ഇതോടെ ഇന്ത്യൻ ഓഹരി വിപണി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരിച്ചടി തീരുവയിലും ചൈനയുടെ പ്രതികാര നടപടികളിലും തകർന്നടിഞ്ഞ് ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 3,939.68 പോയിന്റ് ഇടിഞ്ഞ് 71,425.01 എത്തി. നിഫ്റ്റി 1,160.8 പോയിന്റ് ഇടിഞ്ഞ് 21,743.65 എത്തി. ആഗോള ഓഹരി വിപണികളിലെ കുത്തനെയുള്ള ഇടിവാണ് ഇത് കാണിക്കുന്നത്. ഇതോടെ ഇന്ത്യൻ ഓഹരി വിപണി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 20 ലക്ഷം കോടിയിലധികം രൂപയാണ് തിങ്കളാഴ്ച രാവിലെ വ്യാപരം ആരംഭിച്ചതോടെ നിക്ഷേപകർക്ക് നഷ്ടമായത്. ആഗോളതലത്തിലുള്ള വ്യാപാര യുദ്ധം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ആദ്യ വ്യാപാരത്തിൽ തന്നെ ഓഹരി വിപണി സൂചികകൾ കുത്തനെ ഇടിഞ്ഞത്.
സെൻസെക്സ് ഓഹരികളിലെ എല്ലാ കമ്പനികളും നെഗറ്റീവ് ടെറിട്ടറിയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. വിപണിയിലെ ഒന്നാം നമ്പർ താരങ്ങളായ റിയലൻസും, ടിസിഎസും, എച്ച്ഡിഎഫ്സി ബാങ്കുമൊക്കെ നാല് ശതമാനം ഇടിവാണ് നേരിട്ടത്. ടാറ്റ സ്റ്റീൽ എട്ട് ശതമാനവും ടാറ്റ മോട്ടോഴ്‌സ് ഏഴ് ശതമാനവും ഇടിഞ്ഞു. എച്ച്‌സിഎൽ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് വലിയ നഷ്ടങ്ങൾ നേരിട്ട മറ്റ് ഓഹരികൾ.
ALSO READ: ട്രംപുമായി നെതന്യാഹുവിൻ്റെ കൂടിക്കാഴ്ച്ച ഇന്ന്; താരിഫ് വർധന ചർച്ച ചെയ്യും
ഏഷ്യൻ വിപണികളിൽ, ഹോങ്കോങ്ങിന്റെ ഹാങ് സെങ് ഏകദേശം 11 ശതമാനവും, ടോക്കിയോയിലെ നിക്കി 225 ഏകദേശം ഏഴ് ശതമാനവും, ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക ആറ് ശതമാനത്തിലധികം ഇടിഞ്ഞു, ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക അഞ്ച് ശതമാനവും ഇടിഞ്ഞു. ചൈന, ജപ്പാൻ സൂചികകളും യഥാക്രമം 10 ശതമാനവും 8 ശതമാനവും ഇടിഞ്ഞു. യുഎസ് വിപണികളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എസ് ആന്റ് പി 500, കമ്പോസിറ്റ്, ഡൗ എന്നിവ അഞ്ച് ശതമാനലധികം ഇടിവ് നേരിട്ടു.
അതേസമയം, അമേരിക്കൻ ഓഹരി വിപണി കുത്തനെ ഇടിയുമ്പോഴും ട്രംപിന് കുലുക്കമില്ല. ഓഹരി വിപണി ഇടിയണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില കാര്യങ്ങൾ ശരിയാകാൻ മരുന്ന് പ്രയോഗിക്കേണ്ടി വരും എന്നുമാണ് ട്രംപ് പറയുന്നത്. വ്യാപാര പങ്കാളികൾ അമേരിക്കയോട് മോശമായി പെരുമാറിയെന്ന വാദവും ട്രംപ് ആവർത്തിച്ചു.