പണം തട്ടാന്‍ വേണ്ടി നിരന്തരം പരാതി നല്‍കുന്ന വ്യക്തിയാണ് യുവതിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
പൊന്നാനി സ്വദേശിനിയുടെ ബലാത്സംഗ പരാതിയില്‍ 2022ലെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ന്യൂസ് മലയാളത്തിന്. ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് പൊന്നാനി സ്വദേശിനിയുടെ മൊഴിയിലില്ല. യുവതി പണം തട്ടാന്‍ വേണ്ടി നിരന്തരം പരാതികള്‍ നല്‍കുന്ന വ്യക്തിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയുടെ മൊഴിയും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ന്യൂസ് മലയാളത്തിന് ലഭിച്ചു. പൊന്നാനി സിഐക്കെതിരെ മാത്രമാണ് പരാതിക്കാരിയുടെ മൊഴിയിലുണ്ടായിരുന്നത്. അയല്‍വാസികളുടെ മൊഴിയും പരാതിക്കാരിക്ക് എതിരാണ്. പണം തട്ടാന്‍ വേണ്ടി നിരന്തരം പരാതി നല്‍കുന്ന വ്യക്തിയാണ് യുവതിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ ആരോപണം ഉന്നയിച്ചത്. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി പറയാന്‍ എത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആരോപണം. എസ്.പി സുജിത് ദാസിനും ഡിവൈഎസ്പി ബെന്നിക്കും പിന്നാലെ, വീട്ടമ്മയുടെ പീഡന പരാതി നിഷേധിച്ച് സിഐ വിനോദും രംഗത്തെത്തി.
2022 ല്‍ ഓട്ടോ റിക്ഷക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി എത്തിയപ്പോഴാണ് പരാതിക്കാരിയെ ആദ്യം കണ്ടതെന്ന്് സിഐ വിനോദ് പറഞ്ഞു. അന്വേഷണം നടത്തി ഓട്ടോറിക്ഷക്കാരനെതിരെ എഫ്‌ഐആര്‍ ഇട്ടു. പ്രതിയെ പിടികൂടി. ഈ ഘട്ടത്തില്‍ പണം വാങ്ങി കേസ് സ്റ്റേഷന് പുറത്തുവെച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോയതോടെ കേസ് എടുത്തത് ചോദ്യം ചെയ്ത് സ്ത്രീ വീണ്ടും സ്റ്റേഷനിലെത്തി. മുന്‍പ് പലര്‍ക്കെതിരെയും വ്യാജ പരാതി നല്‍കിയ ശേഷം സ്ത്രീ പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്ന് വിവരം ലഭിച്ചിരുന്നു.
തനിക്കെതിരെ പരാതിയുമായി ഡിവൈഎസ്പി ബെന്നിയെയും എസ്പി സുജിത് ദാസിനെയും സ്ത്രീ പരാതിയുമായി സമീപിച്ചിരുന്നു.പരാതി വ്യാജാരോപണമാണെന്ന് കണ്ടെത്തി ക്ലോസ് ചെയ്തിരുന്നുവെന്നും സിഐ വിനോദ് പറഞ്ഞു.
വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്ന് നേരത്തേ കണ്ടെത്തിയതാണെന്ന് സുജിത് ദാസും വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്നാണ് തന്റെ ആഗ്രഹം. വ്യാജ ആരോപണത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും മാനഷ്ടക്കേസ് നല്‍കുമെന്നും സുജിത് ദാസ് പറഞ്ഞു.
മുട്ടില്‍ മരം മുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണെന്നകാരണം കൊണ്ടാണ് ഇപ്പോള്‍ ഈ വാര്‍ത്ത ഇങ്ങനെ വന്നതെന്നാണ് ഡിവൈഎസ്പി ബെന്നി പ്രതികരിച്ചത്. ഒരു ചാനല്‍ പല വഴികളിലൂടെ നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്. നേരത്തെ മുതലേ ഈ ചാനല്‍ തന്റെ പിന്നാലെ നടന്നിട്ടുണ്ട്. ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.