പാലക്കാട്ടെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ പരസ്പരം മുന്നിൽ വന്നുപെട്ടിട്ടും മുഖം കൊടുക്കാതെ നടന്നുനീങ്ങുന്നത് ഇതാദ്യമായല്ല
രാഷ്ട്രീയ പോര് സൗഹൃദത്തിലും ബന്ധങ്ങളിലും നിഴലിച്ച കാഴ്ചയായിരുന്നു ഇന്ന് പാലക്കാട് അരങ്ങേറിയത്. സിപിഎം സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ ഹസ്തദാനത്തിന് കൈ നീട്ടിയിട്ടും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും അതു കാണാത്ത മട്ടിൽ നടന്നകലുകയായിരുന്നു. പാലക്കാട്ടെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ പരസ്പരം മുന്നിൽപ്പെട്ടിട്ടും മുഖം കൊടുക്കാതെ നടന്നുനീങ്ങിയത് ഇതാദ്യമായല്ല. ഇരു കൂട്ടരും മൂന്നിടങ്ങളിൽ നേർക്കുനേർ വന്നെങ്കിലും ഇതുവരെ പരസ്പരം മിണ്ടിയിട്ടില്ല.
പാലക്കാട്ടെ ബിജെപി നേതാവ് നടേശൻ്റെ മകളുടെ വിവാഹച്ചടങ്ങിലാണ് രാഹുൽ മാങ്കൂട്ടത്തിലും ഡോ. പി. സരിനും ഷാഫി പറമ്പിലും ഒന്നിച്ചെത്തിയത്. കോൺഗ്രസിൽ നിന്ന് പിണങ്ങിയിറങ്ങി ഇടതുപക്ഷത്തോട് സഹകരിക്കുന്ന മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിനോട് കുശലം പറഞ്ഞ് നിൽക്കുകയായിരുന്നു രാഹുലും ഷാഫിയും. ഊഷ്മളമായ ശരീരഭാഷയായിരുന്നു ഇരുവരുടേയും. ഗോപിനാഥിന് ഇരുവരും ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയുമെല്ലാം ചെയ്യുന്നുണ്ട്.
ALSO READ: തിരൂർ സതീശ് സിപിഎമ്മിൻ്റെ ടൂൾ; ആരോപണത്തിന് പിന്നിൽ എകെജി സെൻ്ററെന്ന് ശോഭ സുരേന്ദ്രൻ
എന്നാൽ, സൗഹൃദം പുതുക്കാനെത്തിയ സരിനോടുള്ള രാഹുലിൻ്റെയും ഷാഫിയുടെയും സമീപനം മറ്റൊന്നായിരുന്നു. ഒരു ഹസ്തദാനത്തിനായി സരിൻ നിരവധി തവണ കൈ ഉയർത്തിയെങ്കിലും രാഹുലും ഷാഫിയും ഗൗനിച്ചില്ല. ഞാനിപ്പുറത്തുണ്ടെന്ന് സരിൻ പറഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. "ഒരു കൈ തന്നിട്ടുപോകൂ" എന്നുപറഞ്ഞ് സരിൻ കൈ നീട്ടിയിട്ടും, രാഹുലും ഷാഫിയും അവരുടെ പാട് നോക്കി നീങ്ങി. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നായിരുന്നു സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് കപടമുഖമില്ലെന്നും പി. സരിന് കൈ കൊടുക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു.
ഇത് ആദ്യമല്ല ഇരു കൂട്ടരും മുഖം തിരിച്ച് നടക്കുന്നത്. ഒക്ടോബർ 20ന് പാലക്കാട് കോട്ടയിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഡോ. പി. സരിനോട് മുഖം തിരിച്ച ആദ്യ മുഖാമുഖം. സരിൻ കോൺഗ്രസ് പാളയത്തിൽ നിന്നിറങ്ങി ഇടത് കൂടാരത്തിലെത്തി സ്ഥാനാർഥിത്വമുറപ്പിച്ചതിൻ്റെ അമ്പരപ്പ് മാറുംമുമ്പായിരുന്നു ഇത്. പാലക്കാട് കോട്ടയിൽ പ്രഭാത നടത്തത്തിനിടെ സരിന്റെ തത്സമയ അഭിമുഖം പകർത്താനെത്തിയതാണ് ന്യൂസ് മലയാളം അടക്കം മാധ്യമങ്ങൾ. പെട്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. സരിൻ അഭിവാദ്യത്തിന് കൈ ഉയർത്തിയെങ്കിലും കാണാത്ത മട്ടിൽ രാഹുൽ നടന്നുമാറി.
ALSO READ: വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ചൂടേറും, രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ
അടുത്ത കൂടിക്കാഴ്ച ഒക്ടോബർ 30ന് ഒരു സിനിമാ തീയേറ്ററിൽ വെച്ചായിരുന്നു. തൊണ്ണൂറുകളിൽ ജനിച്ച സുഹൃത്തുക്കളുടെ സൗഹൃദകഥ പറഞ്ഞ 'പല്ലൊട്ടി' സിനിമ കാണാൻ പിന്നണി പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ച് ഇരുവരുമെത്തി. പുതിയ സുഹൃത്തുക്കൾക്കൊപ്പം ആദ്യമെത്തിയ സരിൻ മുകളിലെ നിരയിൽ ആദ്യമിരുന്നു. പഴയ സുഹൃത്തുക്കൾക്കൊപ്പം എത്തിയ രാഹുൽ ഒരു നിര താഴെ. ഇരുവരും പരസ്പരം മുഖം കൊടുത്തില്ല. ഇടവേളയിൽ കഫറ്റേരിയയിലെ സെൽഫികളും വോട്ടഭ്യർത്ഥനയും വരെ രണ്ടറ്റത്തായിരുന്നു.
പഴയ സഹപ്രവർത്തകർ പരസ്പരം കണ്ടില്ല. രാഹുൽ മുഖം തന്നിട്ടു വേണ്ടേ ചിരിക്കാനെന്ന് സരിൻ. സാധാരണ കോൺഗ്രസ് പ്രവർത്തകൻ്റെ വികാരം മൂലമാണ് മിണ്ടാൻ കൂട്ടാക്കാത്തതെന്നായിരുന്നു രാഹുലിൻ്റെ പക്ഷം. പഴയ സഹപ്രവർത്തകൻ എതിരാളിയായപ്പോൾ പയറ്റാൻ പറ്റിയ രാഷ്ട്രീയ കൗശലം ഇതാണെന്ന കണക്കുകൂട്ടലാവാം കോൺഗ്രസ് നേതാക്കൾക്ക്. ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെൻ്റെന്ന് ചിലപ്പോൾ സരിനും കരുതുന്നുണ്ടാകാം.