സ്റ്റിച്ച് ചെയ്ത് ലഭിച്ച ഷർട്ടിന്റെ അളവുകൾ തികച്ചും തെറ്റായതിനാൽ അത് ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു
നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടൈലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ സി ഫൈൻസ് ജെൻ്റ്സ് ആൻഡ് ലേഡീസ് ടൈലറിങ് എന്ന ടൈലറിങ് സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. വാഗ്ദാനം ചെയ്തത് പോലെ സേവനം നൽകുന്നതിൽ എതിർകക്ഷി സ്ഥാപനം വീഴ്ച വരുത്തിയതായി ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
2023 ആഗസ്റ്റ് മാസം ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്യാറാക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ടൈലറിങ് സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ സ്റ്റിച്ച് ചെയ്ത് ലഭിച്ച ഷർട്ടിന്റെ അളവുകൾ തികച്ചും തെറ്റായതിനാൽ അത് ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. ഇതോടെ, ഷർട്ടിന്റെ തയ്യൽ ചാർജായി നൽകിയ 550 രൂപയും തുണിയുടെ വിലയായ 1,800 രൂപയും, മനഃക്ലേശത്തിന് നഷ്ടപരിഹാരമായി 5000 രൂപയും അടങ്ങിയ 12,350 രൂപ നൽകണമെന്ന് കോടതി ഉത്തരവ് നൽകി. 45 ദിവസത്തിനകം ഈ തുക പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
ALSO READ: 'മുഖ്യമന്ത്രിയുടെ മകളുടെ കേസ് എൽഡിഎഫിന്‍റെ കേസല്ല'; വീണയെ പ്രതിരോധിക്കാതെ സിപിഐ
2024 ജനുവരി മാസം ഷർട്ട് ശരിയാക്കി തരണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തെ ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും ഇവരിൽ നിന്ന് ലഭിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിക്കാതിരുന്നതോടെ ആണ് നടപടി ആവശ്യപ്പെട്ട് തോമസ് ജിമ്മി കോടതിയെ സമീപിച്ചത്. താൻ അനുഭവിച്ച മനഃക്ലേശത്തിനും സാമ്പത്തിക നഷ്ടങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ടായിരുന്നു തോമസ് കോടതിയെ സമീപിച്ചത്.