മത നിയമങ്ങള്‍ അപ്രസ്‌കതമാകുമെന്നു പറഞ്ഞിട്ട്, അസാധുവായത് ഇന്ത്യന്‍ മാര്യേജ് ആക്ട് ആണ്. ഒരു മതമേലധ്യക്ഷന്റെയും സമുദായ മേധാവിയുടേയും സമ്മതമില്ലാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് അസാധുവായത്.
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് നിലവില്‍ വന്നു. വിവാഹവും വിവാഹമോചനവും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം എന്നതല്ല നിയമത്തെ ചര്‍ച്ചയാക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പോലും മതമേലധ്യക്ഷന്റെയോ സമുദായപ്രമാണിയുടേയോ അനുമതി വേണം എന്നതാണ്. ഈ അനുമതിയുമായി ചെന്നാലും റജിസ്ട്രാര്‍ക്ക് വേണമെങ്കില്‍ നിഷേധിക്കാം എന്നതാണ്. ഒന്നിച്ചു താമസിക്കുന്ന ദമ്പതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഏതു നാട്ടുകാര്‍ക്കും കയറി പരിശോധിക്കാം എന്നതാണ്. ഒരു മേല്‍ക്കൂരയ്ക്കു താഴെ ഒരു പുരുഷനും സ്ത്രീയും കഴിയേണ്ടി വന്നാല്‍, അത് മറ്റ് കുടുംബാംഗങ്ങളോട് ഒപ്പമാണെങ്കിലും ഈ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യാം. ശിക്ഷിക്കാം. മൂന്നു മുതല്‍ ആറുമാസം വരെ തടവുകിട്ടാം. പതിനായിരം രൂപ മുതല്‍ ഇരുപത്തിയയ്യായിരം രൂപവരെ പിഴയും അടയ്‌ക്കേണ്ടിവരും. മതവും ജാതിയും സമുദായവും ബാധകമല്ലാതെ എല്ലാവര്‍ക്കും ഒരേ നിയമം എന്നു പറഞ്ഞുകൊണ്ടുവരുന്ന നിയമം പോലും കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ മതമേലധ്യക്ഷന്റെ കത്ത് നിര്‍ബന്ധമാക്കുകയാണ്.
ഏകീകൃത സിവില്‍ നിയമത്തിലും മതമേലധ്യക്ഷ ഭരണമോ?
മത നിയമങ്ങള്‍ അപ്രസ്‌കതമാകുമെന്നു പറഞ്ഞിട്ട്, അസാധുവായത് ഇന്ത്യന്‍ മാര്യേജ് ആക്ട് ആണ്. ഒരു മതമേലധ്യക്ഷന്റെയും സമുദായ മേധാവിയുടേയും സമ്മതമില്ലാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് അസാധുവായത്. വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യണം എന്ന നിയമം തലാഖ് ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം എവിടെയും താമസിക്കാം എന്ന സുപ്രീംകോടതി വിധിയെയാണ് ഈ നിയമം ലംഘിക്കുന്നത്. ആരൊക്കെ തമ്മില്‍ വിവാഹം കഴിക്കാമെന്നും ആരൊക്കെ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്നും നിയമത്തില്‍ എഴുതിച്ചേര്‍ത്തുവച്ചിരിക്കുകയാണ്. ഏഴുതലമുറ മറിയാതെ ബന്ധുക്കള്‍ വിവാഹം കഴിക്കരുത് എന്നു ചട്ടമുള്ള മതങ്ങളുണ്ട്. അതിലും കര്‍ക്കശമായി ബന്ധങ്ങളെ നിര്‍വചിക്കുകയാണ് ഏകീകൃത സിവില്‍ നിയമം. ഒന്നിച്ചു താമസിക്കുന്ന ഏതു പുരുഷനും സ്ത്രീക്കും മതമേലധ്യക്ഷന്മാരുടെ അനുമതി വേണം. അതുനല്‍കേണ്ടത് കുടുംബം പ്രാര്‍ത്ഥിക്കുന്ന ആരാധനാലയത്തിലെ കാര്‍മികനോ സമുദായനേതാവോ ആകണം. മതവും ജാതിയും സമൂഹത്തിലേക്കു മടക്കികൊണ്ടുവരാനുള്ള നിയമപരമായ ഉത്തോലകം കൂടി ആക്കുകയാണ് ഏകീകൃത സിവില്‍ നിയമത്തെ എന്നാണ് ആരോപണം. വ്യക്തി ജീവിതത്തിലെ തീരുമാനങ്ങളില്‍ മതത്തിനും സമുദായത്തിനും പങ്കില്ലാതെ, സ്വതന്ത്രരായി പറക്കുന്നവരുടെ തലമുറകളാണ് ലോകത്ത്. അവിടെയാണ് സമുദായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഏകീകൃത സിവില്‍ നിയമം വരുന്നത്.
Also Read: എന്തിനാണ് ഈ സിനിമാ സമരം?
ഏകീകൃത സിവില്‍ നിയമത്തിലെ കുരുക്കുകള്‍
ഒന്നിച്ചു താമസിക്കാന്‍ അനുവാദമില്ലാത്ത 74 ബന്ധങ്ങളാണ് ഉത്തരാഖണ്ഡിലെ നിയമം പറയുന്നത്. ഈ ബന്ധങ്ങളിലുള്ളവരല്ല ദമ്പതികള്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സമുദായ, മത മേലധികാരിമാരാണ്. ആ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച് തീരുമാനം എടുക്കേണ്ടത് റജിസ്ട്രാറും. സമുദായം സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പോലും റജിസ്ട്രാര്‍ക്ക് ഇവരുടെ ഒന്നിച്ചുള്ള താമസം അസാധുവാണെന്നു വിധിക്കുകയും ചെയ്യാം. സത്യത്തില്‍ സദാചാര പൊലീസിങ്ങിനുള്ള വലിയ വഴി തുറക്കുകയാണ് ഉത്തരാഖണ്ഡില്‍ നടപ്പാകുന്ന ഏകീകൃത സിവില്‍ നിയമം. ആണും പെണ്ണും ഒരു വീട്ടില്‍ താമസിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിയമം പറയുന്നത്. മൈനര്‍മാരല്ലാത്ത പുരുഷനും സ്ത്രീയും മറ്റു ബന്ധുക്കളുടെ ഒപ്പമോ അല്ലാതെയോ ഒന്നിച്ച് ഒരു വീട്ടില്‍ താമസിക്കണമെങ്കില്‍ ഈ നിയമം ബാധകമാണ്. വാടകയ്‌ക്കെടുത്തതോ വാങ്ങിയതോ, അല്ലെങ്കില്‍ ഇരുവരിലും ഒരാള്‍ക്ക് അവകാശമുള്ളതോ, ആരെങ്കിലും ഒരാളുടേ പേരിലുള്ളതോ, ഇതൊന്നുമല്ലെങ്കില്‍ ഇരുവരില്‍ ആരുടേയെങ്കിലും ബന്ധുക്കളുടെ പേരിലുള്ളതോ, ആയ ഒറ്റ മേല്‍ക്കൂരയ്ക്കു കീഴെ താമസിക്കുന്നതിനാണ് വിലക്ക്. മാതാപിതാക്കളും മക്കളും അല്ലാത്ത ആരും ഒന്നിച്ചു താമസിക്കാന്‍ പുറപ്പെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് പൊലീസിനു മാത്രമല്ല നാട്ടുകാര്‍ക്കും ചോദ്യം ചെയ്യാം. ആ നിലയിലേക്കാണ് നിയമത്തിന്റെ വ്യാഖ്യാനങ്ങള്‍ പോകുന്നത്. കാരണം വിവാഹം അനുവദനീയമല്ലാത്ത ബന്ധങ്ങള്‍പോലും നിര്‍വചിച്ചു കഴിഞ്ഞതിനാല്‍ ബന്ധുവീടുകളില്‍ വിരുന്നുപോയി താമസിക്കുന്നതുപോലും സംശയത്തിന്റെ കണ്ണോടെ നോക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.
Also Read: അമേരിക്ക മുറിവേല്‍പ്പിച്ചത് നമ്മുടെ ആത്മാഭിമാനത്തിനോ?
വീട് വാടകയ്ക്കു കിട്ടാന്‍ പോലും രജിസ്‌ട്രേഷന്‍
ഇരുവരുടേയും പരസ്പര സമ്മതത്തോടെയുള്ള ലിവ് ഇന്‍ റിലേഷന്‍ ഷിപ്പും കോ ഹാബിറ്റേഷനും സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്. എന്നാല്‍ ഉത്തരാഖണ്ഡിലെ നിയമം അനുസരിച്ച് മതമേലധ്യക്ഷന്മാരുടെ അനുമതി ഇല്ലെങ്കില്‍ ഇവ നിയമവിരുദ്ധമാണ്. ഒന്നിച്ചു താമസിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധവുമാണ്. ഓരോരുത്തരുടേയും പൂര്‍വബന്ധങ്ങളും വ്യക്തിപരമായ കാര്യങ്ങളും ഇനി ആര്‍ക്കും പരിശോധിക്കാം എന്നതാണ് നിയമത്തെ വിവാദമാക്കുന്ന മറ്റൊരു ഭാഗം. വിവാഹ ആലോചന എന്ന പേരില്‍ ചെന്നാല്‍ ഒരാള്‍ ആരോടൊക്കെ ഒപ്പം താമസിച്ചിട്ടുണ്ടെന്നുവരെ പൂര്‍വ രേഖകള്‍ സഹിതം രജിസ്ട്രാറില്‍ നിന്നു ശേഖരിക്കാന്‍ കഴിയും. ദമ്പതികള്‍ വീട് വാടകയ്‌ക്കെടുക്കാന്‍ പുറപ്പെട്ടാല്‍ വിവാഹം റജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും നല്‍കണം. അതു വാങ്ങിവയ്‌ക്കേണ്ടത് വീട്ടുടമയുടെ ബാധ്യതയാണ്. വിവാഹിതനായ ഒരാളെ സ്വന്തം പങ്കാളിക്കൊപ്പമല്ലാതെ മറ്റൊരു വീട്ടില്‍ നിന്ന് പിടികൂടിയാലും പിഴയും തടവും ശിക്ഷയുണ്ട്. അങ്ങനെ ഒരു വീട്ടില്‍ താമസിക്കുന്നവരുടെ ബന്ധം എന്താണെന്ന് അന്വേഷിക്കാന്‍ രജിസ്ട്രാര്‍ക്ക് പ്രതിനിധികളെ അയയ്ക്കാം. ഏകീകൃത സിവില്‍ നിയമം വ്യക്തികളെ സ്വതന്ത്രരാക്കുകയല്ല, മതങ്ങളിലേക്ക് കൂടുതല്‍ കെട്ടിയിടുകയാണ് ഉത്തരാഖണ്ഡില്‍. നിയമം അവതരിപ്പിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞതുതന്നെ ഇനി സംസ്ഥാനത്ത് നിയമവിരുദ്ധ ബന്ധങ്ങള്‍ ഉണ്ടാകില്ല എന്നാണ്. അവിടെ നിയമവിധേയ ബന്ധം ഉണ്ടാകാന്‍ വേണ്ടത് സമുദായ നേതാവിന്റെ സര്‍ട്ടിഫിക്കറ്റുമാണ്. വഞ്ചി പിന്നെയും അടുക്കുന്നത് മതജാതിക്കടവിലേക്കാണെന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്നു.