മേലുദ്യോഗസ്ഥൻ്റെ മാനസിക പീഡനവും, അവധി നൽകാതിരുന്നതും ആത്മഹത്യക്ക് കാരണമായെന്നാണ് റിപ്പോർട്ട്
മലപ്പുറത്ത് എസ്‌ഒജി കമാൻഡോ വിനീത് ജീവനൊടുക്കിയ സംഭവത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. എസ്‌ഒജി ക്യാമ്പിലെ കമാൻഡോകൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അസിസ്റ്റൻ് കമാണ്ടൻഡ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്ന് സഹപ്രവർത്തകർ അന്വേഷണ സംഘത്തിന് മൊഴി നൽകി. മേലുദ്യോഗസ്ഥൻ്റെ മാനസിക പീഡനവും, അവധി നൽകാതിരുന്നതും ആത്മഹത്യക്ക് കാരണമായെന്നാണ് റിപ്പോർട്ട്.
വിനീതിൻ്റെ മരണത്തിന് പിന്നിൽ മേലുദ്യോഗസ്ഥൻ തന്നെയാണെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്. സുഹൃത്തിൻ്റെ മരണത്തിലെ വീഴ്ച വിനീത് ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണമെന്നാണ് ക്യാമ്പ് അംഗങ്ങളുടെ മൊഴി. 2021 സെപ്റ്റംബർ 16 ന് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്‌ഒജി ക്യാമ്പിലെ ട്രെയിനിങ്ങിനിടെയായിരുന്നു വയനാട് സ്വദേശിയായ സുനീഷിൻ്റെ മരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയന്ന ആരോപണം അന്നേ ഉയർന്നിരുന്നു. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ലെന്നാണ് ആരോപണം.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവൻ നഷ്ടമായിരുന്നു. തൻ്റെ സുഹൃത്തിൻ്റെ മരണത്തിൽ വിനീത് ശക്തമായി പ്രതികരിച്ചു. എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഇതോടെയാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം തുടങ്ങുന്നതെന്നാണ് സഹപ്രവർത്തകർ മൊഴി നൽകിയത്. വിനീതിന്റെ ആത്‍മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവർത്തകർ മൊഴി നൽകി.
കഴിഞ്ഞ ഞായറാഴ്ചയാണ് കമാൻഡർ വിനീത്, അരീക്കോട് എസ്‌ഒജി ക്യാമ്പിൽ വച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. വെടിയേറ്റ് തലയോട്ടി തകർന്ന നിലയിലാണ് വിനീതിന്റെ മൃതദേഹം കണ്ടെത്തിയത്. 14 വർഷമായി ഇന്ത്യൻ റിസർവ് ബറ്റാലിയൻ്റെ ഭാഗമായിരുന്ന വിനീത് കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
കഴിഞ്ഞ മാസമാണ് പരിശീലനത്തിന്റെ ഭാഗമായി അരീക്കോട് ക്യാമ്പിലെത്തിയത്. പരിശീലനത്തിനിടെ ഉണ്ടായ പിഴവുകൾ ഇയാളെ ആശങ്കയിലാക്കിയിരുന്നു. ഓടുന്നതിനിടെ ട്രാക്ക് മാറിയതിൽ വിനീതിനോട് അസിസ്റ്റന്റ് കമാണ്ടൻഡ് അജിത്ത് വിശദീകരണവും തേടിയിരുന്നു.
ALSO READ: വീണ്ടും! എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ജീവനൊടുക്കി
ഭാര്യയുടെ പ്രസവ ചികിത്സയ്ക്കായി വിനീത് അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും 30 ദിവസത്തെ പരിശീലനം കഴിയാതെ അവധി കൊടുക്കില്ലെന്നായിരുന്നു അറിയിച്ചിരുന്നത്.
റിഫ്രഷർ കോഴ്‌സിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഡിസംബറിൽ വിനീതിനെ പരിശീലനത്തിന് വിട്ടത്. ഇവ തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു.
ഗർഭിണിയായ ഭാര്യയെ കാണാൻ കഴിയാത്തതിനുള്ള സമ്മർദവും ശസ്ത്രക്രിയയെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും പരിശീലനത്തിൽ പരാജയപ്പെട്ടാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും തന്നെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നാണ് വിനീത് വിശദീകരണകുറിപ്പിൽ പറഞ്ഞിരുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)