fbwpx
SPOTLIGHT| ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലോ?
logo

ന്യൂസ് ഡെസ്ക്

Posted : 30 Jan, 2025 04:26 PM

ശരിക്കും തളരുകയാണോ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ? യഥാര്‍ത്ഥ കണക്കുകള്‍ സ്‌പോട്‌ലൈറ്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ വയ്ക്കുകയാണ്.

SPOT LIGHT


ഇന്ത്യ സാമ്പത്തിക മാന്ദ്യത്തില്‍ പ്രവേശിച്ചോ? സര്‍ക്കാരോ രാജ്യത്തെ മാധ്യമങ്ങളോ അക്കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ന്യൂയോര്‍ക് ടൈംസില്‍ ഇന്ത്യയെക്കുറിച്ചു വന്ന ഏറ്റവും പുതിയ വാര്‍ത്തയുടെ തലക്കെട്ടു നോക്കുക. India's Economy Slows Down Just When It Was Supposed to Speed Up. കുതിച്ചുപായേണ്ട സമയത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ എന്നാണ് തലക്കെട്ടു വിളിച്ചുപറയുന്നത്. ബ്ലുംബര്‍ഗും വാഷിങ്ടണ്‍ പോസ്റ്റും സിഎന്‍എന്നും ഇതുതന്നെ കൊടുക്കുന്നു. വാര്‍ത്താ ഏജന്‍സികളാണ് റോയിട്ടേഴ്‌സും പറയുന്നത് ഇതേകാര്യം. സര്‍ക്കാരിന്റെ കഴിവുകേടായി വിലയിരുത്തപ്പെടും എന്നതിനാല്‍ മാന്ദ്യത്തിലായാലും കേന്ദ്രധനമന്ത്രാലയമോ റിസര്‍വ് ബാങ്കോ പുറത്തുപറയില്ല. ശരിക്കും തളരുകയാണോ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ? യഥാര്‍ത്ഥ കണക്കുകള്‍ സ്‌പോട്‌ലൈറ്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ വയ്ക്കുകയാണ്.


ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലോ?



ഒരു മുന്‍വിധിയും ഇല്ലാതെ ഒരു കണക്കില്‍ നിന്ന് ആരംഭിക്കുകയാണ്. രാജ്യത്ത് ഒക്ടോബറിലെ മൊത്തം ജിഎസ് ടി വരുമാനം 1,87,347 കോടി രൂപ. നവംബറില്‍ 1,82,269 കോടി രൂപ. ഒക്ടോബറില്‍ നിന്ന് നവംബറില്‍ എത്തിയപ്പോള്‍ അയ്യായിരം കോടി രൂപയുടെ കുറവ്. ഡിസംബറിലോ? അത് 1,76,857 കോടി രൂപ. നവംബറിലേക്കാള്‍ അയ്യായിരം കോടിയിലേറെ കുറവ്. ഒക്ടോബറിലേക്കാള്‍ പതിനോരായിരം കോടി രൂപയുടെ കുറവാണ് ഡിസംബറില്‍. മൂന്നുമാസം തുടര്‍ച്ചയായി നികുതി കുറഞ്ഞു എന്നതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നു പറയാന്‍ കഴിയില്ല. പക്ഷേ, ഇതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ലക്ഷണം. ഇത്തരമൊരു കണക്ക് മുന്നിലുണ്ടായിട്ടും എന്താണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്? കഴിഞ്ഞവര്‍ഷം ഇതേ മാസത്തേക്കാള്‍ 7 ശതമാനം വര്‍ധനയുണ്ടെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി പുറത്തുവിട്ടു. രാജ്യം മുന്നോട്ട് എന്ന മട്ടില്‍ എല്ലാ മാധ്യമങ്ങളിലും അതു വാര്‍ത്തയായി വന്നു. ജിഎസ്ടി വരുമാനം കുറയുക എന്നാല്‍ എന്താണ് അര്‍ത്ഥം? രാജ്യത്തെ മുഴുവന്‍ വ്യാപാരവും മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്നാണ്. ജനങ്ങള്‍ വിപണിയില്‍ പണം ചെലവഴിക്കുന്നില്ല എന്നാണ്. ജനം ചെലവഴിക്കാത്തതിനു കാരണം അവര്‍ക്കു മുന്‍പുള്ളതുപോലെ വരുമാനം ഇല്ല എന്നതാണ്. മുന്‍പുള്ളതുപോലെ വരുമാനം ഇല്ലാത്തതിനു കാരണം തൊഴില്‍ ആവശ്യത്തിന് ഇല്ല എന്നതാണ്. ഈ പ്രശ്‌നം എത്രമാത്രം ഗുരുതരമാണ് എന്ന് അറിയാന്‍ നമുക്ക് ഗുജറാത്തില്‍ നിന്നു തുടങ്ങാം.


Also Read: നാപാം ഗേൾ; വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പറഞ്ഞ ചിത്രം നിക്ക് ഉട്ടിന്റേത് അല്ലേ? 'ദി സ്ട്രിങ്ങർ' ഉയർത്തുന്ന വിവാദം


പ്രതിസന്ധി സംസ്ഥാനങ്ങളിലൂടെ?


ഗുജറാത്താണ് രാജ്യത്തെ വ്യാപാര സംസ്ഥാനം. വലിപ്പത്തിലും തുകയിലും മഹാരാഷ്ട്രയാണ് വലുതെങ്കിലും ഗുജറാത്ത് വ്യാപാരം കൊണ്ടുമാത്രം ജീവിക്കുന്നവരുടെ നാടാണ്. അവിടെ ഒക്ടോബറില്‍ മൊത്തം റവന്യൂവരുമാനം 18,102 കോടി രൂപ. നവംബറില്‍ 14,775 കോടി രൂപ. ഡിസംബറില്‍ 14,194 കോടി രൂപ. പടവലങ്ങപോലെ താഴേക്ക് എന്ന സ്ഥിതി ഗുജറാത്തില്‍ മാത്രമോ. മഹാരാഷ്ട്ര തന്നെ നോക്കാം. ഒക്ടോബറില്‍ 41,866 കോടി രൂപ. നവംബറില്‍ 33,776 കോടി രൂപ. ഡിസംബറില്‍ 32,402 കോടി രൂപ. ഒന്‍പതിനായിരം കോടി രൂപയുടെ കുറവാണ് മഹാരാഷ്ട്രയില്‍ മൂന്നുമാസത്തിനിടെ ഉണ്ടായത്. നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനമായ കര്‍ണാടകത്തിലേക്കു വരാം. സാമ്പത്തികമായി നല്ല നിലയിലുള്ള സംസ്ഥാനമാണ്. അവിടെ ഒക്ടോബറില്‍ 22,799 കോടി രൂപ. നവംബറില്‍ 20,048 കോടി രൂപ. ഡിസംബറില്‍ 18,851 കോടി രൂപ. തെന്നിത്തെന്നി താഴേക്കു തന്നെ. ഇപ്പോള്‍ ഒരു സംശയം ഉണ്ടാകും മുന്‍വര്‍ഷങ്ങളിലും ഇങ്ങനെ തന്നെയാണോ എന്ന്. ഇതാ ആ കര്‍ണാടകത്തില്‍ തന്നെ നോക്കാം. 2023 ഒക്ടോബറില്‍ 18,887 കോടി രൂപ. ഡിസംബറില്‍ 20,329 കോടി രൂപ. കഴിഞ്ഞ വര്‍ഷമൊക്കെ ഒക്ടോബറില്‍ നിന്ന് ഡിസംബറിലേക്കെത്തുമ്പോള്‍ കൂടുകയായിരുന്നു. ഈ വര്‍ഷമാണ് ഇത്രവലിയ ഇടിവ്. അപ്പോള്‍ കേരളമോ?


പ്രതിസന്ധി രൂക്ഷമാകുന്ന കേരളവും



കേരളത്തില്‍ ഏറ്റവും മോശം ഡിസംബറാണ് കടന്നുപോയത്. നവംബറില്‍ 10,570 കോടി രൂപ കിട്ടിയെങ്കില്‍ ഡിസംബറില്‍ ലഭിച്ചത് 6,973 കോടി രൂപ മാത്രം. അപ്പോള്‍ കഴിഞ്ഞ ഡിസംബറിലോ? 2023 ഡിസംബറില്‍ 7317 കോടി രൂപയായിരുന്നു നികുതി വരുമാനം. മൂന്നുറ് കോടിയിലേറെ രൂപയാണ് മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്. ക്രിസ്മസും പുതുവത്‌സരവും വരുമ്പോള്‍ വിപണിയില്‍ പണം ഒഴുകേണ്ട മാസമായിരുന്നു. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡിസംബറാണ് 2024ല്‍ എന്നു മുന്‍വര്‍ഷങ്ങളിലെ അനുപാതം നോക്കിയാല്‍ വ്യക്തമാകും. പക്ഷേ കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെയും ഈ വര്‍ഷം ഡിസംബര്‍ വരേയും ഉള്ള മൊത്തം നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ട്. ആദ്യഒന്‍പതുമാസം 2023ല്‍ കിട്ടിയത് 65,956 കോടി രൂപ. 2024ല്‍ കിട്ടിയത് 72,564 കോടി രൂപ. മൊത്തം നികുതി മുന്‍വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ അതു താഴേക്കു പോരികയാണ്. രാജ്യത്തെങ്ങുമുള്ളതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ട്. ഇത് ഉത്പാദന സംസ്ഥാനം അല്ലാത്തതിനാല്‍ കൂടുതലായും ബാധിക്കുന്നുണ്ട്. ഈ സ്ഥിതിക്കു കാരണം എന്താണ്?


Also Read: കടുവകള്‍ കാടിറങ്ങുമ്പോള്‍ മനുഷ്യനു കാവലാര്? 


ഇന്ത്യ എന്തുകൊണ്ട് മാന്ദ്യത്തില്‍?



രാജ്യത്ത് കഴിഞ്ഞവര്‍ഷം വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരുന്നു. ഈ നവംബറിലെ വളര്‍ച്ചാ നിരക്ക് 5.2 ശതമാനം. മൂന്നു ശതമാനത്തിന്റെ ഇടിവ്. ഇത് ഏതൊരു സാമ്പത്തിക സംവിധാനത്തിലും ഇരിപ്പതാണ് എന്നു പറയും. ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള കണക്കുവച്ചുള്ള വളര്‍ച്ചാ നിരക്ക് 6.4 ശതമാനം മാത്രം. രണ്ടു ശതമാനത്തിനടുത്താണ് വളര്‍ച്ചാനിരക്കിലെ കുറവ്. എന്തുകൊണ്ട് ഈ തളര്‍ച്ച? അതു നിസംശയം പറയാം, വിദേശ നിക്ഷേപകര്‍ വ്യാപകമായി പിന്‍വാങ്ങുകയാണ്. കോവിഡ് കാലത്തു രാജ്യത്തേക്കുവന്ന നിക്ഷേപങ്ങളാണ് ഇപ്പോള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നത്. അതിനു കാരണം ഇന്ത്യന്‍ ഓഹരി വിപണി പരിധി കടന്നുകഴിഞ്ഞു എന്ന തിരിച്ചറിവാണ്. ഇപ്പോള്‍ വിപണിയില്‍ ഉണ്ടാകുന്ന ചെറിയ അനക്കങ്ങളുടെ കാരണം ദൈനംദിന വ്യാപാരം നടത്തുന്നവരാണ്. ഊഹക്കച്ചവടത്തിലെ ചില പൊലിമയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. രൂപയുടെ മൂല്യം ഒരു ഡോളറിന് 86ന് മുകളില്‍. സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍. മറ്റെല്ലാം തകരുമ്പോള്‍ സ്വര്‍ണത്തിന് മാത്രം വില ഉയരുന്നതാണ് മാന്ദ്യത്തിന്റെ ഏറ്റവും വലിയ ലക്ഷണം. ഓഹരിയില്‍ നിന്നും റിയല്‍ എസ്റ്റേറ്റില്‍ നിന്നും പണം പിന്‍വലിച്ച് കാശുള്ളവര്‍ സ്വര്‍ണം വാങ്ങിവയ്ക്കുകയാണ്. ഈ കഷ്ടകാലത്തും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുന്നില്ല. അതിനു കാരണം ഇപ്പോള്‍ സ്ഥിരമായ നികുതി വരുമാനം അതുമാത്രമാണ് എന്നതാണ്. രാജ്യം മാന്ദ്യത്തിലാണ് എന്ന് പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നത് ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ്. സത്യം എന്താണെന്ന് ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമ്പോഴെങ്കിലും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയും എന്നു കരുതാം.

KERALA
ബാലരാമപുരം കൊലപാതകം: കൃത്യത്തിന് മുൻപുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തു, അമ്മയുടെയും അമ്മാവൻ്റെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
Also Read
user
Share This

Popular

KERALA
KERALA
ബാലരാമപുരം കൊലപാതകം: കൃത്യത്തിന് മുൻപുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തു, അമ്മയുടെയും അമ്മാവൻ്റെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും