ഏതെങ്കിലും കാലത്ത് ആരെങ്കിലുമൊക്കെ ദാനം ചെയ്തതാണ് ഓരോ ആരാധനാലയ വസ്തുവും. അവയിലൊക്കെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിയമങ്ങളും ചിട്ടകളും നടപ്പാക്കാന്‍ ഒരുങ്ങിയാല്‍ രാജ്യം എവിടെയെത്തും
വഖഫ് ബില്‍ പാസാക്കാന്‍ പറഞ്ഞ, നുണകളും അര്‍ധസത്യങ്ങളുമായിരിക്കും, ഇനിയുള്ള കാലത്തെ രാഷ്ട്രീയത്തിന്റെ നൈതികത തീരുമാനിക്കുന്നത്. വഖഫ് അധീനതയിലുള്ള സ്വത്തിനെതിരെ നിലവിലെ നിയമം അനുസരിച്ച് കോടതിയില്‍ പോകാന്‍ കഴിയില്ല എന്നായിരുന്നു ഒരു വാദം. ബാബറി മസ്ജിദ് നിലനിന്നിരുന്നത് വഖഫ് ഭൂമിയിലാണ്. ആ വഖഫ് ഭൂമിയാണ് വിചാരണക്കോടതിയും പിന്നീട് സുപ്രീം കോടതിയും ഹിന്ദുക്കള്‍ക്കു നല്‍കിയത്. മുനമ്പത്തെ വഖഫ് ഭൂമിക്കെതിരായ കേസാണ് ഹൈക്കോടതിയില്‍ കാലങ്ങളായി നടക്കുന്നത്. രാജ്യത്തെ നൂറുകണക്കിന് വഖഫ് ഭൂമി കേസുകളാണ് നിരവധി വിചാരണക്കോടതികളില്‍ ഇപ്പോഴുള്ളത്. പിന്നെന്താണ് വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തടസ്സം. അങ്ങനെയെങ്കില്‍ എന്തിന് ഇപ്പോഴീ വഖഫ് ബില്‍ പാസാക്കുന്നു. മുസ്ലീങ്ങള്‍ അന്യായമായതെന്തോ ചെയ്യുന്നുവെന്നും, ആയതിനാല്‍ ഹിന്ദുക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ധ്വനിപ്പിക്കുക മാത്രമായിരുന്നോ സര്‍ക്കാര്‍ ലക്ഷ്യം?
എന്തിനായിരുന്നു ഈ വഖഫ് നിയമം?
സൈന്യവും റയില്‍വേയും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമയാണ് വഖഫ്. ഒന്നും രണ്ടുമല്ല ഒന്‍പതു ലക്ഷത്തി നാല്‍പ്പതിനായിരം ഏക്കറാണ് വഖഫ് അധീനതയിലുള്ള ഭൂമി. ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് ആസ്തിയുടെ വിപണിമൂല്യം. ഇത്രയും മുസ്ലീങ്ങള്‍ കൈവശം വച്ചിരിക്കുകയാണെന്നും തിരിച്ചുപിടിക്കണമെന്നുമാണ് വാട്‌സ്ആപ് സര്‍വകലാശാലകളിലെ പുതിയ പാഠഭേദങ്ങള്‍. എന്നാല്‍ ഹിന്ദു വിഭാഗത്തിന്റെ കണക്കെടുത്താലോ. തമിഴ്‌നാട്ടില്‍ മാത്രം ടെംപിള്‍ ട്രസ്റ്റിന് കീഴില്‍ 4,78,000 ഏക്കര്‍ സ്ഥലമുണ്ട്. കേരളത്തില്‍ 3,050 ക്ഷേത്രങ്ങളാണ് വിവിധ ദേവസ്വങ്ങള്‍ക്കു കീഴിലുള്ളത്. ഇവയുടെ നിയന്ത്രണത്തിലും വരും അത്രയും സ്ഥലം. രാജ്യം മുഴുവന്‍ വഖഫിന് കീഴിലുള്ള സ്വത്ത് എന്ന് പറഞ്ഞു പെരുപ്പിച്ച് കാണിക്കുന്നത് കേരളത്തിലേയും തമിഴ്‌നാട്ടിലേയും ക്ഷേത്രങ്ങളുടെ ആസ്തിയുടെ അത്രയേ വരുന്നുള്ളു. പോരെങ്കില്‍ കര്‍ണാടക ദേവസ്വത്തിന് കീഴില്‍ 34,000 ക്ഷേത്രങ്ങളുണ്ട്. അവയുടെ ആസ്തിതന്നെ വരും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ക്ഷേത്ര ആസ്തി ചേരുന്നത്രയും. ഇതെല്ലാം ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ളവയുടെ മാത്രം കണക്കാണ്. വ്യക്തികളുടേയും സ്വകാര്യ ട്രസ്റ്റുകളുടേയും കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് ഇതിലേറെ സ്വത്തും ആസ്തിയുമുണ്ട്.
Also Read: വെള്ളാപ്പള്ളി നടേശന്‍ സമ്പൂര്‍ണ സംഘപരിവാറായോ?
ക്രിസ്ത്യന്‍ പള്ളികളുടെ അധീനതയില്‍
കേരളത്തിലെ കണക്കെടുത്താല്‍ ക്രൈസ്തവ സഭയാണ് വലിയ ഭൂഉടമകളിലൊന്ന്. പള്ളികള്‍ക്കുള്ള ഏക്കര്‍ കണക്കിനു സ്വത്തുകള്‍ക്കു പുറമെ രൂപതകള്‍ക്കും അതിരൂപതകള്‍ക്കും സഭാ ആസ്ഥാനങ്ങള്‍ക്കും വലിയ ഭൂസ്വത്തുണ്ട്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും ക്രൈസ്തവ സഭകള്‍ക്കുള്ള സ്വത്തിന്റെ അളവെടുത്താല്‍ തന്നെ ഇപ്പോള്‍ വഖഫിന്റെ അധീനതയിലുള്ള ഭൂമിയോളം വരും. വഖഫ് സ്വത്ത് ദൈവത്തിന്റേതാണെന്ന് പറയുന്നതിനെയാണ് ഇപ്പോള്‍ ചിലര്‍ പരിഹസിക്കുന്നത്. ദേവസ്വങ്ങള്‍ക്കുള്ള മുഴുവന്‍ സ്വത്തിനും അവകാശി അതാത് തേവരല്ലേ? ബാബറി മസ്ജിദ് ഇരുന്ന ഭൂമി റാം ലല്ലയുടെ പേരിലല്ലേ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്? ഓരോ വിശ്വാസികള്‍ക്കും ഭൂഉടമ അവരവരുടെ ദൈവങ്ങളാണ്. അത് പരിഹസിക്കപ്പെടാനോ പിടിച്ചെടുക്കാനോ ഉള്ള വസ്തുവല്ല. വഖഫ് ബോര്‍ഡുകള്‍ക്കു കീഴിലുള്ള ഭൂമിയില്‍ മാത്രം എന്താണ് കേന്ദ്രത്തിന് ഇത്ര വലിയ താല്‍പര്യം. തമിഴ്‌നാട്ടിലെ ടെംപിള്‍ ട്രസ്റ്റിനും കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കും കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കണം എന്നു വാദിക്കുന്നവരാണ് വഖഫില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം എന്നു പറയുന്നത്. ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിലേക്കു പോകുന്നില്ല എന്നു തെളിഞ്ഞാലും കാണിക്കയിടരുത് എന്ന് പ്രചാരണം നടത്തും. ദേവസ്വം ബോര്‍ഡുകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തില 2,500 ക്ഷേത്രങ്ങളിലെങ്കിലും നിത്യപൂജ പ്രതിസന്ധിയിലാകില്ലേ? ശബരിമലയിലേയും മറ്റും വരുമാനം കൊണ്ടല്ലേ ആ ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ക്കും കഴകക്കാര്‍ക്കും ശമ്പളം നല്‍കുന്നത്?
Also Read: ഹിന്ദുക്കള്‍ പിടിച്ചടക്കിയ ബോധഗയ തിരിച്ചുപിടിക്കുമോ ബുദ്ധന്മാര്‍?
വിശ്വാസത്തില്‍ സര്‍ക്കാരിന് ഇടപെടാവുന്ന വിധം
വിശ്വാസത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ വലിയ പഴുതുകളൊന്നുമില്ല. ഭരണഘടന അനുസരിച്ച് വിശ്വാസപരമായ കാര്യങ്ങളില്‍ മതങ്ങള്‍ക്കാണ് പൂര്‍ണാധികാരം. മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നു പറയുന്നതുപോലെ തന്നെ രാഷ്ട്രീയത്തിന് മതത്തില്‍ ഇടപെടാനും അവകാശങ്ങളൊന്നുമില്ല. ആ നൂല്‍പ്പാലമാണ് ഇപ്പോള്‍ വെട്ടിമുറിച്ചിരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊണ്ടുവന്ന ഡസന്‍ കണക്കിനു നിയമങ്ങള്‍ അപരരെ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതും, പൗരത്വ ഭേദഗതി നിയമവും, മുത്തലാഖ് ബില്ലും, ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനുള്ള നീക്കങ്ങളുമെല്ലാം. ഇവയെല്ലാം ലക്ഷ്യമിട്ടത് മുസ്ലിം എന്ന അപരനെ സൃഷ്ടിച്ച് മറ്റു മതവിഭാഗങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തുകയായിരുന്നു എന്നാണ് ആരോപണം. ഈ രാജ്യത്തു ജനിച്ചുവളര്‍ന്ന് ഇവിടെ അനുവദനീയമായ മതം ആചരിക്കുന്നവരെ അപരരായി കാണുന്നത് ഭരണഘടനയോടുള്ള നിന്ദയാണ്. പട്ടിണിയുടെയും പരിവട്ടത്തിന്റേയും നൂറു വിഷയങ്ങള്‍ രാജ്യത്തുള്ളപ്പോഴാണ് ശത്രുക്കളാണെന്നു പ്രഖ്യാപിക്കാന്‍ മാത്രമായി വഖഫ് നിയമം പാസാക്കുന്നത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബില്‍ പാസാക്കാനുള്ള ലൈസന്‍സല്ല.
റവന്യു ഭൂമിപോലെ ഇനി വഖഫ് ഭൂമിയും
വഖഫിലേക്ക് രജിസ്റ്റര്‍ ചെയ്ത ഭൂമി അതത് മുത്തവല്ലിമാരുടെ നിയന്ത്രണത്തിലായിരുന്നു ഇതുവരെ. ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ജില്ലാ കലക്ടര്‍ക്കോ അല്ലെങ്കില്‍ സമാന പദവിയില്‍ നിയമിക്കപ്പെടുന്നയാള്‍ക്കോ ആകും നിയന്ത്രണാധികാരം. മതത്തിന്റെ കയ്യില്‍ നിന്ന് ഭൂമി തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു തുല്യമെന്നാണ് മുസ്ലിം സംഘടനകള്‍ വാദിക്കുന്നത്. ഭരണസമിതിയില്‍ ഒന്നോ രണ്ടോ അമുസ്ലീംകള്‍ വരുന്നു എന്നു പറയുന്നതിനേക്കാള്‍ ഗുരുതരമാണ് സ്വത്തിലുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്നത്. ക്ഷേത്രങ്ങള്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും ബൗദ്ധ, ജൈന മന്ദിരങ്ങള്‍ക്കുമെല്ലാമുള്ള ഭൂമിയിലുമുണ്ട് വഖഫ് ഭൂമിയില്‍ എന്നതുപോലെയുള്ള തീര്‍പ്പില്ലായ്മകള്‍. ഏതെങ്കിലും കാലത്ത് ആരെങ്കിലുമൊക്കെ ദാനം ചെയ്തതാണ് ഓരോ ആരാധനാലയ വസ്തുവും. അവയിലൊക്കെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിയമങ്ങളും ചിട്ടകളും നടപ്പാക്കാന്‍ ഒരുങ്ങിയാല്‍ രാജ്യം എവിടെയെത്തും. ഇതിനപ്പുറം ഒരു ചോദ്യം ഈ നിമിഷം ഉയര്‍ത്താനില്ല.