പത്ത് വർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര ജലകമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ശക്തമാവുകയും ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു.