സർക്കാർ ദീർഘകാല കരാർ റദ്ദാക്കിയത് അദാനിക്കു വേണ്ടിയാണ്
വൈദ്യുതി നിരക്കിൽ കഴിഞ്ഞ 8 വർഷത്തിനിടെ പിണറായി സർക്കാർ ജനങ്ങളുടെ തലയിൽ കെട്ടിവച്ചത് 7500 കോടിയുടെ അധിക ബാധ്യതയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ന്യൂക്ലിയർ പവർ കോർപറേഷനും നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷനും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാണ്. എന്നാൽ അദാനി ഉൾപ്പെടെയുള്ളവരുമായാണ് സർക്കാർ കരാർ ഉണ്ടാക്കുന്നത്. വൈദ്യുതി കരാറിലൂടെ അദാനി ഗ്രൂപ്പിന് കൊള്ളലാഭം ഉണ്ടാക്കാനുള്ള സർക്കാരിന്റെ കള്ളക്കളിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ ദീർഘകാല കരാർ റദ്ദാക്കിയത് അദാനിക്കു വേണ്ടിയാണ്. ജിന്റാലിനും അദാനിക്കും കൊള്ളലാഭം ഉണ്ടാക്കാനാണ് ദീർഘകാല കരാർ റദ്ദാക്കിയത്. റെഗുലേറ്ററി കമ്മീഷനംഗമായ ആളാണ് ദീർഘകാല കരാർ തയ്യാറാക്കിയത്. ഇപ്പോൾ അദ്ദേഹം തന്നെ കരാർ റദ്ദാക്കാൻ പറയുന്നു. ഇത് റദ്ദാക്കിയതിന് പിന്നിൽ പവർ ബ്രോക്കർമാറാണെന്നും അദ്ദേഹം പറഞ്ഞു. പരസ്യ സംവാദത്തിന് വൈദ്യുതി മന്ത്രി തയ്യാറാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ALSO READ: നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
കൊച്ചി സ്മാർട്ട് സിറ്റി വിഷയത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. വ്യവസ്ഥകൾ ലംഘിച്ചാൽ നിക്ഷേപം ഉൾപെടെ എല്ലാം തിരിച്ചെടുക്കാമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ടീ കോമിൻ്റെ വക്താവായാണ്. യുഎഇയുമായുള്ള ബന്ധം പിണറായി വിജയൻ നോക്കണ്ട. അത് വിദേശകാര്യ മന്ത്രാലയം നോക്കിക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും ചെന്നിത്തല വിമർശനം നടത്തി. സർക്കാരിനെതിരായ സമരം പോരെന്ന് ചെന്നിത്തല പറഞ്ഞു. നേതൃമാറ്റം സംബന്ധിച്ച ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. തനിക്ക് ചുമതല ലഭിച്ചില്ലെന്ന ചാണ്ടി ഉമ്മൻ്റെ പരാമർശം പരിശോധിക്കും. അദ്ദേഹവുമായി സംസാരിക്കും. എല്ലാവർക്കും ചുമതല നൽകിയിട്ടുണ്ടെന്നാണ് കരുതിയത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് നേതൃത്വം ശ്രമിക്കേണ്ടത്. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.