"ഷാരോണ്‍ അനുഭവിച്ചത് ചെറിയ വേദനയല്ല. ഗ്രീഷ്മ ഗൂഗിളില്‍ എന്താണോ സെര്‍ച്ച് ചെയ്തത് അത് തന്നെയാണ് ഷാരോണ്‍ ആശുപത്രിയില്‍ അനുഭവിച്ചത്"
പ്രണയ ബന്ധത്തില്‍ നിന്ന് സുഹൃത്തിനെ ഒഴിവാക്കാന്‍ 22 കാരി ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതേ ഞെട്ടലോടെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ഷാരോണ്‍ കേസില്‍ ഇന്ന് ശിക്ഷാ വിധി പ്രസ്താവിച്ചതും. ഒന്നാം പ്രതി ഗ്രീഷ്മ ചെയ്ത കൊടും ക്രൂരതയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കാനില്ലെന്ന് കോടതി വിധിയെഴുതി. കൊലപാതകത്തിന് കൂട്ടു നിന്ന മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മല്‍കുമാറിന് മൂന്ന് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ഗ്രീഷ്മയ്ക്ക്
രണ്ട് ലക്ഷം രൂപ പിഴയും നിര്‍മല്‍കുമാറിന് 50,000 രൂപയും പിഴ ചുമത്തി.
ശിക്ഷ പ്രസ്താവിക്കുന്നതിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളേയും സഹോദരനേയും ജഡ്ജി കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചു. കേസില്‍ പ്രതിയെ മാത്രം കണ്ടാല്‍ പോരെന്നും അതിനാലാണ് ഷാരോണിന്റെ കുടുംബാംഗങ്ങളെ കോടതിക്കുള്ളില്‍ ഇരിക്കാന്‍ അനുവദിച്ചതെന്നുമായിരുന്നു ജഡ്ജി പറഞ്ഞത്.
ഗ്രീഷ്മ ചെയ്ത ക്രൂരകൃത്യങ്ങള്‍ എണ്ണിയെണ്ണി വിവരിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ ശിക്ഷാ വിധി പ്രസ്താവിച്ചത്. കുറ്റകൃത്യം ചെയ്ത അന്നു മുതല്‍ പൊലീസ് പിടിക്കുന്നത് വരെ തെളിവുകള്‍ താന്‍ തന്നെ ചുമന്നു നടക്കുകയായിരുന്നുവെന്ന് പ്രതി അറിഞ്ഞിരുന്നില്ലെന്നായിരുന്നു ശിക്ഷ വിധിക്കുന്നതിനു മുമ്പ് കോടതി പറഞ്ഞത്.
Also Read: ഷാരോണ്‍ വധക്കേസ്: ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ; മൂന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ്
ഗ്രീഷ്മയ്‌ക്കെതിരെ കോടതി കണ്ടെത്തിയ കാര്യങ്ങള്‍:
പാരസെറ്റമോള്‍ കലര്‍ത്തിയാണ് ആദ്യം ജ്യൂസ് ചലഞ്ച് നടത്തിയതെന്ന് തെളിഞ്ഞു. ജീവപര്യന്തം തടവ് ലഭിക്കേണ്ട കുറ്റകൃത്യം ആദ്യം ചെയ്തശേഷം വീണ്ടും അത് ആവര്‍ത്തിച്ചു. എന്നാല്‍ കേസില്‍ പൊലീസ് വധശ്രമം ചുമത്തിയിട്ടില്ലായിരുന്നു. ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതിനാലാണ് ഗ്രീഷ്മ വിലക്കിയിട്ടും ഷാരോണ്‍ അത് റെക്കോര്‍ഡ് ചെയ്തത്.
ഷാരോണുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് തെളിഞ്ഞു. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ശേഷമായിരുന്നു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സെക്‌സ് ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി എന്ന് പറയാം. പ്രതിക്ക് ഇരുപത്തിനാല് വയസ് മാത്രമാണ് പ്രായമെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, ഷാരോണ്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 24 വയസ് ഉണ്ടാകുമായിരുന്നുവെന്ന് കോടതി തിരിച്ചു പറഞ്ഞു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു. വല്ലാത്ത പ്രണയത്തിന്റെ അടിമയായിരുന്നു ഷാരോണ്‍. ഗ്രീഷ്മയെ ശിക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല.
Also Read: "പൊന്നുമോന് നീതി ലഭിച്ചു, നീതിമാനായ ജഡ്ജിയിൽ ദൈവമിറങ്ങി വന്നു": ഷാരോണിൻ്റെ അമ്മ
ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടന്നാല്‍ ശിക്ഷ ഉറപ്പാക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. പതിനൊന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാനാകാതെ അയാള്‍ മരണത്തോട് മല്ലിട്ടു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വാവ എന്നായിരുന്നു ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുന്നത്. ഒരു മെസേജില്‍ പോലും കുറ്റപ്പെടുത്തിയില്ല.
ആരോപണവുമായി ബന്ധമുള്ളപ്പോള്‍ തന്നെ പ്രതിശ്രുത വരനുമായും ഗ്രീഷ്മ ബന്ധപ്പെട്ടിരുന്നു. 2022 നവംബറില്‍ ഒളിച്ചോടിപ്പോകാമെന്ന് ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഷാരോണ്‍ അടിച്ചുവെന്ന ഗ്രീഷ്മയുടെ വാദത്തിന് തെളിവില്ല. മെസേജുകളിലൊന്നും അത്തരം തെളിവുകളില്ല. ഷാരോണിന്റെ ഭാഗത്തു നിന്ന് മാനസിക സമ്മര്‍ദമുണ്ടായെന്ന വാദത്തിനും തെളിവില്ല.
കുറ്റകൃത്യത്തിനു ശേഷം പിടിച്ചു നില്‍ക്കാനുള്ള കൗശലം വിജയിച്ചില്ല. ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ട കാര്യം ഷാരോണിന് അറിയില്ലായിരുന്നു. സ്‌നേഹിക്കുന്ന ഒരാളേയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കൃത്യം സമൂഹത്തിന് നല്‍കുന്നത്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ തെളിഞ്ഞു. ഷാരോണ്‍ അനുഭവിച്ചത് ചെറിയ വേദനയല്ല. ഗ്രീഷ്മ ഗൂഗിളില്‍ എന്താണോ സെര്‍ച്ച് ചെയ്തത് അത് തന്നെയാണ് ഷാരോണ്‍ ആശുപത്രിയില്‍ അനുഭവിച്ചത്. ഷാരോണിന്റെ ചുണ്ട് മുതല്‍ ലൈംഗികാവയവം വരെ വേദനയുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്ലോ പോയിസണിങ്ങിലൂടെ സമര്‍ഥമായി ക്രൂരമായിട്ടാണ് ഗ്രീഷ്മ കൃത്യം ചെയ്തതെന്നും കോടതി വ്യക്തമാക്കി.