fbwpx
SPOTLIGHT| ഗാസയില്‍ സയണിസത്തിന്റെ ക്രൂരമുഖം
logo

ന്യൂസ് ഡെസ്ക്

Posted : 25 Mar, 2025 04:56 PM

വെടിനിര്‍ത്തിയെന്ന വിശ്വാസത്തില്‍ പൊതുജീവിതം തുടങ്ങിയ ജനതയാണ് മരിച്ചുവീണത്. ഇതിനൊക്കെ പുറമെ ഗാസ കടുത്തപട്ടിണിയും നേരിടുകയാണ്

WORLD


വെടിനിര്‍ത്തല്‍ കരാറുകള്‍ ഇസ്രായേല്‍ കീറിയെറിഞ്ഞു. ഗാസയിലേക്ക് നിര്‍ത്താതെ ബോംബ് വര്‍ഷിച്ചു. പിന്നാലെ കരയുദ്ധവും തുടങ്ങി. എഴുപതുപേരാണ് രണ്ടാമത് ആക്രമണം തുടങ്ങിയ ദിവസം തന്നെ മരിച്ചുവീണത്. അവരിലേറെയും കൊച്ചുകുഞ്ഞുങ്ങളാണ്. അന്‍പതു പേര്‍ മധ്യ-വടക്കന്‍ ഗാസയില്‍. ഇരുപതുപേര്‍ റാഫയിലും ഖാന്‍ യൂനിസിലും. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമല്ല, സമ്പൂര്‍ണ യുദ്ധമാണ് ഇസ്രായേല്‍ ആരംഭിച്ചത്. രണ്ടാമത്തെ ദിവസം നാനൂറുപേരെയാണ് കൊന്നത്. വെടിനിര്‍ത്തിയെന്ന വിശ്വാസത്തില്‍ പൊതുജീവിതം തുടങ്ങിയ ജനതയാണ് മരിച്ചുവീണത്. ഇതിനൊക്കെ പുറമെ ഗാസ കടുത്തപട്ടിണിയും നേരിടുകയാണ്.


ഗാസയില്‍ സയണിസത്തിന്റെ ക്രൂരമുഖം


എന്തുകൊണ്ട് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു? ഇസ്രായേലിന് ഒപ്പംനില്‍ക്കുന്ന രാജ്യങ്ങള്‍ക്കുപോലും അതിന് വ്യക്തമായ ഉത്തരമില്ല. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായില്ല എന്നാണ് ഏക വിശദീകരണം. എന്നാല്‍ കരാര്‍ പ്രകാരമുള്ള ബന്ദികളെയെല്ലാം മോചിപ്പിച്ചെന്നാണ് ഹമാസ് പറയുന്ന മറുപടി. ബന്ദികളെ മോചിപ്പിച്ചില്ലെന്നു പറഞ്ഞ് ആദ്യം വ്യോമാക്രമണം. പിറ്റേന്നു തന്നെ കരയുദ്ധം. പിന്‍വാങ്ങിയ ഭൂമിയില്‍ തിരികെയെത്തി ആധിപത്യം സ്ഥാപിക്കുന്നതു ഇസ്രായേല്‍ തുടരുകയാണ്. ഇതോടെ തിരികെ വന്ന ജനത വീണ്ടും പലായനം തുടങ്ങി. കാല്‍നടയായും കഴുതപ്പുറത്തുമാണ് കൂടുതല്‍ ആളുകളും മടങ്ങുന്നത്. അപൂര്‍വം ചിലര്‍ക്ക് കാറുകള്‍ ഉണ്ട്. സര്‍വം നഷ്ടപ്പെട്ട ജനതയാണ് ഇപ്പോള്‍ ഗാസയിലുള്ളത്. ആദ്യം കുടിയൊഴിയുമ്പോള്‍ ഉണ്ടായിരുന്ന ആസ്തിയുടെ പത്തിലൊന്നുപോലും ഇപ്പോള്‍ ആരുടേയും കൈകളിലില്ല. പാലായനം ചെയ്ത് എത്തുന്ന സ്ഥലങ്ങളില്‍ കാരുണ്യപ്രവര്‍ത്തകര്‍ എന്തെങ്കിലും നല്‍കിയാല്‍ മാത്രമേ ഭക്ഷണംപോലും കഴിക്കാന്‍ സാധിക്കൂ.


Also Read: സിനിമയും ഔറംഗസേബും കലാപവും? 


എന്തുകൊണ്ട് ഇസ്രായേല്‍ വീണ്ടും യുദ്ധം ആരംഭിച്ചു?



ഇതുവരെ കണ്ടതു തുടക്കം മാത്രമാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ പിടി അയയുന്നു എന്നു തോന്നിയ നിമിഷമാണ് നെതന്യാഹു വെടിനിര്‍ത്തല്‍ ലംഘിക്കാന്‍ തീരുമാനിച്ചത്. തീവ്രവാദ വിരുദ്ധ സൈന്യമായ ഷിന്‍ ബെറ്റിന്റെ തലവന്‍ റോനന്‍ ബാറിനെ പുറത്താക്കാനാണ് നെതന്യാഹു ആദ്യം ശ്രമിച്ചത്. പരസ്പരം ബന്ദികളെ വിട്ടയയ്ക്കണം എന്ന നിലപാടായിരുന്നു ഷിന്‍ ബെറ്റിന്. എന്നാല്‍ നെതന്യാഹുവും ഒപ്പമുള്ള തീവ്രവലതുപക്ഷവും യുദ്ധമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന നിലയിലാണ്. മതിയായ ഭൂരിപക്ഷം ഇല്ലാതെ ഇത്രയും കാലം സര്‍ക്കാര്‍ പിടിച്ചുനിന്നത് യുദ്ധം ചെയ്യുന്നതിന്റെ മറവിലാണ്. യുദ്ധം അവസാനിച്ചാല്‍ സര്‍ക്കാരിനെതിരായ നീക്കവും സജീവമാകും. ഇതു തിരിച്ചറിഞ്ഞാണ് നെതന്യാഹു പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ രണ്ടാം യുദ്ധം ആരംഭിച്ചത്. നിരവധി രാഷ്ട്രീയ പ്രതിസന്ധികള്‍ നെതന്യാഹു നേരിടുന്നുണ്ട്. മാര്‍ച്ച് 31ന് മുന്‍പ് ബജറ്റ് പാസ്സാക്കണം. നെതന്യാഹുവിനെതിരെ ഗുരുതര അഴിമതി കുറ്റങ്ങളുമായി കോടിയില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. സഖ്യകക്ഷികളില്‍ പലരും പിന്തുണ പിന്‍വലിക്കും എന്ന അഭ്യൂഹങ്ങളും സജീവമാണ്. യുദ്ധത്തിന്റെ അടിയന്തരാവസ്ഥയില്‍ സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ക്കെല്ലാം തടയിടാം. ഇതാണ് നെതന്യാഹു കണ്ടെത്തിയ രക്ഷാമാര്‍ഗം.


ഇസ്രായേലിലെ ഞെട്ടിക്കുന്ന നീക്കങ്ങള്‍


ഇസ്രയേല്‍ നേതാക്കള്‍ എത്രമാത്രം യുദ്ധഭ്രാന്തന്മാരാണ് എന്നറിയാന്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ കണ്ടാല്‍ മതി. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ രാജിവച്ച ദേശീയസുരക്ഷാ മന്ത്രിയുണ്ട്. ഇത്താമര്‍ ബെന്‍ ഗ്വിര്‍. വീണ്ടും യുദ്ധം തുടങ്ങിയതോടെ ആള് മന്ത്രിസഭയിലേക്ക് തിരിച്ചുവരവു പ്രഖ്യാപിച്ചു. തീവ്രവലതു നയക്കാരെ ഒപ്പം നിര്‍ത്താന്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് തിരിച്ചറിയുകയാണ് ബെഞ്ചമിന്‍ നെതന്യാഹു. ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന യുദ്ധം ഹമാസിന് എതിരേയല്ല. അവിടുത്തെ സാധാരണക്കാര്‍ക്കെതിരേയാണ്. ഹമാസ് നേതാക്കളെയല്ല ആക്രമിക്കുന്നത്, സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആള്‍ക്കൂട്ടത്തെയാണ്. ബെന്‍ഗ്വിര്‍ തിരികെ വരുന്നതോടെ നെതന്യാഹുവിന് അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷമാകും. ഹമാസിനെ തുടച്ചുനീക്കും എന്നു പ്രഖ്യാപിച്ച് ആരംഭിച്ച യുദ്ധമാണ്. നേതാക്കള്‍ വീണെങ്കിലും ഹമാസ് പഴയ വീര്യത്തോടെ ശേഷിക്കുന്നുവെന്നാണ് സമീപ ദിവസങ്ങളില്‍ വ്യക്തമായത്. ആദ്യയുദ്ധം ലക്ഷ്യം കണ്ടില്ലെന്ന വിമര്‍ശനത്തിന് നെതന്യാഹുവിനും ഒപ്പമുള്ളവര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഹമാസിനെ ഇല്ലാതാക്കും എന്നു പ്രഖ്യാപിച്ച് വീണ്ടും യുദ്ധം ആരംഭിച്ചത്.


Also Read: ബലൂച് ലിബറേഷൻ ആർമി; പാകിസ്ഥാനെ പിളര്‍ത്തുമോ ഈ സായുധസംഘം? 


കണ്ടതു ട്രംപിന്റെ കുടില ബുദ്ധിയോ?


അധികാരമേല്‍ക്കുമ്പോള്‍ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമായിരുന്നു. ഇസ്രായേലിനേയും ഹമാസിനേയും വെടിനിര്‍ത്തലിലേക്ക് എത്തിച്ചത് ട്രംപ് നടത്തിയ ചടുല നീക്കങ്ങളും ആയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ ട്രംപ് വീണ്ടും അമേരിക്കയുടെ നയം പിന്‍തുടരുന്ന പ്രസിഡന്റായി. സമാധാനം എന്ന ലക്ഷ്യമൊക്കെ ഇല്ലാതായി. ഹമാസിനെ അവസാനിപ്പിക്കുക എന്നതിനു മാത്രമായി മുന്‍ഗണന. ട്രംപിന്റെ കൂടി അനുമതിയോടെയാണ് ഇസ്രായേല്‍ ഈ മാസം ആദ്യം ഗാസയിലേക്കുള്ള ട്രക്കുകള്‍ തടഞ്ഞത് എന്നാണ് വിലയിരുത്തല്‍. ഭക്ഷണവും മരുന്നും എത്തുന്നത് രണ്ടാഴ്ച തടഞ്ഞശേഷം പൊടുന്നനെ വ്യോമാക്രമണം ആരംഭിക്കുകയായിരുന്നു. ഭക്ഷണവും മരുന്നും ഇല്ലാത്ത ജനതയ്ക്ക് പലായനം അല്ലാതെ മറ്റൊരു വഴിയുമില്ല. ഈ സ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ ഇസ്രായേലും അമേരിക്കയും ഒത്തുകളിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.


വിമതശബ്ദം അടിച്ചമര്‍ത്തുന്ന അമേരിക്ക


അമേരിക്കയില്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വേട്ടയാടുകയാണ്. പലരേയും എന്നേക്കുമായി അമേരിക്കയില്‍ നിന്നു പുറത്താക്കുകയുമാണ്. ബൈഡന്‍ ഭരിച്ചിരുന്നപ്പോള്‍ പൂര്‍ണമായും ഇസ്രയേലിന് ഒപ്പമായിരുന്നെങ്കിലും അമേരിക്കയിലെ വിമതശബ്ദം അടിച്ചമര്‍ത്തിയിരുന്നില്ല. ട്രംപ് എത്തിയതോടെ പലസ്തീന്‍ അനുകൂലികള്‍ക്കെതിരേ നടപടിയും തുടങ്ങി. അമേരിക്കന്‍, ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒരു വഴി മാത്രമേയുള്ളു. അത് പലസ്തീനികളെ വംശീയമായി അവസാനിപ്പിക്കുക എന്നതുമാത്രമാണ്. എന്നത്തേയും പോലെ ആ നയത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് യൂറോപ്പും. ജീവന്‍ നഷ്ടമാകുന്നത് ഈ അതിക്രമങ്ങളെന്താണെന്നു പോലും മനസ്സിലാകാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കു കൂടിയാണ്. അതാണ് ഏറെ സങ്കടകരം.

NATIONAL
ഛത്തീസ്ഗഡ് മാവോയിസ്റ്റ് വേട്ട: 25 ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന
Also Read
user
Share This

Popular

IPL 2025
NATIONAL
അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് വഴുതി ആറിൽ വീണു; വലഞ്ചുഴിയിൽ 15കാരിക്ക് ദാരുണാന്ത്യം