fbwpx
എമ്പുരാന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന സംഘപരിവാര്‍

ആരാണ് എമ്പുരാനിലെ വില്ലന്‍ ? രാജ്യത്തെ മതേതരത്വത്തെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറാണ് വില്ലനെന്ന സൂചനയാണ് സിനിമ നല്‍കുന്നത്

MALAYALAM MOVIE

സമൂഹമാധ്യമത്തില്‍ മുഴുവന്‍ എമ്പുരാനെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍ നടക്കുകയാണ്. എമ്പുരാന്‍ പറഞ്ഞുവെച്ച രാഷ്ട്രീയമാണ് ചിലരെ ഒക്കെ ചൊടിപ്പിച്ചിരിക്കുന്നത്. അതെ എമ്പുരാന്‍ ഒരു ആന്റി സംഘപരിവാര്‍ സിനിമയാണ്. ഗുജറാത്ത് കലാപത്തിന്റെ തീവ്രത കാണിച്ചുകൊണ്ടാണ് എമ്പുരാന്‍ എന്ന സിനിമയുടെ തുടക്കം. അത് തന്നെയാണ് ഇവിടെ പ്രശ്‌നമായതും. പിന്നെ സിനിമയിലെ വില്ലന്‍ ആരാണെന്ന് കൃത്യമായി തന്നെ കണ്‍വേ ചെയ്യുന്നുണ്ട് എമ്പുരാന്‍.

ആരാണ് എമ്പുരാനിലെ വില്ലന്‍ ? രാജ്യത്തെ മതേതരത്വത്തെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറാണ് വില്ലനെന്ന സൂചനയാണ് സിനിമ നല്‍കുന്നത്. സിനിമയിലെ പ്രധാന വില്ലന്റെ പേര് ബാബ ബജ്രംഗി എന്നാണ്. കൊടും ക്രൂരനായ മുസ്ലീങ്ങള്‍ ദയ കാണിക്കാന്‍ യോഗ്യരല്ലെന്ന് പറയുന്ന അയാള്‍ക്ക് തീര്‍ച്ചയായും ഗുജറാത്ത് കലാപ കേസിലെ പ്രധാന പ്രതിയായ ബാബു ബജ്രംഗിയുടെ ഷെയിഡുകള്‍ ഉണ്ട്. ഇതിനെല്ലാം എതിരെയാണ് മോഹന്‍ലാലിന്റെ അബ്‌റാം ഖുറേഷി അഥവ സ്റ്റീഫന്‍ നെടുമ്പള്ളി പൊരുതുന്നത്. എമ്പുരാന്‍ വെറുമൊരു കൊമേഷ്യല്‍ സിനിമ എന്നതിന് അപ്പുറത്തേക്ക് ശ്രദ്ധേയമാകുന്നതും അതുകൊണ്ട് തന്നെയാണ്.


മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എമ്പുരാനെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഗുജറാത്ത് കലാപം നടത്തിയ സംഘപരിവാറാണ് ഇന്നത്തെ ഇന്ത്യ ഭരിക്കുന്നതെന്ന് ഉറക്കെ വിളിച്ചു പറയാന്‍ കാണിച്ച ധൈര്യത്തിന് എമ്പുരാന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് ബിനീഷ് കോടിയേരി പോസ്റ്റിട്ടത്. അതോടെ സംഘപരിവാര്‍ അനുകൂലികള്‍ കടന്നല്‍ കൂട്ടത്തെ പോലെ ഇളകി. സിനിമ ബിജെപി നേതാക്കളെ അപമാനിക്കുകയാണെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമാണ് സംഘപരിവാര്‍ അനുകൂലികളുടെ വാദം. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തും ഇവര്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.


ALSO READ: ഗുജറാത്ത് വംശഹത്യയെക്കുറിച്ച് തുറന്നുപറഞ്ഞു, എമ്പുരാനെതിരെ ഹിന്ദുത്വവാദികള്‍; മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണം

സംഘപരിവാര്‍ അനുകൂലികള്‍ ഒരേ സ്വരത്തില്‍ പറയുന്ന വാദം ഗുജറാത്ത് കലാപം വെറുതെ ഉണ്ടായതല്ലെന്നാണ്. ഗോധ്രയിലെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തനിയെ തീപിടിച്ചതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇവര്‍ പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയില്‍ ഗോധ്ര ട്രെയിന്‍ തീപിടുത്തം മനപൂര്‍വ്വം ഒഴുവാക്കിയെന്നാണ് ഇവര്‍ പറയുന്നത്. അതിലൂടെ എമ്പുരാന്‍ കോണ്‍ഗ്രസിനെയും ജിഹാദികളെയും വെള്ളപൂശുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നുണ്ട്. സിനിമയില്‍ അതിന്റെ റെഫ്രന്‍സുകള്‍ വ്യക്തമായി തന്നെ കാണിച്ചിട്ടുണ്ട് എന്ന മനപൂര്‍വം ഇവര്‍ മറക്കുകയാണ് ചെയ്യുന്നത്. അതേസമയം നമ്മള്‍ എന്തിനാണ് എല്ലാത്തിലും കേറി പിടിച്ച് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന വാദവും ഒരുകൂട്ടം സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞത് സിനിമയെ സിനിമയായി കാണണം എന്നായിരുന്നു. മനപൂര്‍വ്വമോ അല്ലാതെയോ ഉണ്ടായ ഗോധ്ര ട്രെയിന്‍ തീപിടുത്തത്തെ 2000ത്തോളം മുസ്ലീങ്ങളെ കൊന്നൊടുക്കിയ വര്‍ഗീയ കലാപമായി മാറ്റിയതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക എന്ന മറുവാദവും ഉയരുന്നുണ്ട്.

മോഹന്‍ലാലിന് ഇതെന്ത് പറ്റി? ഇത് പ്രൊപ്പഗാണ്ട സിനിമയാണ്. ആന്റി ഹിന്ദുവാണ് മോഹന്‍ലാല്‍. എന്ന തരത്തിലാണ് എക്‌സില്‍ ക്യാപെയിന്‍ നടക്കുന്നത്. എമ്പുരാന്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ മലയാളം പതിപ്പാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ ഇപ്പോള്‍ എമ്പുരാന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത് ഇടത്-സംഘപരിവാര്‍ അനുകൂലികള്‍ തമ്മിലുള്ള സൈബര്‍ പോരാണ്. സംഘപരിവാര്‍ അനുകൂലികള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ അപ്പുറത്ത് ഇടത് അനുകൂലികള്‍ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സംഘപരിവാറിനെ വിമര്‍ശിക്കുന്ന സിനിമകള്‍ ഇതിനു മുന്‍പും രാജ്യത്തുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അതിനെ ആന്റി ഹിന്ദു, സനാതന വിരുദ്ധ പ്രൊപ്പഗാണ്ട എന്നെല്ലാം പറഞ്ഞ് സംഘപരിവാര്‍ അനുകൂലികള്‍ ആക്രമിച്ചിട്ടുമുണ്ട്. അത് തന്നെയാണ് എമ്പുരാനും നേരിടുന്നത്. പക്ഷെ അത്തരം സിനിമകള്‍ എന്നും രാജ്യത്ത് വിജയിച്ചിട്ടേയുള്ളു. എന്നാല്‍ സംഘപരിവാര്‍ അജണ്ടകള്‍ വെള്ളപൂശാന്‍ വേണ്ടിയെടുത്ത വീര്‍ സവര്‍ക്കര്‍ പോലുള്ള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിട്ടുമുണ്ട്.

സത്യത്തില്‍ എന്താണ് പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയും സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്? ഇന്ത്യയെന്ന സെക്യുലര്‍ രാജ്യത്തെ മുഴുവനായി വിഴുങ്ങിക്കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ ശക്തിയെയാണ് എമ്പുരാന്‍ വിമര്‍ശിക്കുന്നത്. രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രശ്‌നങ്ങളെയും സിനിമ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. സിനിമ ആരാധകര്‍ക്കിടയില്‍ വേണ്ടത്ര ഹൈപ്പ് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാല്‍ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ എമ്പുരാന്‍ ഇന്ത്യയെ മൊത്തത്തില്‍ കത്തിച്ചിരിക്കുകയാണെന്ന് തന്നെ പറയേണ്ടി വരും.

WORLD
വീണ്ടും ഇസ്രയേല്‍ ക്രൂരത; 15 രക്ഷാപ്രവര്‍ത്തകരെ കൊലപ്പെടുത്തി കൂട്ടമായി മറവുചെയ്തു
Also Read
user
Share This

Popular

KERALA
WORLD
'വയറിന് ചവിട്ടി, കുക്കറിന്റെ മൂടികൊണ്ടടിച്ചു'; കോഴിക്കോട് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം