മുഖത്തും മൂക്കിനും ഉൾപ്പെടെ കടിയേറ്റ പലരുടെയും പരുക്ക് ഗുരുതരമാണ്
കണ്ണൂർ അഞ്ചരക്കണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ 40 ഓളം പേർക്ക് പരിക്ക്. രാവിലെ ആറ് മണിമുതൽ പ്രദേശത്ത് ആശങ്ക വിതച്ച നായയെ 11 മണിയോടെ ചത്ത നിലയിൽ കണ്ടെത്തി. മുഖത്തും മൂക്കിനും ഉൾപ്പെടെ കടിയേറ്റ പലരുടെയും പരുക്ക് ഗുരുതരമാണ്.
പുലർച്ചെ ആറേകാൽ മുതൽ അഞ്ചു മണിക്കൂർ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ അനുഭവിച്ചത് സമാനതകളില്ലാത്ത ആശങ്കയാണ്. റോഡിലൂടെ നടന്നവരെയും, വീട്ടിലിരുന്നവരെയും, ബസിൽ കയറാൻ പോയവരെയുമെല്ലാം തെരുവുനായ ആക്രമിച്ചു. മുഖത്തും, കൈക്കും, കാലിനുമൊക്കെ കടിയേറ്റവർ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലേക്കോടി.
ALSO READ: കാസർഗോഡ് ആളില്ലാത്തപ്പോൾ വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; സാധനങ്ങൾ പുറത്തേക്കെറിഞ്ഞെന്നും പരാതി
പൊക്കൻമാവിലെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെയാണ് ആദ്യം നായ കടിച്ചത്. പിന്നീട് കോയ്യോട്, പനേരിച്ചാൽ, ഇരിവേരി, കണയന്നൂർ, ആർവി മെട്ട, മിടാവിലോട്, കാവിൻമൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല എന്നിവിടങ്ങളിലും പോകുന്ന വഴിയിൽ കണ്ടവരെയും നായ ആക്രമിച്ചു. അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന സ്ത്രീയും അച്ഛനൊപ്പം വരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടിയുമുൾപ്പെടെ പരിക്കേറ്റവരിൽ പെടുന്നു. പരിക്കേറ്റ നാൽപ്പതോളം പേരിൽ അഞ്ചു കുട്ടികളുണ്ട്.
കടിയേറ്റ 29 പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും മൂന്നുപേരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും ഒരാളെ കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിംസ് ആശുപത്രിയിലുള്ള ടി.കെ. രാമചന്ദ്രൻ്റ മൂക്ക് നായ കടിച്ചു പറിച്ച നിലയിലാണ്. ഭീകരാന്തരീക്ഷം രൂപപ്പെട്ടതോടെ നാട്ടുകാർ സംഘങ്ങളായി തിരിഞ്ഞ് നായക്ക് പിന്നാലെ ഓടി. രാവിലെ 11.10 ഓടെയാണ് മുഴപ്പാല ചിറക്കാത്ത് നായയെ ചത്തനിലയിൽ കണ്ടെത്തിയത്.