fbwpx
SPOTLIGHT | അലകും പിടിയും മാറ്റിവരുന്ന ബിജെപി
logo

ന്യൂസ് ഡെസ്ക്

Posted : 27 Mar, 2025 05:42 PM

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മാതൃകയിലുള്ള സ്ഥാനാര്‍ത്ഥിമാര്‍ കൂടുതല്‍ ഉണ്ടാകും എന്നതിന്റെ സൂചന കൂടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷസ്ഥാനം

KERALA


ബിജെപി എന്ന പാര്‍ട്ടി കേരളത്തില്‍ നടത്തുന്ന സോഷ്യല്‍ എന്‍ജിനിയറിങ്ങിന്റെ അടുത്തഘട്ടമാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന പുതിയ അധ്യക്ഷന്‍. കെ ജി മാരാര്‍ മുതല്‍ കുമ്മനം രാജശേഖരനും വി. മുരളീധരനും കെ. സുരേന്ദ്രനും വരെയുള്ളവര്‍ പഠിച്ച ആര്‍എസ്എസ് സ്‌കൂളാണ് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. പകരം സുരേഷ് ഗോപി ജയിച്ചുവന്ന പ്രഫഷണല്‍ സ്‌കൂളില്‍ നിന്ന് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പു വരെ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവായിരുന്നു. എംപിയായതും കേന്ദ്രമന്ത്രിയായതും എല്ലാം കര്‍ണാടക ക്വോട്ടയിലാണ്. കേരള രാഷ്ട്രീയത്തില്‍ മുഖ്യധാരാ പാര്‍ട്ടികളില്‍ ഇങ്ങനെയൊരു വരവ് ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. എസ്എഫ്‌ഐയിലും കെഎസ് യുവിലും അല്ലെങ്കില്‍ എബിവിപിയിലോ ആര്‍എസ്എസിലോ ഒക്കെ പ്രവര്‍ത്തിച്ചു തുടങ്ങിയവരാണ് ഇതുവരെ കണ്ട സംസ്ഥാന അധ്യക്ഷന്മാരെല്ലാം. സാമൂഹിക, സാമുദായിക പരീക്ഷണങ്ങളെല്ലാം മതിയാക്കി ബിജെപി പുതിയൊരു ദിശ തേടുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മാതൃകയിലുള്ള സ്ഥാനാര്‍ത്ഥിമാര്‍ കൂടുതല്‍ ഉണ്ടാകും എന്നതിന്റെ സൂചന കൂടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷസ്ഥാനം.


അലകും പിടിയും മാറ്റിവരുന്ന ബിജെപി


കേരളീയനെങ്കിലും മലയാളികള്‍ക്കു തീര്‍ത്തും അപരിചിതനായിരുന്ന ആ രാജീവ് ചന്ദ്രശേഖറല്ല ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും നേമത്തും ഡോ. ശശി തരൂരിനേക്കാള്‍ ബഹുദൂരം മുന്നിലെത്തിയ നേതാവാണ്. നേമത്ത് തരൂരിനേക്കാള്‍ 22,000 വോട്ടാണ് രാജീവ് ചന്ദ്രശേഖര്‍ കൂടുതല്‍ നേടിയത്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും ഏതാണ്ട് പതിനായിരത്തിന് അടുത്ത് വോട്ടും കൂടുതല്‍ നേടി. ഐടി പ്രഫഷനലും ബിസിനസുകാരനുമായിരുന്ന പതിറ്റാണ്ടുകള്‍. അമേരിക്കയില്‍ എന്‍ജിനിയറിങ് പഠിച്ച് ഇന്റലില്‍ ജോലി ചെയ്ത് വിവാഹ ശേഷം ഭാര്യാപിതാവിന്റെ ബിപിഎല്‍ കമ്പനിയുടെ ഭാഗമായയാള്‍. ഇങ്ങനെ സാധാരണ മലയാളികള്‍ക്ക് താദാത്മ്യം പ്രാപിക്കാവുന്ന വഴികളില്‍ നിന്നല്ല രാജീവ് ചന്ദ്രശേഖര്‍ വരുന്നത്. വി.കെ കൃഷ്ണമേനോനേയും തുടര്‍ച്ചയായി ശശി തരൂരിനേയും ജയിപ്പിച്ചിട്ടുള്ള തിരുവനന്തപുരം മണ്ഡലത്തന്റെ രാഷ്ട്രീയ പശ്ചാത്തലമല്ല കേരളത്തിലെ മറ്റിടങ്ങളില്‍. അവിടെയൊക്കെ അംഗീകാരം നേടിയിട്ടുള്ളത് താഴെക്കിടയില്‍ നിന്നു പ്രവര്‍ത്തിച്ചുവന്നിട്ടുള്ള നേതാക്കളാണ്. ഇതുവരെ ആ വഴിയില്‍ തന്നെയായിരുന്നു ബിജെപിയും മുന്നോട്ടുപോയത്.

Also Read: സിനിമയും ഔറംഗസേബും കലാപവും? 


മാരാര്‍ മുതല്‍ സുരേന്ദ്രന്‍ വരെ


കെജി മാരാര്‍, ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സി.കെ പത്മനാഭന്‍, പി.എസ് ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, കെ സുരേന്ദ്രന്‍. സംസ്ഥാനത്തു ബിജെപിയുടെ നായകസ്ഥാനത്തേക്കു വന്നിട്ടുള്ള ഈ നേതാക്കളെല്ലാവരും ഒരേതലത്തില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ്. ശോഭാസുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ഇതേ വഴിതന്നെ സഞ്ചരിച്ചവരാണ്. ഇവരെല്ലാവരും യൗവ്വനകാലം മുതല്‍ മുഴുവന്‍ സമയം ആര്‍എസ്എസിലോ ജനസംഘത്തിലോ ബിജെപിയിലോ ഒക്കെ പ്രവര്‍ത്തിച്ചവരുമാണ്. മണ്ഡലം നേതാക്കളെ വരെ പേരെടുത്തു വിളിക്കാന്‍ പരിചയമുള്ളവരാണ്. ബിജെപിയില്‍ അല്ലെങ്കിലും മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് കേരളത്തില്‍ പരിചിതരായ എപി അബ്ദുല്ലക്കുട്ടിയും അല്‍ഫോണ്‍സ് കണ്ണന്താനവും പോലുള്ള നേതാക്കളുണ്ട്. പാര്‍ട്ടിപ്രവര്‍ത്തനം കൊണ്ടല്ലാതെ സുപരിചിതരായ ജേക്കബ് തോമസ്, ടി.പി സെന്‍കുമാര്‍ എന്നിവര്‍ വെറൊരു വശത്തുമുണ്ട്. ഈ വഴികളൊന്നുമല്ല ബിജെപി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.


Also Read: ജസ്റ്റിസിന്റെ കയ്യില്‍ കറന്‍സിയായി 15 കോടിയോ?


രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം



ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന് ഏറ്റവും അവഗാഹം ഉണ്ടാകേണ്ടത് പ്രാദേശിക വിഷയങ്ങളിലാണ്. പെരിയാറിലെ മാലിന്യവും കല്ലടയാറ്റിലെ മണല്‍വാരലും പമ്പയിലെ അണക്കെട്ടുകളും ഭാരതപ്പുഴയിലെ മണല്‍ത്തിട്ടകളുമെല്ലാം ഉത്തരമുണ്ടാകേണ്ട വിഷയങ്ങളാണ്. അതുപോലെ എല്ലാ പാര്‍ട്ടിയുടേയും നേതാക്കളുമായുള്ള പരിചയം ഉണ്ടാകണം. ആഭ്യന്തര വിഷയങ്ങളും അറിഞ്ഞിരിക്കണം. സ്വന്തമായിട്ട് വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കഴിവും വേണം. ഇതെല്ലാം സാധാരണ നിലയില്‍ ആര്‍ജിക്കുന്നത് പ്രാദേശിക രാഷ്ട്രീയത്തിലെ പ്രവര്‍ത്തന പരിചയംകൊണ്ടാണ്. അതൊന്നും അത്രവലിയ പ്രശ്‌നങ്ങളല്ല എന്നു തെളിയിക്കാന്‍ തമിഴ്‌നാട്ടില്‍ കെ അണ്ണാമലൈക്കു സാധിച്ചു. ദ്രാവിഡ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതിന് നേര്‍വിപരീതമായ നിലപാടുകളുമായി സമരം നയിച്ചാണ് അണ്ണാമലൈ ശ്രദ്ധ നേടിയത്. എഐഎഡിഎംകെ നിര്‍ജീവമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ സമരമുഖത്തെങ്കിലും ബിജെപിയെ ഡിഎംകെയുടെ മുഖ്യശത്രുവാക്കി മാറ്റാന്‍ അണ്ണാമലൈക്കു സാധിച്ചു.പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയെ നയിക്കുമ്പോള്‍ സമരം തന്നെയാണ് മുഖ്യആയുധം. രാജീവ് ചന്ദ്രശേഖര്‍ കാര്‍ ടു കാര്‍പ്പറ്റ് യാത്രകള്‍ മാത്രം നടത്തുന്നയാള്‍ എന്ന പ്രതിച്ഛായയുമായാണ് വരുന്നത്. അവിടെ നിന്ന് പുഴിമണലിലേക്കും ചെളിമണ്ണിലേക്കും ഇറങ്ങേണ്ടിവരും. പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനം രാഷ്ട്രീയമായും പ്രകൃത്യാലും ചെളിയും പൂഴിയും നിറഞ്ഞതാണ്. ഇവിടെ ചേറും ചെളിയും പറ്റാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.


കേരളമെങ്ങും ഫലിക്കുമോ തൃശൂര്‍ മോഡല്‍?


രണ്ടു തെരഞ്ഞെടുപ്പില്‍ നേരത്തെ മത്സരിച്ചിരുന്നെങ്കിലും സുരേഷ് ഗോപി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിരുന്നില്ല. എന്നാല്‍ ഒ. രാജഗോപാലും കുമ്മനും രാജശേഖരനും പോലും വിചാരിച്ചിട്ടും നടക്കാത്ത രാഷ്ട്രീയ വിജയം നേടി പാര്‍ലമെന്റിലെത്താന്‍ സുരേഷ് ഗോപിക്കു സാധിച്ചു. പരമ്പരാഗതമായി കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പൊയ്‌ക്കൊണ്ടിരുന്ന വോട്ടുകളാണ് ആ എഴുപത്തിയയ്യായിരം ഭൂരിപക്ഷത്തിനു പിന്നില്‍. രണ്ടു തെരഞ്ഞെടുപ്പില്‍ നിന്നു പരാജയപ്പെട്ടതിന്റെ സഹതാപം മാത്രമല്ല സുരേഷ് ഗോപിക്ക് ഗുണമായത്. ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ചിരപരിചിതത്വം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം എന്ന് സുരേഷ്‌ഗോപി പറഞ്ഞെങ്കിലും അങ്ങനെയായിരുന്നു ഫലമെങ്കില്‍ ആദ്യം പ്രതിഫലിക്കേണ്ടത് തിരുവനന്തപുരത്തായിരുന്നു. തൃശൂര്‍ മാതൃക കേരളമെങ്ങും വ്യാപിപ്പിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണം. ബിജെപിക്ക് സംഘടനാപരമായുള്ള പരിമിതി മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്ന ഇഷ്ടക്കേടുകളായിരുന്നു. മുന്‍കാലങ്ങളില്‍ പി.പി. മുകുന്ദനും സി.കെ. പത്മനാഭനുമൊക്കെ ഉയര്‍ത്തിയിരുന്നതുപോലുള്ള വിമതത്വം ഇപ്പോള്‍ ശോഭാ സുരേന്ദ്രനാണ് ഉയര്‍ത്തുന്നത്. ഈ നേതാക്കളെയൊന്നും കണക്കിലെടുക്കാതെ മുന്നോട്ടുപോകാം എന്നതാണ് രാജീവ് ചന്ദ്രശേഖറിനുള്ള ആനുകൂല്യം. പക്ഷേ, അണികള്‍ക്കിടയില്‍ സ്വാധീനമുള്ള ഈ നേതാക്കളെ ഒപ്പം കൂട്ടാതെ സംഘടനാ സംവിധാനം ചലിക്കില്ല എന്ന വെല്ലുവിളിയുമുണ്ട്. മണ്ണിലിറങ്ങി പ്രവര്‍ത്തിക്കണോ, രഥയാത്രകള്‍ മാത്രം മതിയോ എന്ന ചോദ്യത്തിന് രാജീവ് ചന്ദ്രശേഖര്‍ നല്‍കുന്ന ഉത്തരമായിരിക്കും കേരളത്തില്‍ ബിജെപിയുടെ ഭാവി തീരുമാനിക്കുക.

KERALA
ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കി; ബിജെപി നേതാവിനെതിരെ കേസ്
Also Read
user
Share This

Popular

KERALA
NATIONAL
സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ; SFIOയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യം; ഹർജി തിങ്കളാഴ്ച പരിഗണിക്കും