ആഭ്യന്തര സുരക്ഷാ ഏജൻസി തലവൻ റോണൻ ബാറിനെ പിരിച്ചുവിട്ട നെതന്യാഹുവിന്റെ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രയേലികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗാസയിലെ ആക്രമണങ്ങളിലൂടെ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം കൊടുക്കുന്ന വലതുപക്ഷ സഖ്യം രാജ്യത്തിന്റെ ജനാധിപത്യത്തിനു നേരെയാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ജറുസലേമിലും ടെൽ അവീവിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പ്രധാന ഹൈവേകളിലെ ഗതാഗതം തടസപ്പെട്ടു. കുറഞ്ഞത് 12 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.
ആഭ്യന്തര സുരക്ഷാ ഏജൻസി തലവൻ റോണൻ ബാറിനെ പിരിച്ചുവിട്ട നെതന്യാഹുവിന്റെ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഗാസയിലെ രണ്ട് മാസമായി തുടരുന്ന വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രയേൽ പ്രതിരോധ സേന വ്യോമാക്രമണം ആരംഭിച്ചതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. രാഷ്ട്രീയ കാരണങ്ങളാലാണ് നെതന്യാഹു സർക്കാർ യുദ്ധം തുടരുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഹമാസിന്റെ പിടിയിലുള്ള 59 ബന്ദികളുടെ (ഇതിൽ 24 പേർ മാത്രമാണ് ജീവനോടെയുള്ളതെന്നാണ് കരുതുന്നത്) കാര്യം ആലോചിക്കാതെയാണ് സർക്കാർ നീക്കമെന്നും വിമർശനമുണ്ട്.
ചൊവ്വാഴ്ച ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഗാസയിൽ 200 കുട്ടികൾ ഉൾപ്പെടെ 506 പലസ്തീനികൾ കൊല്ലപ്പെടുകയും 909 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 110 പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് കിഴക്കുള്ള അബാസൻ അൽ-കബീറ പട്ടണത്തിലെ തകർന്നുവീണ അവശിഷ്ടങ്ങളിൽ നിന്ന് ഗാസയിലെ വീടുകളെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഇസ്രയേലിൻ്റെ ആക്രമണം നടന്നതെന്ന് പലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ബാനി സുഹൈലയിലും, അബാസാൻ അൽ-കബീറയിലും, അൽ-ഫുഖാരിയിലെ അൽ-അമൂറിലും, റാഫയ്ക്കടുത്തുള്ള മോസ്ബെയിലെയും കുടുംബങ്ങളെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബെയ്റ്റ് ലാഹിയയ്ക്ക് സമീപമുള്ള ഒരു വീട്ടിലെ ഏഴ് പേർ കൊല്ലപ്പെട്ടുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
Also Read: ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസയിൽ 70ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇന്നലെയോടെയാണ് ഗാസയിൽ കരമാർഗമുള്ള ആക്രമണത്തിന് ഇസ്രയേൽ ആഹ്വാനം ചെയ്തത്. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി നേരത്തെ പിൻവാങ്ങിയ നെറ്റ്സാരിം ഇടനാഴിയുടെ ഒരു ഭാഗം തിരിച്ചുപിടിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.